
മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി നൂറാം വയസിലേക്ക്
ലാൽ കൃഷ്ണ അദ്വാനിജി ഇന്ന് നവംബർ എട്ടിന് ജീവിതത്തിന്റെ നൂറാം വർഷത്തിലേക്ക് കടക്കുന്നു. ശ്രീരാമചന്ദ്ര പ്രഭുവുമായും ദീപങ്ങളുമായും ബന്ധപ്പെട്ട ദീപാവലി ആഘോഷവുമായി അദ്ദേഹത്തിന്റെ ജന്മദിനം ഒത്തുചേരുന്നുവെന്നത് ഉചിതമാണ്. ജനസംഘം സ്ഥാപിതമായതിന്റെ 75-ാം വർഷവും ഡോ.ശ്യാമ പ്രസാദ് മുഖർജിയുടെ 125-ാം ജയന്തിയും ആർ.എസ്.എസിന്റെ നൂറാം വാർഷികാഘോഷങ്ങളും നടക്കുന്ന ഈ വേളയിലാണ് ആ ജന്മദിനമെത്തുന്നത്. ആധുനിക ഇന്ത്യയുടെ പല സുപ്രധാന അദ്ധ്യായങ്ങളിലൂടെയും കടന്നുപോയ ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് അദ്ദേഹം. 1927 നവംബർ 8-ന് ദേവ് ദീപാവലി നാളിലായിരുന്നു ജനനം. 1947-ൽ യുവാവായിരിക്കെ, സിന്ധിലെ പരിചിതമായ ലോകം ഉപേക്ഷിച്ചുപോരേണ്ടിവന്നതിന്റെ വേദന അനുഭവിച്ചു. എന്നാൽ യാതൊരു നീരസവുമില്ലാതെ ജീവിതം പൂജ്യത്തിൽ നിന്ന് വീണ്ടും കെട്ടിപ്പടുത്തു. ജനസംഘത്തെ ശക്തിപ്പെടുത്തുമ്പോഴും പിന്നീട് ബി.ജെ.പി പടുത്തുയർത്തുമ്പോഴും ഇത് ദൃശ്യമായിരുന്നു. അദ്ദേഹം ബി.ജെ.പി അദ്ധ്യക്ഷനായിരുന്ന കാലത്താണ്, 1989-ൽ കോൺഗ്രസ് 400 സീറ്റിൽ നിന്ന് 200-ന് താഴേക്ക് കൂപ്പുകുത്തിയതും 1996-ൽ ബി.ജെ.പി ആദ്യമായി രാജ്യത്തെ വലിയ ഒറ്റക്കക്ഷിയായി മാറിയതും. തലമുറകളായി കാര്യകർത്താക്കളെ വളർത്തിയെടുത്ത അദ്ദേഹം, പാർട്ടിക്ക് വ്യക്തമായ അടിത്തറയുണ്ടാക്കി. രണ്ട് സവിശേഷതകൾ എല്ലായ്പ്പോഴും വേറിട്ടുനിറുത്തി. പ്രത്യയശാസ്ത്ര വ്യക്തതയും ബൗദ്ധിക മൂർച്ചയുമാണ് ഒന്നാമത്തേത്. പ്രസംഗങ്ങളിലും എഴുത്തിലും ഇത് പ്രതിഫലിച്ചിരുന്നു. അദ്ദേഹം തയ്യാറാക്കിയ ജനസംഘത്തിന്റെയും ബി.ജെ.പിയുടെയും പ്രമേയങ്ങൾ ഇന്നും വായിക്കപ്പെടേണ്ടവയാണ്. അഭിമുഖങ്ങൾ നിശിതവും കൃത്യവുമായിരുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിലെ വലിയൊരു വിഭാഗം വർഷങ്ങളായി മുന്നോട്ടുവെച്ച വ്യാജ മതേതരത്വത്തെ തുറന്നുകാട്ടിയ രീതിയാണ് രണ്ടാമത്തേത്. ഒരു ആർ.എസ്.എസ് പ്രചാരക് എന്ന നിലയിൽ രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിലാണ് ആദ്യമായി പ്രവർത്തിച്ചത്. അവിടെ നിന്ന് രാജ്യതലസ്ഥാനത്തേക്ക് പോയി, അവിടെ അടൽജിയോടൊപ്പം (അടൽ ബിഹാരി വാജ്പേയ്) ചേർന്നുപ്രവർത്തിച്ചു. രണ്ട് മഹാരഥന്മാരായ രാഷ്ട്രീയ നേതാക്കൾ പരസ്പരം മത്സരിക്കാതെ, പതിറ്റാണ്ടുകളോളം ഒന്നിച്ച് പ്രവർത്തിക്കുന്നത് ചരിത്രത്തിലും അപൂർവമാണ്. അദ്വാനിജിയും അടൽജിയും അതിന് മികച്ച ഒരു മാതൃക സൃഷ്ടിച്ചു. അവർ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി മാറ്റി. അദ്ദേഹം ഡൽഹിയിലെത്തിയ കാലത്ത്, ആ നഗരം വിഭജനത്തിന്റെ ഭീകരതകളിൽ നിന്ന് മുക്തമായി വരുന്നതേയുള്ളൂ. ജനസംഘത്തെ ശക്തിപ്പെടുത്തുന്നതിൽ പൂർണമായി മുഴുകി.
മികച്ച പാലമെന്റേറിയനും ആഭ്യന്തരമന്ത്രിയും
1967-ൽ ഡൽഹി മെട്രോപൊളിറ്റൻ കൗൺസിലിന്റെ ചെയർമാനായി. 1970-ൽ പാർലമെന്ററി ജീവിതം ആരംഭിച്ചു.
ഒരു എം.പി എന്ന നിലയിലും പിന്നീട് ഇരുസഭകളിലെയും പ്രതിപക്ഷ നേതാവായും ഭരണപക്ഷത്തിരുന്നും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ജനങ്ങളെ നേരിട്ട് കാണാൻ ഇന്ത്യയിലുടനീളം സഞ്ചരിച്ചു.1991-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് എനിക്ക് ഇപ്പോഴും വ്യക്തമായി ഓർമ്മയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം രണ്ട് സീറ്റിൽ മത്സരിക്കാൻ തീരുമാനിച്ചു. അതിലൊന്നായിരുന്നു ഗുജറാത്തിലെ ഗാന്ധിനഗർ. വിഭജനത്തിനുശേഷം അദ്ദേഹത്തിന്റെ പിതാവ് കച്ചിലായിരുന്നു സ്ഥിരതാമസമാക്കിയത്. കൂടാതെ, ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ എം.പിയായും സേവനമനുഷ്ഠിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് സ്വന്തം വീട്ടിലേക്കുള്ള ഒരു മടങ്ങിവരവുപോലെയായിരുന്നു അത്. ബി.ജെ.പിയിൽ പ്രവർത്തിച്ചിരുന്നതിനാൽ അദ്ദേഹത്തിന്റെ നാമനിർദ്ദേശ പത്രിക തയ്യാറാക്കുന്നതിനും പ്രചാരണത്തിലുടനീളം അദ്ദേഹത്തെ സഹായിക്കുന്നതിനും എനിക്ക് ഭാഗ്യം ലഭിച്ചു. ഗാന്ധിനഗറിലെ ജനങ്ങൾ അദ്ദേഹത്തെ പലതവണ പാർലമെന്റിലേക്ക് തിരഞ്ഞെടുത്തു. ഗാന്ധിനഗറിലെ ഒരു വോട്ടർ എന്ന നിലയിൽ നിരവധി തവണ അദ്ദേഹത്തിന് വോട്ട് ചെയ്യാനുള്ള അവസരവും എനിക്ക് ലഭിച്ചു. അടിയന്തരാവസ്ഥ ആ ജീവിതത്തിലെ ഒരു നിർണായക വഴിത്തിരിവായിരുന്നു. ജനാധിപത്യത്തെ സംരക്ഷിക്കാനും ഭരണഘടന കാത്തുസൂക്ഷിക്കാനുമുള്ള പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്നു. ആ അനുഭവങ്ങൾ അദ്ദേഹത്തിന്റെ 'എ പ്രിസണേഴ്‌സ് സ്‌ക്രാപ്പ്-ബുക്ക് " എന്ന പുസ്തകത്തിൽ ഇടംപിടിച്ചു. അതിലെ 'എ ടെയിൽ ഒഫ് ടൂ എമർജൻസീസ് " എന്ന ഭാഗത്ത് 1975 ജൂൺ മുതൽ ഇന്ത്യയിൽ നടന്ന സംഭവങ്ങളും 1933-ൽ നാസി ജർമ്മനിയിൽ നടന്ന സംഭവങ്ങളും തമ്മിലുള്ള സാമ്യത മനോഹരമായി വിശദീകരിച്ചിട്ടുണ്ട്. ഉജ്ജ്വലനായ ഒരു പ്രതിപക്ഷനേതാവ് മാത്രമല്ല, മികച്ചൊരു ഭരണകർത്താവ് കൂടിയായിരുന്നു. 1977-ൽ ജനതാ സർക്കാർ അധികാരത്തിൽ വന്നപ്പോൾ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായി. ഈ വകുപ്പിലെ പ്രവർത്തനം ഫലപ്രദമായിരുന്നു. ഉപപ്രധാനമന്ത്രി എന്ന നിലയിലും ഇന്ത്യയിൽ കൂടുതൽ കാലം സേവനമനുഷ്ഠിച്ച ആഭ്യന്തരമന്ത്രിമാരിൽ ഒരാളെന്ന നിലയിലും സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. നമ്മുടെ സുരക്ഷാ സേനാംഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി ചെയ്ത കാര്യങ്ങൾ വലിയ ആദരവോടെ സ്മരിക്കപ്പെടുന്നു. ഭീകരവാദത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ അസന്ദിഗ്ദ്ധ നിലപാട് ഇന്ത്യയ്ക്ക് ശക്തമായ ഒരു ഭീകരവിരുദ്ധ നിയമം ലഭിക്കുന്നതിന് വഴിയൊരുക്കി.
രഥയാത്രയും അറസ്റ്റും
ആ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ മുഹൂർത്തമായിരുന്നു സോമനാഥിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള രഥയാത്ര. ഇത് ഇന്ത്യൻ സമൂഹത്തിന്റെ ഗതിയെത്തന്നെ ഗുണകരമായ രീതിയിൽ മാറ്റി. ആശയരൂപീകരണ ഘട്ടം മുതൽ അത് നടപ്പിലാക്കും വരെ ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. സോമനാഥിൽ നിന്ന് യാത്ര ആരംഭിച്ചപ്പോൾ നേരിട്ട് സാക്ഷ്യം വഹിക്കാനായത് സവിശേഷമായ ഒരു അനുഭവമായിരുന്നു. ബിഹാറിൽ വെച്ച് അദ്ദേഹം അറസ്റ്റിലായ സങ്കടകരമായ നിമിഷങ്ങളുടെ ഓർമ്മകളും മനസിലുണ്ട്. തുടർന്ന്, ഗുജറാത്തിൽ ചിമൻഭായ് പട്ടേൽ സർക്കാരിനുള്ള പിന്തുണ ബി.ജെ.പി പിൻവലിച്ചു. പ്രത്യയ ശാസ്ത്രത്തിന്റെയും രാമക്ഷേത്രത്തിന്റെയും കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന വ്യക്തമായ സന്ദേശം ഇതിലൂടെ നൽകി. വർഷങ്ങൾക്ക് ശേഷം ശ്രീരാമചന്ദ്ര പ്രഭുവിനായി ഒരു മഹത്തായ ക്ഷേത്രം അയോദ്ധ്യയിൽ യാഥാർത്ഥ്യമായി.
നവനിർമ്മാൺ പ്രസ്ഥാനത്തിന് ശേഷം അദ്വാനിജി ജുനഗഢിലെത്തി ഒരു സാധാരണ പ്രവർത്തകനെപ്പോലെ ഒരു മാസത്തോളം താമസിച്ചു. കോൺഗ്രസിനെ ജനങ്ങൾ തള്ളിക്കളഞ്ഞ ആ നിയമസഭാ തിരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കിയത് അദ്ദേഹമായിരുന്നു. പൊതുജീവിതത്തിൽ എത്രത്തോളം സത്യസന്ധതയും ധാർമ്മികതയും പുലർത്താമെന്ന് കാണിച്ചുതന്നു. വായനയിൽ അതീവ താല്പര്യമുള്ള വ്യക്തിയായിരുന്നു. സിനിമയുടെയും നാടകത്തിന്റെയും വലിയൊരു ആരാധകനായ അദ്ദേഹം, സിനിമാ നിരൂപകൻ കൂടിയായിരുന്നു. ചരിത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും 'മൈ കൺട്രി മൈ ലൈഫ് " എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ വ്യക്തമാണ്. ലേയ്ക്ക് സമീപത്ത് സിന്ധു ദർശൻ പൂജ പ്രചരിപ്പിക്കാൻ മുൻകൈയെടുത്തു. അദ്വാനിജിക്കും ജോർജ് ഫെർണാണ്ടസ് ജിക്കുമൊപ്പം ഞാനും അത്തരമൊരു പൂജയിൽ പങ്കെടുത്തിട്ടുണ്ട്. ജീവിതയാത്രയെക്കുറിച്ച് പറയുമ്പോൾ കമലാ അദ്വാനിജിയെക്കുറിച്ച് പരാമർശിക്കാതെ പൂർണമാകില്ല. അദ്ദേഹത്തിന്റെ പൊതുജീവിതത്തിലുടനീളം കരുത്തും പിന്തുണയും അവരായിരുന്നു. അദ്ദേഹത്തോടുള്ള നന്ദിസൂചകമായി 2024ൽ ഭാരത സർക്കാർ അദ്ദേഹത്തിന് ഭാരതരത്ന നൽകി ആദരിച്ചു. ജീവിതത്തിന്റെ നൂറാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ആയുരാരോഗ്യമുണ്ടാവട്ടെയെന്നും നമ്മെ ഏവരെയും എന്നത്തെയും പോലെ ഇനിയും പ്രചോദിപ്പിക്കുന്നത് തുടരാൻ കഴിയട്ടെയെന്നും ഞാൻ പ്രാർത്ഥിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |