
അസഹിഷ്ണുതയുടെയും ആൾക്കൂട്ട ആക്രമണങ്ങളുടെയും കാര്യത്തിൽ ഉത്തരേന്ത്യയിൽ നിന്ന് ഒട്ടും വിഭിന്നമല്ല വിദ്യാസമ്പന്നമായ കേരളവും എന്ന് വ്യക്തമായിക്കൊണ്ടിരിക്കയാണ്; കേവലം വിഷയങ്ങളിലെ വ്യത്യാസമുള്ളൂ. മതവും പശുക്കടത്തുമാക്കെയാണ് ഉത്തരേന്ത്യയിൽ ആൾക്കൂട്ടങ്ങളുടെ അത്യാചാരത്തിന് പ്രേരകമെങ്കിൽ ഇവിടെയത് നടമാടുന്നത് സദാചാരത്തിന്റെ പേരിലാണ്. ഒരാളെ കുറ്റവാളിയെന്ന് ആൾക്കൂട്ടം മുദ്രകുത്തുന്നു. അറിയാവുന്ന എല്ലാതരം ക്രൂരതയും അയാൾക്കുമേൽ പ്രയോഗിച്ച് വധശിക്ഷ നടപ്പാക്കുന്നു. കട്ടാളത്തമെന്നല്ലാതെ എന്താണിതിനെ വിളിക്കേണ്ടത്. ചോദ്യംചെയ്യുന്നവരെ മുളകിൻപുകയിട്ട് കൊല്ലുക, തലയിൽ നെരിപ്പോടുകെട്ടി വിടുക എന്നിങ്ങനെയുള്ള ഫ്യൂഡൽകാല ക്രൂരതകളെക്കുറിച്ച് കേരളചരിത്രം പറയുന്നുണ്ട്. പാലക്കാട് മീനാക്ഷിപുരത്തെ സംഭവം ആധുനിക കേരളത്തിൽ നിന്ന് മാഞ്ഞുപോകാത്ത കിരാതത്വത്തിലേക്ക് വെളിച്ചം വീശുന്നവയാണ്. അട്ടപ്പാടി ആദിവാസി കോളനിയിലെ മധുവിന്റെ ദുരനുഭവം ഇനിയൊരിക്കലും ഇന്നാട്ടിൽ ആവർത്തിക്കില്ലെന്ന് എല്ലാവരും ആശിച്ചതാണ്. വിശന്നുപൊരിഞ്ഞപ്പോൾ അല്പം അരി വിലകൊടുക്കാതെ എടുത്തുവെന്നതാണ് മധുവിൽ ആരോപിതമായ കുറ്റം. വിലകൊടുക്കാതെ അരിയെടുക്കരുതെന്നോ ഒന്നുമില്ലാത്തവർ ഒന്നുമില്ലാത്തവർതന്നെയെന്നോ ഉള്ള അറിവുപോലും നിഷേധിക്കപ്പെട്ടവരുടെ പ്രതീകമായിരുന്നു മധു. മരത്തിൽ കെട്ടിയിട്ട് ക്രൂരമായി തല്ലിയാണ് ആ ജീവൻ ആൾക്കൂട്ടം കവർന്നത്.
അതിന് ശേഷം വാളയാറിൽ അന്യസംസ്ഥാന തൊഴിലാളിയായ രാം നാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് 2025 ഡിസംബർ 17നായിരുന്നു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു രാം നാരായണനെയും സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഈ സംഭവങ്ങളുടെ ഞെട്ടൽ മാറും മുമ്പേയാണ് ജില്ലയിൽ വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം കൂടി അരങ്ങേറിയിരിക്കുന്നത്. മനോദൗർബല്യമുള്ള 40 വയസ് തോന്നിക്കുന്ന യുവാവിനെ മീനാക്ഷിപുരം മൂലത്തറ ഡാമിന് സമീപം ഏഴ് അംഗ സംഘം കൊലപ്പെടുത്തിയ വാർത്ത വന്നപ്പോൾ നമ്മുടെ ഒക്കേ മനസിലേക്ക് വന്ന ചിന്ത ഇതായിരിക്കും. 'മാറിയില്ലാരും മധുവിന്റെ മരണശേഷവും'. ശനിയാഴ്ച കൊല്ലപ്പെട്ട യുവാവിന്റെ നാടും പേരും പോലും ആർക്കുമറിയില്ല. പക്ഷേ, അട്ടപ്പാടിയിലെ മധുവിന്റെ വിധിയാണ് ആൾക്കുട്ടം ഊരും പേരുമരിയാത്ത ഈ യുവാവിനും നൽകിയത്.
തുടരെ തുടരെ ആവർത്തിക്കുന്ന ആൾക്കൂട്ട കൊലകൾ കേരളത്തിന് തന്നെ നാണകേടാണ്. അട്ടപ്പാടിയിലെ മധുവിനെയും വാളയാർ അട്ടപ്പള്ളത്തെ ജാർഖണ്ഡ് സ്വദേശി രാം നാരായൺ ഭഗേലിനെയും ആൾക്കൂട്ടം മർദ്ദിച്ച് കൊന്നത് ഞെട്ടലോടെയാണ് കേരളം കേട്ടത്. കേരളം പോലൊരു സംസ്ഥാനത്ത് ആൾകൂട്ട കൊലപാതകങ്ങൾ നടക്കുമ്പോൾ തലതാഴ്ത്തുന്നത് മലയാളികളായ നമ്മൾ ഒരോരുത്തരുമാണ്. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കപ്പെടാതിരിക്കണം.
2018ൽ മധു, 2025ൽ
രാംനാരായൺ ഭാഗേൽ
വേദനയോടെ മാത്രമേ മധുവിനെക്കുറിച്ച് ഓർക്കാനാവൂ. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 13 പ്രതികൾക്ക് 7 വർഷവും കഠിനതടവും പിഴയും പ്രേത്യക പട്ടികജാതി - പട്ടിക വർഗ കോടതി വിധിച്ചു. ഹൈക്കോടതി 12 പ്രതികൾക്കു വീതം ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ചു. മനഃസാക്ഷിയെ ഉലച്ച മധുക്കേസിൽ 5 വർഷത്തെ നിയമപോരാട്ടത്തിലൂടെയാണ് പ്രതികൾക്ക് ശിക്ഷ ലഭിച്ചത്.
അന്നുയർന്ന അനുതാപവും വൈകാരികാന്തരീക്ഷവും നൽകിയ സന്ദേശം അത്തരം അനുഭവങ്ങളിലൂടെ ഈ നാടിന് ഇനി കടന്നുപോകേണ്ടിവരില്ലെന്നാണ്. പീഡനങ്ങളുടെ ഇതുവരെയുള്ള ചരിത്രത്തെയെല്ലാം പിറകിലാക്കി നമ്മുടെ തലസ്ഥാനജില്ലയിൽ വീണ്ടും ആൾക്കൂട്ടക്കൊല നടന്നിരിക്കുന്നു. എട്ടുവർഷത്തിനിപ്പുറം 2025ൽ വീണ്ടും കേരളം നടുങ്ങി. വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി അന്യസംസ്ഥാന തൊഴിലാളി രാംനാരായൺ ഭാഗേൽ കൊല്ലപ്പെട്ടു. മോഷണക്കുറ്റം ആരോപിച്ചാണ് ഒരു കൂട്ടം ആളുകൾ രാം നാരായൺ ഭാഗേലിന് മരണശിക്ഷ നൽകിയത്.
കഴിഞ്ഞ ദിവസം മീനാക്ഷിപുരത്ത് കൊല്ലപ്പെട്ട യുവാവ് ഓരാഴ്ചയായി പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് 8.30ഓടെയാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ അമ്പതിലേറെ മുറിപ്പാടുകളും തലയ്ക്ക് ആന്തരിക രക്തസ്രാവമുണ്ടായിരുന്നു. പാലക്കാട് മീനാക്ഷിപുരം ആൾക്കൂട്ട കൊലപാതകത്തിൽ നാട്ടുകാരായ കൂടുതൽ പ്രതികളുണ്ടെന്ന് സൂചന. ഏഴ് പേരാണ് റിമാൻഡിലായത്. കൊല്ലപ്പെട്ട ആൾ സ്ത്രീകളെ ശല്യം ചെയ്തിരുന്നു എന്ന് പ്രതികളുടെ മൊഴി. ഇയാൾ ഒരാഴ്ചയായി മൂലത്തറ, മേട്ടുക്കട ഭാഗത്ത് ഭിക്ഷാടനവും മറ്റുമായി ചുറ്റിതിരിയുകയായിരുന്നു.
ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല. ആൾക്കൂട്ടാതിക്രമത്തിന്റെ കൊലകളുടെ ഒട്ടേറെ കേസുകളാണ് ഓരോ വർഷവും കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കുറ്റം കണ്ടാൽ അക്കാര്യം പൊലീസിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും യഥാർത്ഥപ്രതികളെ നിയമത്തിനുമുന്നിൽ എത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താനും പൊതുസമൂഹത്തിന് കടമയുണ്ട്. എന്നാൽ, സ്വയം പ്രതികളെ നിർണയിക്കാനും ശിക്ഷിക്കാനും ആർക്കും അവകാശമില്ല; അത് കുറ്റകൃത്യമാണ്.
ഇനിയും കണ്ടില്ലെന്ന്
നടിക്കരുത്
മനുഷ്യബന്ധങ്ങളെയെല്ലാം പഴയ അളവുകോലുപയോഗിച്ചേ കാണുന്ന അതിയാഥാസ്ഥിതികത്വം അസഹിഷ്ണുതയുടെ രൂപത്തിൽ ഇപ്പോഴും പതുങ്ങിയിരിക്കുന്നുണ്ട്. സദാചാര പൊലീസ് ചമയൽ അതിന്റെ ബഹിർസ്ഫുരണമാണ്. ലോകത്ത് മറ്റൊരിടത്തുമില്ലാത്തവിധമാണ് സ്ത്രീപുരുഷ ബന്ധവുമായിച്ചേർത്ത് അപവാദങ്ങളും അപമാനിക്കലുകളും സദാചാര ആക്രമണങ്ങളും സംസ്കാരസമ്പന്നമായ കേരളത്തിൽ നടക്കുന്നത്. ലോകമാകെ വന്നിരിക്കുന്ന മാറ്റങ്ങളും പരമോന്നത നീതിപീഠത്തിന്റെ തീർപ്പുകളുമൊന്നും വകവെക്കാതെ, നിയമം കൈയിലെടുത്ത് അതിക്രമംചെയ്യുന്നവർ പെരുകുന്നുവെന്നതാണ് പ്രശ്നം. ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ ആൾക്കൂട്ടഭീകരതയിൽനിന്ന് ഫാസിസത്തിലേക്ക് അധികദൂരമില്ല. സഹിഷ്ണുതയും സംസ്കാരവുമില്ലാത്ത കൂട്ടങ്ങൾ സ്വയം അധികാരം കൈയിലെടുത്ത് പെരുമാറാൻ തുടങ്ങുമ്പോഴാണ് ദുരന്തങ്ങളുണ്ടാവുന്നത്. ഫാസിസത്തിന്റെ ആൾക്കൂട്ട മനശാസ്ത്രത്തെപ്പറ്റി ഓസ്ട്രിയൻ മനശാസ്ത്രജ്ഞനായ വില്യം റെയ്ക്സ് 1933ൽ ലോകത്തിന് മുന്നറിയിപ്പുനൽകിയിട്ടുണ്ട്. ആൾക്കൂട്ടത്തിന്റെ അഴിഞ്ഞാട്ടത്തിൽ ഒളിഞ്ഞിരിക്കുന്ന അപകടസൂചനകൾ കേരളം ഇനിയും കണ്ടില്ലെന്നുനടിക്കുന്നത് ആപത്താണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |