SignIn
Kerala Kaumudi Online
Friday, 23 October 2026 12.36 PM IST

ഇരുമ്പുമറ വിട്ടിറങ്ങി ഇ.ഡി

ed

സാമ്പത്തിക തട്ടിപ്പുകളുടെ വിളനിലമാണ് കേരളം. മോഹന വാഗ്ദാനം നൽകി മലയാളിയുടെ കൂലിപ്പണം പോലും തട്ടിയെടുക്കുന്നവർ ഒരു ഭാഗത്ത്. സുരക്ഷിത നിക്ഷേപം നടത്തുന്നവരെപ്പോലും അടപടലം വഞ്ചിക്കുന്നവർ മറുഭാഗത്ത്. കരുവന്നൂർ, കണ്ടല തുടങ്ങിയ സഹകരണ ബാങ്ക് തട്ടിപ്പിലും ഹൈറിച്ച്, പോപ്പുലർ ഫിനാൻസ് തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളുടെ തട്ടിപ്പിലും പലർക്കും നഷ്ടമായത് ജീവിതകാല സമ്പാദ്യങ്ങളാണ്.

സ്വകാര്യ പണമിടപടപാടുകാർക്ക് തലവച്ചു കൊടുത്തവർ കൊള്ളലാഭം പ്രതീക്ഷിച്ച് റിസ്‌കെടുത്തവരായതുകൊണ്ട് സഹതാപം അർഹിക്കുന്നില്ല. എന്നാൽ, ഔദ്യോഗിക സംവിധാനമായ സഹകരണ ബാങ്കുകളിൽ നടന്ന തട്ടിപ്പുകൾ കടുത്ത ക്രൂരതയായി. രാഷ്ട്രീയ യജമാനന്മാരുടെ ആഞ്ജാനുസരണം വായ്പകൾ ബിനാമികളിലേക്ക് ഒഴുകി. തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ സൗധങ്ങൾ കെട്ടിപ്പൊക്കി. കള്ളപ്പണം മറി‌ഞ്ഞു. മനസറിയാത്ത കാര്യത്തിന് പലർക്കും ജപ്തി നോട്ടീസുകൾ കിട്ടി. ബാങ്കുകൾ പൊട്ടിയതറിഞ്ഞ് പണം തിരികെ ചോദിച്ചവരെ ഭരണ സമിതി പുച്ഛിച്ചു. അവരവർക്ക് വേണ്ടപ്പെട്ടവരുടെ നിക്ഷേപങ്ങൾ സേഫാക്കാനും രേഖകൾ നശിപ്പിക്കാനുമായി അടുത്ത ശ്രമം.

100 കോടിയുടെ വായ്പാ തട്ടിപ്പുനടന്ന കരുവന്നൂർ ബാങ്കിന് മുന്നിലാണ് ഏറ്റവും നാടകീയ സംഭവങ്ങളുണ്ടായത്. മകളെ കെട്ടിക്കാനും ഗുരുതരരോഗ ചികിത്സയ്ക്കും മറ്റും നിക്ഷേപം കരുതിവച്ചവർക്കാണ് തിരിച്ചടിയുണ്ടായത്. പലരും ആത്മാഹുതി ഭീഷണി മുഴക്കിയിട്ടും കനിവുണ്ടായില്ല. ക്രൈംബ്രാഞ്ച് അന്വേഷണങ്ങൾ ചില ഉദ്യോഗസ്ഥരുടേയും അറസ്റ്റിൽ ഒതുങ്ങി. ഒടുവിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് എത്തി പല ഉന്നതരേയും കുടുക്കി, രേഖകളും പിടിച്ചെടുത്തു. പത്തിലധികം സഹകരണ ബാങ്ക് തട്ടിപ്പുകളാണ് ഇ.ഡി. അന്വേഷിക്കുന്നത്. രാഷ്ട്രീയ സമ്മർദ്ദക്കൾക്കിടയിലും അന്വേഷണം പൂർത്തിയായി വരികയാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ തട്ടിപ്പുകളിൽ കുറ്റപത്രവും നൽകാനായി.

ഇതിനിടയിലാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്ത പണം ഇരകൾക്ക് തിരികെ നൽകുന്ന നടപടികൾക്ക് കേരളത്തിലും ഇ.ഡി. തുടക്കം കുറിച്ചത്. കഴിഞ്ഞ ദിവസം കൊച്ചിയിലെ മേഖലാ ഓഫീസിൽ വച്ചായിരുന്നു ചെക്ക് വിതരണം. തിരുവനന്തപുരം കാരക്കോണം മെഡിക്കൽ കോളേജിൽ മക്കൾക്ക് സീറ്റ് ലഭിക്കാനായി കോഴ നൽകി വഞ്ചിക്കപ്പെട്ടവർക്കാണ് പണം തിരികെ ലഭിച്ചത്.

വിപുലമായ

അധികാരങ്ങൾ

ഇ.ഡിക്ക് നിയമപ്രകാരം വിപുലമായ അധികാരങ്ങളാണുള്ളത്. ആർക്കെതിരേയും കേസെടുക്കാനും അകത്താക്കാനും വലിയ കടമ്പകളൊന്നുമില്ല. മുഖ്യമന്ത്രിമാരെയടക്കം അഴിയെണ്ണിച്ച സമീകാല ചരിത്രവുമുണ്ട്. ഇ.ഡിയുടേത് അമിതാധികാരമെണെന്ന വിഷയം സുപ്രീം കോടതിയിൽ പലരും ഉന്നയിച്ചതുമാണ്. വിപുലമായ ഇതേ അധികാരങ്ങൾ തന്നെയാണ് തട്ടിപ്പുപണം പിടിച്ചെടുത്ത് വിതരണം ചെയ്യുന്ന കാര്യത്തിൽ അനുഗ്രഹമാകുന്നത്. കള്ളപ്പണം ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസുകളിൽ പൊലീസിന് പരിമതികളുണ്ട്. പണം കൈയോടെ പിടിച്ചടുത്താൽ പോലും കോടതി നടപടികളിലൂടെ മാത്രമേ തുടർനടപടികൾ സാദ്ധ്യമാകൂ. കേസുകളും അപ്പീലുകളുമെല്ലാം കഴിഞ്ഞ് ഇരകൾക്ക് ഏതെങ്കിലും കാലത്ത് നഷ്ടപരിഹാരം കിട്ടായാലായി. എന്നാൽ വിചാരണയ്ക്ക് മുമ്പ് തന്നേ പിടിച്ചെടുത്ത തുക അർഹരായ ഇരകൾക്ക് വിതരണം ചെയ്യാനാകുന്ന വിധമാണ് ഇ.ഡിയുടെ അധികാരങ്ങൾ.

കാരക്കോണം കേസിൽ പിടി ച്ചെടുത്ത 92.25 ലക്ഷം രൂപയിൽ 89.75 ലക്ഷം രൂപയാണ് പണം നഷ്ടപ്പെട്ടവർക്ക് കൈമാറിയത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ നിക്ഷേപകർക്ക് പണം നൽ കാൻ ഇ.ഡി. തയ്യാറായിട്ടുണ്ട്. കണ്ടുകെട്ടിയ 129 കോടിയുടെ സ്വത്തുക്കൾ ബാങ്കിന് കൈമാറാമെന്നും അറിയിച്ചിട്ടുണ്ട്. ബാങ്കിനെ ഇരകളുടെ സ്ഥാനത്തുകണ്ടാണ് ബന്ധപ്പെട്ട നിയമനടപടികൾ ഇ.ഡി. മുന്നോട്ടു നീക്കുന്നത്. എന്നാൽ പലതവണ കത്തയച്ചിട്ടും കരുവന്നൂർ ബാങ്ക് ഇവ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടില്ല. എങ്കിലും നിക്ഷേപകർക്ക് പ്രത്യാശ കൈവന്നിട്ടുണ്ട്. സ്വത്ത് ബാങ്ക് സ്വീകരിച്ചശേഷം ലേലം ചെയ്ത് പണം കണ്ടെത്തി വേണം നഷ്ടപ്പെട്ടവർക്ക് കൈമാറാൻ. രാഷ്ട്രീയ തീരുമാനം വരാതെ തുടർനടപടിയെടുക്കാനാകില്ലെന്നാണ് ബാങ്കിന്റെ നിലപാട്.

പാതിവിലത്തട്ടിപ്പിലും

പ്രതീക്ഷ

കാരക്കോണം, കരുവന്നൂർ കേസുകൾക്ക് പുറമേ കണ്ടല ബാങ്ക്, ഹൈറിച്ച്, പോപ്പുലർ ഫിനാൻസ്, മാസ്റ്റേഴ്സ് ഫിൻസേർവ്, കേച്ചേരി എന്റർപ്രൈസസ് തുടങ്ങിയ തട്ടിപ്പുകേസുകളിലും നിക്ഷേപകർക്ക് പണം തിരിച്ചുകൊടുക്കാൻ ഇ.ഡി. പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സമീപകാലത്ത് കോളിളക്കം സൃഷ്ടിച്ച പകുതി വില സ്കൂട്ടർ തട്ടിപ്പു കേസും ഇ.ഡി ഏറ്റെടുത്തത് പണം നഷ്ടപ്പെട്ടവരെ സംബന്ധിച്ച് ആശാവഹമായ കാര്യമാണ്. സാധാരണക്കാരായ ഒട്ടേറെ സ്ത്രീകൾ പകുതിവില തട്ടിപ്പിനിരയായിട്ടുണ്ട്. ഏകദേശം 31,000 പേർക്കായി 20 കോടിയുടെ ബാദ്ധ്യതയാണ് മുഖ്യപ്രതി അനന്തു കൃഷ്ണനുള്ളതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. മിക്കവർക്കും നഷ്ടമായ തുക ലക്ഷത്തിൽ താഴെയാണ്. ഇ.ഡി. ഇടപെട്ടാൽ പ്രതിയുടെ സ്വത്തുകണ്ടുകെട്ടൽ വേഗത്തിലാക്കാനാകും. വിചാരണയ്ക്ക് മുമ്പുതന്നെ പിടിച്ചെടുത്ത തുക തിരിച്ചുകൊടുക്കുന്നതിനും സാധിക്കും.

കാരക്കോണം മെഡിക്കൽ കോളേജ് കേസിൽ ബിഷപ്പ് ധർമ്മരാജ് റസാലം, കോളേജ് ഡയറക്ടർ ബെന്നറ്റ് എബ്രഹാം തുടങ്ങിയവർ പ്രതികളാണ്. ഇവർ നിന്ന് കുറ്റവിമുക്തരാകുന്ന പക്ഷം കൈറ്റപ്പറ്റിയ തുക കോടതിയിൽ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ഇരകൾക്ക് ഇ.ഡി. ചെക്ക് കൈമാറിയിട്ടുള്ളത്. ചില കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടിയത് നിയമപ്രശ്നങ്ങൾക്ക് വഴിവയ്ക്കാറുമുണ്ട്. എങ്കിലും സ്വാഗതാർഹമാണ് ഇ.ഡിയുടെ പുതിയ ജനകീയ സമീപനം. തട്ടിപ്പുകാർക്ക് ശക്തമായ ഒരു താക്കീതുകൂടിയാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION