
കേരളം ഇന്ന് നേരിടുന്ന പ്രധാന ഊർജ വെല്ലുവിളികളിലൊന്നാണ് വൈകുന്നേരങ്ങളിലെ വൈദ്യുതിയുടെ ഉയർന്ന ആവശ്യകത. പ്രത്യേകിച്ച് വൈകുന്നേരം 6 മുതൽ രാത്രി 10വരെയുള്ള പീക്ക് സമയത്ത് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനായി പുറത്തുനിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടി വരുന്നു. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക ബാദ്ധ്യത വർദ്ധിപ്പിക്കുന്നതിനൊപ്പം ഊർജസുരക്ഷയെയും ബാധിക്കുന്നു. ഈ സാഹചര്യത്തിൽ കേരളം ഗൗരവമായി പരിഗണിക്കേണ്ട സാങ്കേതിക പരിഹാരമാണ് Battery Energy Storage System (ബെസ്).
പകൽ സമയത്ത് സൗരോർജത്തിലൂടെയോ താരതമ്യേന കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുന്ന സമയങ്ങളിലോ ബാറ്ററികളിൽ വൈദ്യുതി സംഭരിക്കുകയും ആവശ്യകത ഏറ്റവും കൂടുതലുള്ള പീക്ക് സമയത്ത് അത് ഉപയോഗിക്കുകയും ചെയ്യുന്ന സംവിധാനമാണിത്.
വൈദ്യുതി ഉത്പാദിപ്പിക്കുന്നതുപോലെ തന്നെ ഉത്പാദിപ്പിച്ച വൈദ്യുതി ആവശ്യമായ സമയത്ത് ഉപയോഗിക്കാൻ സംഭരിച്ചുവയ്ക്കുക എന്നതും ഇന്നത്തെ ഊർജമേഖലയിൽ നിർണായകമാണ്.
സംസ്ഥാനത്ത് ഹോട്ടലുകൾ,ആശുപത്രികൾ,ഷോപ്പിംഗ് മാളുകൾ, വ്യവസായശാലകൾ,വാണിജ്യ സമുച്ചയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി വലിയ വൈദ്യുതി ഉപഭോഗമുള്ള ആയിരക്കണക്കിന് സ്ഥാപനങ്ങളുണ്ട്. ഇത്തരം 10,000 സ്ഥാപനങ്ങളിൽ ശരാശരി 200 കിലോവാട്ട് വീതം പീക്ക് സമയത്ത് വൈദ്യുതി നൽകാൻ കഴിയുന്ന ബെസ് സംവിധാനങ്ങൾ സ്ഥാപിച്ചാൽ
10,000 × 200 kW = 20,00,000 kW = 2,000 MW (2 GW). അതായത് ഒരേസമയം 2,000 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാക്കാനുള്ള വലിയ സാദ്ധ്യതയാണുള്ളത്.
സാമ്പിൾ പഠനം
കേരളത്തിലെ വലിയ വൈദ്യുതി ഉപഭോഗമുള്ള ഒരു ആശുപത്രിയുടെയും ഒരു ഹോട്ടലിന്റെയും കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്ലുകൾ പഠനവിധേയമാക്കിയപ്പോൾ ശ്രദ്ധേയമായ ചില വസ്തുതകൾ വ്യക്തമായി. സ്ഥാപനങ്ങളുടെ പേരുകൾ വെളിപ്പെടുത്താതെ യഥാർത്ഥ ബിൽ കണക്ക് ഇങ്ങനെ:
ഈ ആശുപത്രിയുടെ Connected Load ഏകദേശം 2,000 kW ആണ്. ഇതിനകം 425 kW ശേഷിയുള്ള സൗരോർജ നിലയം സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തെ വൈദ്യുതി ഉപഭോഗത്തിന്റെ വിവരങ്ങൾ (യൂണിറ്റിൽ): Solar Generation- 52,480, Normal-hour Grid Import- 79,163, Peak-hour Grid Import- 36,666, Off-peak Grid Import 64,211, ആകെ Grid Import- 1,80,040, Grid Export- 7. ഈ കണക്കുകൾ പരിശോധിക്കുമ്പോൾ പീക്ക് സമയത്ത് മാത്രം 36,666 യൂണിറ്റ് വൈദ്യുതിയാണ് ഗ്രിഡിൽനിന്ന് ഉപയോഗിച്ചിരിക്കുന്നത്. ഈ ആശുപത്രിയിൽ 1.2 MW ശേഷിയുള്ള ബെസ് സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യത പരിഗണിക്കാം. പീക്ക് സമയത്തെ ആവശ്യകതയുടെ അനുയോജ്യമായൊരു ഭാഗം ബാറ്ററിയിൽ സംഭരിച്ച വൈദ്യുതി ഉപയോഗിച്ച് നിറവേറ്റാൻ കഴിഞ്ഞാൽ ഉയർന്ന നിരക്കിലുള്ള വൈദ്യുതി വാങ്ങൽ കുറയ്ക്കാൻ സാധിക്കും.
രണ്ടാമതായി പഠനവിധേയമാക്കിയത് HT IV(B) Commercial Tariff വിഭാഗത്തിൽപ്പെടുന്ന ഒരു ഹോട്ടലിന്റെ വൈദ്യുതി ബില്ലാണ്. ഈ വിഭാഗത്തിൽ പീക്ക് സമയത്തെ യൂണിറ്റ് നിരക്ക് സാധാരണ സമയത്തേക്കാൾ 50ശതമാനം കൂടുതലും ഓഫ് പീക്ക് സമയത്തെ നിരക്ക് 25 ശതമാനം കുറവുമാണ്. കഴിഞ്ഞ മാസത്തെ വൈദ്യുതി ഉപഭോഗവും നിരക്കുകളും: (സമയം, യൂണിറ്റ്, യൂണിറ്റ് നിരക്ക്, തുക ക്രമത്തിൽ): Peak (6 PM–10 PM)- 6,702- ₹11.85- ₹79,418.70. Normal (6 AM–6 PM)- 19,886, ₹7.90, ₹1,57,099.40. Off-peak (10 PM–6 AM)- 6,376, ₹5.925, ₹37,777.80. പീക്ക് സമയത്തെ യൂണിറ്റ് നിരക്ക് ₹11.85 ആണ്. അതേസമയം ഓഫ് പീക്ക് സമയത്ത് ₹5.925 മാത്രം.
അതായത്, കുറഞ്ഞ നിരക്കിലുള്ള സമയത്ത് ബാറ്ററി ചാർജ് ചെയ്ത് ഉയർന്ന നിരക്കിലുള്ള പീക്ക് സമയത്ത് ഉപയോഗിക്കാൻ കഴിഞ്ഞാൽ വൈദ്യുതി ചെലവിൽ ഗണ്യമായ ലാഭസാദ്ധ്യതയുണ്ട്.
ഈ ഹോട്ടലിൽ 100 kW ശേഷിയുള്ള സോളാർപ്ളാന്റും 300 kW ശേഷിയുള്ള ബെസ് സംവിധാനവും സ്ഥാപിക്കാം. പദ്ധതി, പ്രതീക്ഷിക്കുന്ന ചെലവ് ക്രമത്തിൽ: 100 kW Solar Installation- ₹30 ലക്ഷം. 300 kW BESS Installation- ₹42 ലക്ഷം. ആകെ നിക്ഷേപം ₹72 ലക്ഷം.
സർക്കാർ ഇടപെടൽ
അനിവാര്യം
കേന്ദ്ര സർക്കാർ Battery Energy Storage മേഖലയ്ക്ക് നൽകുന്ന പ്രോത്സാഹനങ്ങളും Viability Gap Funding (VGF) പോലുള്ള സാമ്പത്തിക സഹായങ്ങളും കേരളത്തിലെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിലേക്കും പ്രയോജനകരമായി എത്തിക്കേണ്ടതുണ്ട്. എന്നാൽ നിലവിലുള്ള VGF പദ്ധതികളിലെ അർഹതാ മാനദണ്ഡങ്ങൾ പരിശോധിക്കാതെ ഓരോ സ്വകാര്യ സ്ഥാപനത്തിനും നേരിട്ട് സഹായം ലഭിക്കുമെന്ന് കരുതാനാവില്ല. അതിനാൽ സ്വകാര്യ സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുന്ന പ്രത്യേക പ്രോത്സാഹന പദ്ധതികൾ രൂപപ്പെടുത്താൻ സർക്കാർ മുൻകൈയെടുക്കണം.
സംസ്ഥാന സർക്കാർ, KSEBL, സ്വകാര്യ സംരംഭകർ, ബാറ്ററി നിർമ്മാതാക്കൾ, സോളാർ കമ്പനികൾ എന്നിവർ സംയുക്തമായി ഒരു സമഗ്ര ബെസ് പ്രോത്സാഹന പദ്ധതി ആവിഷ്കരിക്കണം. ആദ്യഘട്ടത്തിൽ ആശുപത്രികൾ, ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പൈലറ്റ് പദ്ധതികൾ നടപ്പിലാക്കണം. അവയുടെ സാങ്കേതികവും സാമ്പത്തികവുമായ നേട്ടങ്ങൾ വിലയിരുത്തിയശേഷം 10,000സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള കർമ്മപദ്ധതി തയ്യാറാക്കണം. കേരളം ഇനി ചിന്തിക്കേണ്ടത് ഊർജസംഭരണത്തെ കുറിച്ചാണ്. കേരളത്തിന്റെ ഊർജഭാവി സുരക്ഷിതമാക്കാൻ കൂടുതൽ വൈദ്യുതി പുറത്തുനിന്ന് വാങ്ങുക എന്നത് മാത്രമല്ല പരിഹാരം.
(കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥനും എക്സ്ട്രാഗ്രിഡ് ടെക്നോളജീസ് (പി) ലിമിറ്റഡിന്റെ സി.എം.ഡിയുമാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |