
മധുര മീനാക്ഷി അമ്മൻകോവിലിലെ പൊങ്കൽ ഉത്സവം കഴിഞ്ഞു. കത്തിയെരിയുന്ന ചൂട്. പൗരാണിക നഗരമായ മധുരയിൽ നിന്ന് കഷ്ടിച്ച് അഞ്ച് കിലോമീറ്റർ അകലെയുള്ള തമുക്കം കൺവെൻഷൻ സെന്റർ എന്ന കൂറ്റൻ കൂട്ടായ്മാ കേന്ദ്രത്തിന്റെ മുക്കും മൂലയും ചെങ്കൊടികൾകൊണ്ടും കമ്യൂണിസ്റ്ര് നേതാക്കളുടെ കട്ടൗട്ടുകൾകൊണ്ടും നിറഞ്ഞു കഴിഞ്ഞു. കാറൽ മാർക്സ് മുതൽ പി. കൃഷ്ണപിളള വരെയുള്ള നേതാക്കളുടെ സാന്നിദ്ധ്യം അനുഭവവേദ്യമാവും വിധമാണ് ഇവിടെ 24-ാം സി.പി.എം പാർട്ടി കോൺഗ്രസിന്റെ അരങ്ങുണരുന്നത്. ഇന്നു മുതൽ ആറു വരെ തമുക്കം മൈതാനം (സീതാറാം യെച്ചൂരി നഗർ) കണ്ണും കാതും കൂർപ്പിക്കുന്നത് ഇന്ത്യയുടെ ഇടതുപക്ഷ പ്രതീക്ഷയ്ക്ക് നടുനായകത്വം വഹിക്കേണ്ട കമ്യൂണിസ്റ്റ് മാർക്സിസ്റ്ര് പാർട്ടി വരുംദിവസങ്ങളിൽ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകൾ എങ്ങനെയായിരിക്കുമെന്ന ധാരണയിലേക്കാണ്.
എണ്ണമറ്റ പോരാട്ടങ്ങൾക്ക് വേദിയായിട്ടുള്ള മധുര രണ്ടാം തവണയാണ് പാർട്ടി കോൺഗ്രസിന് വേദിയാവുന്നത്. 1972-ൽ ഒൻപതാം പാർട്ടി കോൺഗ്രസ് നടന്നതും തമുക്കം മൈതാനത്തായിരുന്നു. പാർട്ടി നേതൃത്വത്തിൽ പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായി മിന്നിത്തിളങ്ങിയിരുന്ന സീതാറാം യെച്ചൂരി ഈ പാർട്ടി കോൺഗ്രസിൽ ഓർമ്മ മാത്രമാണ്. ഇന്ത്യയിൽ കമ്യൂണിസ്റ്ര് പാർട്ടി ഇപ്പോൾ അധികാരത്തിലുള്ള കേരളത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ രംഗത്തെ സൗമ്യസാന്നിദ്ധ്യമായിരുന്ന കോടിയേരി ബാലൃഷ്ണനും ഇപ്പോൾ ഓർമ്മയാണ്. പ്രതിനിധി സമ്മേളനം നടക്കുന്ന പ്രധാന വേദി അദ്ദേഹത്തിന്റെ പേരിലാണ്. തഴക്കവും പഴക്കവുമുള്ള ഒരുപറ്റം നേതാക്കൾ പടച്ചട്ട അഴിച്ച് പടിയിറങ്ങുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വരുന്നു എന്നതാണ് ഈ പാർട്ടി കോൺഗ്രസിന്റെ മറ്റൊരു പ്രത്യേകത. പിടിച്ചു നിറുത്താനാവാത്ത പ്രായത്തിന് സി.പി.എമ്മും പ്രവർത്തന മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ടല്ലോ.
പൊളിറ്റ് ബ്യൂറോയിലേക്ക് നിരവധി പുതുമുഖങ്ങൾ എത്തിയേക്കാമെന്നത് ഇടതുപക്ഷ മുന്നേറ്റങ്ങളുടെ ഭാവിഭാഗധേയം നിർണയിക്കുന്നതിൽ പ്രധാനമായേക്കാം. പ്രായപരിധി മാനദണ്ഡ പ്രകാരം 17 പി.ബി അംഗങ്ങളിൽ ഏഴുപേർ 75 ന്റെ അതിർവരമ്പ് കടന്നവരാണ്. പി ബി കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട്, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ, സൂര്യകാന്ത് മിശ്ര, തമിഴ്നാട് മുൻ സംസ്ഥാന സെക്രട്ടറി ജി. രാമകൃഷ്ണൻ, ബൃന്ദ കാരാട്ട്, സുഭാഷിണി അലി എന്നിവരാണ് 75-ന്റെ ലക്ഷ്മണരേഖ കടന്നിട്ടുള്ളവർ. പാർട്ടിയുടെ, രാജ്യത്തെ ഏക മുഖ്യമന്ത്രി എന്ന നിലയിൽ കഴിഞ്ഞ തവണത്തേതു പോലെ പിണറായി വിജയന് ഇത്തവണയും ഇളവു കിട്ടിയേക്കും.
ബൃന്ദാ കാരാട്ടും സുഭാഷിണി അലിയും ഒഴിയുന്നതോടെ ഉണ്ടാകുന്ന വനിതാ പ്രാതിനിദ്ധ്യത്തിലെ കുറവ് പരിഹരിക്കാൻ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ, സി.ഐ. ടി.യു ദേശീയ സെക്രട്ടറി എ.ആർ. സിന്ധു, തമിഴ്നാട്ടിലെ മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് യു. വാസുകി, കേരളത്തിന്റെ മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ എന്നിവരിൽ ചിലർ പി.ബിയിൽ എത്തിയേക്കാം. കിസാൻ സഭാ നേതാവ് വിജു കൃഷ്ണൻ, തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം, ബംഗാളിൽ നിന്നുള്ള മുൻ എം.പി. അരുൺകുമാർ എന്നിവരുടെ പേര് പി.ബി പട്ടികയുടെ ചർച്ചയിലുണ്ട്. കേരളത്തിന് കൂടുതൽ പ്രാതിനിദ്ധ്യം നൽകാൻ തീരുമാനിച്ചാൽ മുൻ മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, തോമസ് ഐസക് എന്നിവരും പരിഗണനയിലുണ്ടാകും. പക്ഷെ, ഇതിനെല്ലാമുപരി ഇ.പി. ജയരാജനാണ് പി.ബി സാദ്ധ്യതയുള്ള മറ്റൊരു കേരള താരം.
കാര്യം നയപരം
സംസ്ഥാനങ്ങളിലെ പ്രാതിനിദ്ധ്യ കണക്കുവച്ച് പലർക്കും വേണമെങ്കിൽ കൊച്ചാക്കാനാവുമെങ്കിലും സി.പി.എമ്മിന്റേത് കറയില്ലാത്ത കരുത്തു തന്നെയാണ്. ഇത്രയും ചിട്ടയായും വെടിപ്പായും സംസ്ഥാന സമ്മേളനങ്ങളും പാർട്ടി കോൺഗ്രസും ഒട്ടും പഞ്ഞമില്ലാത്ത ജനപങ്കാളിത്തത്തോടെ നടത്താൻ പാർട്ടിക്ക് കൃത്യമായ സംഘാടന മികവുണ്ട്.. പാർട്ടി കോൺഗ്രസ് വേദിയിലേക്ക് ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പെടെയുള്ളവരുടെ സംഘം പരക്കംപാഞ്ഞെത്തുന്നത് അംഗബലത്തിന് അതീതമായ ഈ ഉൾക്കാമ്പു കൊണ്ടാണ്.
പാർട്ടി കോൺഗ്രസിൽ സി.പി.എമ്മിന് ചർച്ച ചെയ്യാൻ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ട്. ബി.ജെ.പിയോട് സന്ധിയില്ലാതുള്ള സമരത്തിൽ വെള്ളം ചേർക്കില്ലെന്ന് അടിവരയിടുന്ന നയത്തിനാവും പാർട്ടി കോൺഗ്രസ് അംഗീകാരം നൽകുക. ഇന്ത്യാ സഖ്യമെന്ന രാഷ്ട്രീയ ചേരിയോടൊപ്പം നിൽക്കുമ്പോഴും ദേശീയ പാർട്ടിയായ കോൺഗ്രസിനോട് സ്വീകരിക്കുന്ന രാഷ്ട്രീയ അനുനയത്തിലും പാർട്ടി കോൺഗ്രസ് വ്യക്തത വരുത്തും. യോജിക്കാവുന്ന കാര്യങ്ങളിൽ യോജിക്കും, പക്ഷെ പ്രാദേശികമായി വിയോജിപ്പുള്ള മേഖലകളിൽ ആ വിയോജിപ്പ് ഒട്ടും ഓജസു കുറയാതെ നിലനിറുത്തും. കൊല്ലം സംസ്ഥാന സമ്മേളനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച് കൈയടി നേടിയ വികസന രേഖയും മധുരയിലെ പ്രധാന ചർച്ചകളിൽ ഇടം പിടിച്ചേക്കും.
സുഖചികിത്സ
ദൗർബല്യങ്ങൾക്ക് അതീതമാണ് തങ്ങളെന്ന ധാരണ സി.പി.എം വച്ചു പുലർത്താറില്ല. ഈ ദൗർബല്യങ്ങൾ തിരുത്താനുള്ള സുഖചികിത്സ കൂടിയാണ് പാർട്ടി കോൺഗ്രസ്. ആശയപരമായ സ്ഫുടം ചെയ്യലാണ് ഇവിടെ നടക്കുന്നത്. ശക്തമായ ജനകീയ അടിത്തറയുള്ള കേരളത്തിൽ ബി.ജെ.പിയെ നേരിടുന്നതിൽ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സി.പി.എം ദുർബലമായെന്ന് ലോക് സഭാ തിരഞ്ഞെടുപ്പിൽ തെളിഞ്ഞതായി പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിൽ രേഖപ്പെടുത്തിയത് ഈ സ്വയം തയ്യാറെടുക്കലിന്റെ ഭാഗമാണ്.
ചർച്ചകളുടെയും വിലയിരുത്തലുകളുടെയും ഈ അഞ്ചു ദിവസങ്ങളിൽ മധുരയിലേക്കാവും രാജ്യത്തിന്റെ രാഷ്ട്രീയശ്രദ്ധ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |