
അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരായ ഇന്ത്യൻ പൗരന്മാരെ അമേരിക്കൻ പട്ടാളത്തിന്റെ വിമാനത്തിൽ കയറ്റി തിരിച്ചയച്ചു എന്നുള്ളത് എല്ലാവർക്കും അറിയാം. അതിൽ പ്രതിഷേധമുണ്ടാകാനുള്ള ഒരു കാര്യം, അവരെ കൈയിലും കാലിലും വിലങ്ങണിയിച്ചിരുന്നുവെന്നതാണ്. കുറ്റവാളികളെ വിലങ്ങണിയിക്കുക എന്നത് ഇന്ത്യൻ ശിക്ഷാനിയമത്തിലുമുള്ള ഏർപ്പാടാണ്. പക്ഷേ ഇന്ത്യൻ സുപ്രീം കോടതി വിലങ്ങിന്റെ കാര്യത്തിൽ ചില നിബന്ധനകൾ പുറപ്പെടുവിച്ചതോടെ ഫലത്തിൽ വിലങ്ങു വയ്ക്കരുത് എന്ന രീതിയിലാവുകയും ചെയ്തു. നമുക്ക് ഇതൊരു ഭീകരസംഭവമായി തോന്നിയാലും അമേരിക്കയിൽ ട്രാഫിക് നിയമലംഘനം മുതൽ ചെറിയ കുറ്റങ്ങൾക്കു വരെ അമേരിക്കൻ ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ എന്ന പൊലീസ് ആളുകളെ പിടിച്ചാൽ കൈകൾ പിന്നിൽ കെട്ടി വിലങ്ങണിയിക്കുന്നത് പതിവാണ്.
വിമാനത്തിലിരുന്ന് എന്തെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള സാദ്ധ്യത ഒഴിവാക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് അമേരിക്ക അവരെ വിലങ്ങു വച്ചത്. അതേ കാരണംകൊണ്ടാണ് സാധാരണ യാത്രാവിമാനത്തിൽ കൊണ്ടുവരാതെ പട്ടാള വിമാനം ഉപയോഗിച്ചത്. യാത്രാവിമാനത്തേക്കാൾ നാലിരട്ടി ചെലവാണ് പട്ടാള വിമാനത്തിന്. എന്നിട്ടും അമേരിക്ക അതു ചെയ്തത് ശക്തമായ ഒരു സന്ദേശം അനധികൃത കുടിയേറ്റക്കാർക്ക് നൽകാൻ വേണ്ടിയാണ്. അനധികൃതമായി കുടിയേറിയ 18,000 പേർ അമേരിക്കയിൽ ഉണ്ടെന്നു കണ്ടെത്തുകയും ഭാരതം ശരിവയ്ക്കുകയും ചെയ്തതാണ്. അവരെ തിരിച്ചയയ്ക്കുമെന്ന ധാരണ എത്രയോ മാസങ്ങൾക്കു മുമ്പ് ഇരുരാജ്യങ്ങളും തമ്മിലുണ്ട്. ഒബാമയുടെയും ജോ ബൈഡന്റെയും ട്രംപിന്റെയും കാലത്തും ഇത് നടന്നിരുന്നു. വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരം 2009-ൽ 734 പേർ തിരിച്ചയയ്ക്കപ്പെട്ടു. 2010-ൽ 799 ആയി കൂടി. പിന്നെ കൂടിയും കുറഞ്ഞുമിരുന്നു. 2019-ൽ 2042-ഉം 2020-ൽ 1889-ഉം ആയി. 2025 ഫെബ്രുവരി 15 വരെ പുറത്താക്കപ്പെട്ടവർ 333 ആണ്. ഇനി ഈ വർഷം എത്രപേർ തിരിച്ചുവരുമെന്ന് ആർക്കുമറിയില്ല. ഏതായാലും ഇതൊരു തുടർ പ്രക്രിയയാണ്.
ഓരോ രാജ്യവും അവരുടെ കാഴ്ചപ്പാടിൽ സ്വന്തം പൗരന്മാർക്കു വേണ്ടിയാണ് നിലനിൽക്കുന്നതും പ്രവർത്തിക്കുന്നതും. മറ്റു രാജ്യങ്ങളിൽ നിന്ന് സുഖം തേടിവരുന്നവരെ പൊറുപ്പിക്കേണ്ട ചുമതല രാജ്യത്തിനില്ല എന്ന് അവർ കരുതുന്നു. ജനസംഖ്യ കുറവുള്ള യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും വലിയ നിയന്ത്രണമൊന്നുമില്ലാതെ കുടിയേറ്റക്കാരെ അനുവദിച്ചിരുന്നു. ഇപ്പോൾ കുടിയേറ്റക്കാർ ബാദ്ധ്യതയും പ്രശ്നവുമായി മാറിയപ്പോഴാണ് ഡാെണാൾഡ് ട്രംപ് അനധികൃത കുടിയയേറ്റക്കാരെ പുറത്താക്കാൻ തീരുമാനിച്ചത്. നിയമവിധേയമായി കുടിയേറിയവരെ തൊടുന്നില്ല എന്നതും മനസിലാക്കണം.
തിരിച്ചയച്ചവരെ വിലങ്ങു വയ്ക്കണമായിരുന്നുവോ എന്നത് ഭാരതത്തിൽ ചർച്ചാവിഷയമായെങ്കിലും പാർലമെന്റിൽ വിഷയം ഉന്നയിച്ചവർ അക്കാര്യം പുറത്ത് ഒരു വേദിയിലും മിണ്ടിയില്ല. പ്രതിഷേധിക്കുന്നവർക്ക് അമേരിക്ക പ്രവേശന വിലക്കേർപ്പെടുത്തിയാൽ എന്തു ചെയ്യുമെന്ന ഭയം തന്നെയാണ് കാരണം. ട്രംപ് അതിനും മടിക്കാത്തയാളാണ്. ചുരുക്കത്തിൽ നമ്മുടെ രാഷ്ട്രീയക്കാരെല്ലാം ട്രംപിനെ ഭയന്നേ പറ്റൂ. ബ്രണ്ണൻ കോളേജിൽ ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ വന്ന മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സ അമേരിക്കയിലാണ്. അദ്ദേഹത്തിന് ഇന്ത്യൻ ആശുപത്രികളിലോ ഡോക്ടർമാരിലോ വിശ്വാസമില്ലാഞ്ഞിട്ടാണോ എന്നറിയില്ല. നമ്മുടെ മുഖ്യമന്ത്രിക്കു പോലും അമേരിക്കയെ വിമർശിക്കാൻ ഭയമാണ്.
അമേരിക്കയിലേക്ക് ആളെ കടത്തുന്ന സംഘങ്ങളുണ്ടെന്നും ആളെക്കടത്ത് കണ്ടുപിടിക്കാനായി അമേരിക്കയുമായി സഹകരിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്യമായി പറഞ്ഞിട്ടുണ്ട്. അമേരിക്കയിലേക്ക് ആളെ കടത്തുന്ന ഏജൻസികൾ എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ ആന്ധ്രാപ്രദേശാണ്. 498 ഏജൻസികളാണ് അവിടെയുള്ളത്. ഉത്തർപ്രദേശിൽ 415, തമിഴ്നാട്ടിൽ 372, മഹാരാഷ്ട്രയിൽ 337, കേരളത്തിൽ 206... ഇങ്ങനെ പോകുന്നു സംസ്ഥാനം തിരിച്ചുള്ള കണക്ക്. അമേരിക്കൻ വിസ എടുത്തുകൊടുക്കുമെന്ന പരസ്യങ്ങൾ കേരളത്തിലെവിടെയും കാണാൻ പറ്റും. അമേരിക്കയ്ക്കു പോകാൻ ആഗ്രഹമുള്ളവർ ഇവരെയൊക്കെ പോയി കാണുകയും ചതിക്കുഴിയിൽ പെടുകയും ചെയ്യും.
എട്ടു മാസത്തിനുള്ളിൽ രണ്ടു തവണ അമേരിക്കയിൽ നിന്ന് തിരിച്ചയയ്ക്കപ്പെട്ടയാൾ ഇപ്പോൾ വന്ന കൂട്ടത്തിലുണ്ട്. രണ്ടു ട്രിപ്പിനും യാത്രയ്ക്ക് അയാൾ കൊടുത്തത് 35 ലക്ഷം രൂപ വീതമാണ്. ഇത്രയും തുക കയ്യിലുള്ളയാൾ ഭാരതത്തിൽ എന്തെങ്കിലും വ്യവസായമോ കച്ചവടമോ തുടങ്ങിയാൽ സുഖമായി ജീവിച്ചുപോകാം. ഇല്ലെങ്കിൽ ബാങ്കിലിട്ടാൽ പലിശകൊണ്ട് ജീവിക്കാമായിരുന്നു. സി.ബി.ഐ, എൻ.ഐ.എ, ഇ.ഡി, ലോക്കൽ പൊലീസ് എന്നീ ഏജൻസികൾ തിരിച്ചുവന്നവരെ കാത്ത് എയർപോർട്ടിലുണ്ടായിരുന്നു. മൊത്തം വന്ന 333 പേരിലും അഞ്ചുപേർ ഇന്ത്യയിൽ കുറ്റകൃത്യം ചെയ്ത് അമേരിക്കയിലേക്കു കടന്നവരാണ്. അമേരിക്കയ്ക്ക് ഇന്ത്യ കൊടുത്ത കണക്കനുസരിച്ച് 4600 കുറ്റവാളികൾ അമേരിക്കയിലേക്ക് രക്ഷപ്പെട്ടിട്ടുണ്ട്. അവരെ തിരിച്ചുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുമുണ്ട്. അവരെയും കൂടെ ചേർത്താണ് മൊത്തം 18,000 എന്ന കണക്ക് അമേരിക്ക പുറത്തുവിട്ടത്.
വിലങ്ങുവച്ച് പട്ടാള വിമാനത്തിലെങ്കിലും തിരിച്ചയച്ചതിന് നമ്മൾ അമേരിക്കയോട് നന്ദി പറയണം. കുറ്റവാളികൾ എന്ന നിലയ്ക്ക് അമേരിക്കയ്ക്ക് ഇവരെ ഗ്വണ്ടനാമോ ജയിലിലേക്ക് അയയ്ക്കാമായിരുന്നു. മെക്സിക്കോയിൽ നിന്ന് മതിൽചാടി വന്നവരെ അങ്ങോട്ടേയ്ക്കു തന്നെ അയയ്ക്കുമെന്നോ കാനഡയിൽ നിന്ന് നുഴഞ്ഞുകയറി വന്നവരെ അവിടേയ്ക്കു തന്നെ തിരിച്ചുവിടുമെന്നോ അമേരിക്ക പറഞ്ഞിരുന്നുവെങ്കിൽ നമ്മൾ കുടുങ്ങിപ്പോയേനെ. പോയ മാർഗത്തിലൂടെ മെക്സിക്കോയിൽ നിന്ന് ഇവർക്ക് മടക്കയാത്ര സാധിക്കില്ല. ഭാരതത്തിൽ നിന്ന് അമേരിക്കയിലേക്ക് നുഴഞ്ഞു കയറുന്നവർ ശ്രീലങ്ക, മാലി ദ്വീപ്, പാകിസ്ഥാൻ, ഖത്തർ, കോസ്റ്റാറിക്ക, മെക്സിക്കോ... പിന്നെ നാലുദിവസം കാട്ടിലൂടെ നടപ്പ്- ഇങ്ങനെ വളരെ ബുദ്ധിമുട്ടിയാണ് ഒരിടത്തും അനുമതിയില്ലാതെ യാത്ര ചെയ്യുന്നത്.
തിരികെ മതിൽകയറ്റി വിടാമെന്നു പറഞ്ഞാൽ അവിടെക്കിടന്ന് മരിക്കുകയല്ലാതെ വേറെ മാർഗമൊന്നുമില്ല. അതിനാൽ വിലങ്ങുവച്ചാണെങ്കിലും അവരെ ജീവനോടെ തിരിച്ചുകിട്ടിയതിന് നാം അമേരിക്കയോട് നന്ദി പറയണം. ആർക്കും എപ്പോഴും കയറിവരാവുന്ന, ഏത് റോഹിങ്ക്യൻ വിപ്ളവകാരിക്കും കയറിവരാവുന്ന ഭാരതം പോലെ ഒരു ധർമ്മശാലയല്ല അമേരിക്ക. ഭാരതം ഒരു ധർമ്മശാലയായി തുടരണമോ എന്ന ചോദ്യം നമ്മളും ചോദിക്കേണ്ടിയിരിക്കുന്നു. ആ ചോദ്യത്തിന് ഫലപ്രദമായ ഉത്തരം കണ്ടെത്തിയാൽ മാത്രമേ ഭാരതത്തിലെ പൗരത്വപ്രശ്നത്തിന് ഒരു അന്ത്യമുണ്ടാവുകയുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |