SignIn
Kerala Kaumudi Online
Monday, 12 October 2026 1.51 AM IST

വാഗ്‌ദേവതയുടെ വസന്തതിലകം 

d

ഭാരതീയ സംസ്‌കാരത്തിന്റെ പവിത്രത തുടിച്ചു നിൽക്കുന്ന പുണ്യദിനങ്ങളാണ് നവരാത്രിയിലൂടെ ഇതൾ വിരിയുന്നത്. ജാതിമത ഭിന്നതകളേതുമേ തീണ്ടിയിട്ടില്ലാത്ത വിശുദ്ധതയാണ് ഈ പ്രകാശോത്സവത്തിന്റെ ആത്മസത്ത



'വിത്തമെന്തിനു മർത്യർക്ക് വിദ്യ കൈവശമാകുകിൽ​ വെണ്ണയുണ്ടെങ്കിൽ നറുനെയ്യ് വേറിട്ടു കരുതേണമോ' എന്ന് അരുളി ചെയ്ത കവി പ്രതിഭയ്ക്ക് മുന്നിൽ ശിരസ് താനെ കുനിയുമ്പോൾ അന്തരംഗത്തിൽ വിടർന്നുല്ലസിക്കുന്ന വെള്ളത്താമരയിൽ നിറഞ്ഞു നിൽക്കുന്ന ശ്രീസരസ്വതീ രൂപം.

'സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർഭവതുമേ സദാ'.

വിദ്യ കൊണ്ടേ വിനയമുണ്ടാകൂ. വിനയമുണ്ടെങ്കിലേ വിദ്വാനാകൂ. വിദ്യാധനം ഏറും തോറും വിത്തവനായി മാറും. വിശേഷബുദ്ധിയും തോന്നും. അതേ, അറിവില്ലായ്മയുടെ ഇരുട്ടിൽ നിന്നും അറിവിന്റെ അതിരറ്റ മേഖലയിലേക്കുള്ള തുടക്കം. അതാണ് വിജയദശമിയിലെ വിദ്യാരംഭം.

ശുക്ലപ്രതിപദം മുതലുള്ള ഒൻപത് രാത്രികളെ ചേർത്താണ് നവരാത്രി എന്നു പറയുന്നത്. ഇവയിൽ വ്രതാരംഭത്തിലുള്ള ത്രിദിനങ്ങളിൽ ദുർഗ്ഗാദേവിയെ പൂജിക്കുന്നു. തുടർന്നുള്ള മൂന്നുദിവസങ്ങളിൽ ലക്ഷ്മി ഭഗവതിയെ പൂജിക്കുന്നു. ഒടുവിലത്തെ മൂന്ന് ദിവസങ്ങളിൽ വിദ്യാധിപതിയായ സരസ്വതീദേവിയെ പൂജിക്കുന്നു. വിജയദശമി ദിനത്തിലെ വിശിഷ്ടാരാധനളോടെ നവരാത്രി പര്യവസാനിക്കുന്നു. ഇതിൽ ആയുധപൂജ ദുർഗ്ഗാദേവിക്ക് വേണ്ടിയാണ്.


ലക്ഷ്മിദേവിയെ ഐശ്വര്യലബ്ധിക്കായി പൂജിക്കുന്നു. വാഗീശ്വരിയായ സരസ്വതീ ദേവിക്ക് മുന്നിൽ വിജ്ഞാന ലാഭത്തിനായും പൂജ ചെയ്യുന്നു. അക്ഷരങ്ങളാകുന്ന ശരീരത്തോട് കൂടിയവളാണ് ശ്രീസരസ്വതീദേവി. അമൃതവർഷിണിയാണ്. കമലാസനസ്ഥയായ ദേവിക്കധീനമാണ് സംഗീതസാഹിത്യാദി കലകളെല്ലാം തന്നെ. വിദ്യാഐശ്വര്യ സിദ്ധിക്കായി സരസ്വതി, ലക്ഷ്മി, ദുർഗ്ഗാദേവതകളെ പൂജിക്കുന്നു. ഈ ശക്ത്യുപാസന നമ്മെ ഉയരങ്ങളിലേക്ക് നയിക്കുന്നു.
വിജയത്തിലേക്കുള്ള പടവുകളാണ് ഭക്തിയും പ്രയത്നിക്കാനുള്ള ശക്തിയും. ഇവയ്ക്ക് രണ്ടിനും വേണ്ടത് ആത്മവിശ്വാസമാണ്.

ശക്തിയുടെ ഭാവങ്ങളാണ് സാഹിത്യവും സംഗീതവും മറ്റും. അതുകൊണ്ടുതന്നെയാണ് ശക്തിയെ പൂജിച്ചു പോരുന്നതും. ഭാരതീയ സംസ്‌കാരത്തിന്റെ പവിത്രത തുടിച്ചു നിൽക്കുന്ന പുണ്യദിനങ്ങളാണ് നവരാത്രിയിലൂടെ ഇതൾ വിരിയുന്നത്. ജാതിമത ഭിന്നതകളേതുമേ തീണ്ടിയിട്ടില്ലാത്ത വിശുദ്ധതയാണ് ഈ പ്രകാശോത്സവത്തിന്റെ ആത്മസത്ത. എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരും അവരവരുടെ ജീവിതായോധന ഉപകരണങ്ങൾ പൂജയ്ക്ക് വയ്ക്കുന്നു. ഈ സമർപ്പണം സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഒരുമയുടെയും മാതൃകകളാണ്.


അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്ന സുദിനം കൂടിയാണ് കന്നിമാസത്തിലെ വിജയദശമി. കേരളക്കരയുടെ മുക്കിനും മൂലയിലും ലാളിത്യത്തിന്റെ മുഗ്ദ്ധഭാവങ്ങൾ മിഴി തുറന്നു ചിരിക്കുന്ന സുദിനങ്ങളാണത്. തുടക്കത്തിലെ ചെറിയ ഒരു തേങ്ങലുമായി ആചാര്യപാദരുടെ തിരുമടിയിലമരുന്ന പിഞ്ചോമനകൾ അരിമണികളിൽ കുറിച്ചിടുന്ന വടിവില്ലാത്ത ഹരി:ശ്രീകളിൽ ഭാവിഭാരതത്തിന്റെ ഭാഗ്യതാരകങ്ങൾ മിന്നി തെളിയുകയാവാം.

കേരളപ്പഴമ തുടികൊട്ടി പാടുന്ന തുഞ്ചൻപറമ്പിലും വിദ്യാദേവതയെ തിരുഹൃദയത്തിലേറ്റി തിരുസഞ്ചാരം കൊണ്ടിരുന്ന ശ്രീനാരായണ ഗുരുദേവന്റെ സമാധിസ്ഥാനമായ ശിവഗിരി കുന്നുകളിലും ഇളംപൈതലുകൾ അറിവിന്നപാരതയിലേക്ക് എത്തിനോക്കുന്ന സുദിനം കൂടിയാണ് വിജയദശമി. അക്ഷരക്കിളിയായ ശാരികയെ തൃക്കൈയ്യിലേന്തി ശ്രീശാരദാംബ അഭയഹസ്തവുമായി വിരാജിക്കുന്ന പുണ്യക്ഷേത്രമാണ് ശിവഗിരിയുടെ താഴ്വരയിലെ ശ്രീശാരദാ മഠം. ആയിരങ്ങൾ വിദ്യയ്ക്ക് തുടക്കം കുറിക്കുന്ന ഈ ദിവ്യസന്നിധി അക്ഷരപ്രേമികൾക്ക് അഭയകേന്ദ്രമായി എന്നും വിളങ്ങി നിൽക്കുന്നു.

മനസിന്റെ അകളങ്കിതഭാവം നിലനിൽക്കുന്നതിനും വിശ്വവിജ്ഞാനത്തിന്റെ മണിമുത്തുകൾ വാരിയെടുക്കുവാനും ജഗദംബികയും നാരായണഗുരുപ്രിയയുമായ ശ്രീശാരദാംബയെ നമ്മൾ ഉപാസിക്കുന്നു. അറിവിന്റെ വെളിച്ചത്തിലേക്ക് നാം കൂടുതൽ കൂടുതൽ ഇറങ്ങിച്ചെല്ലുന്തോറും നമ്മിലുള്ള അജ്ഞത എത്രമാത്രം വലുതാണെന്ന് ആത്മപരിശോധന നടത്തുവാനും കഴിയുന്നു. ഈ ആത്മപരിശോധനയ്ക്കുതകുന്ന പുണ്യോത്സവമായ വിജയദശമി വാഗീശ്വരിയുടെ വസന്തതിലകമായി പ്രഭാകിരണങ്ങൾ തൂകുന്നു.

ഇക്കുറി വിജയദശമി വന്നണയുന്നത് തൃപ്പാദങ്ങളുടെ മാനസ സന്താനമായ ശ്രീനാരായണധർമ്മ സംഘത്തിന്റെ 99​ാമത് വാർഷികത്തിലാണെന്ന് കൂടി അറിയിക്കട്ടെ. ശ്രീനാരായണ ഗുരുദേവൻ തന്റെ ജീവിതസായാഹ്നത്തിൽ രൂപം കൊടുത്ത സന്യാസ സഹോദരങ്ങളുടെ സംഘമാണ് ശ്രീനാരായണ ധർമ്മസംഘം. ശ്രീനാരായണ ഗുരുദേവന്റെ ഹൃദയശോഭയ്ക്ക് ഇണങ്ങും വണ്ണം ധർമ്മസംഘം ഇന്നും ആഗോളവ്യാപകമായി തൃപ്പാദ സന്ദേശങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് മുന്നേറുകയാണ്.

വിജയദശമി ദിനത്തിൽ തന്നെയാകണം ധർമ്മസംഘത്തിന്റെ വാർഷിക ഒത്തുചേരൽ എന്ന് ഗുരുദേവൻ നിഷ്‌കർഷിച്ചിരുന്നു. എല്ലാവരും ആത്മസഹോദരർ എന്ന് പാടിയ ഗുരുദേവന്റെ അന്തരംഗ വിശുദ്ധി ശിരസ്സാവഹിച്ചുകൊണ്ട് ഇക്കുറിയും ഞങ്ങൾ ശിവഗിരീശ്വരിയുടെ തിരുസന്നിധാനത്തിൽ ഒത്തുചേരുകയാണ്. അക്ഷരാത്മികയും നാരായണഗുരു പ്രിയയുമായ ശ്രീശാരദാംബ നമുക്ക് എഴുത്തമ്മയുമാണ്. അമ്മയുടെ അനുഗ്രഹാശിസ്സുക്കൾ എല്ലാവർക്കും ഉണ്ടാകട്ടെ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION