SignIn
Kerala Kaumudi Online
Sunday, 08 November 2026 2.15 AM IST

ക്ലൈമാക്സിന് കാത്ത് കേരളം

1

പി.എസ്.സിയിലെ നിയമന, പരീക്ഷാ ക്രമക്കേടുകളിൽ നാല് കേസെടുത്ത ക്രൈംബ്രാഞ്ച്, അതിവേഗ നടപടികളുമായി മുന്നോട്ടുപോവുകയാണ്. ചെയർമാൻ എം.ആർ.ബൈജുവും കമ്മിഷനംഗങ്ങളും സെക്രട്ടറിയും പരീക്ഷാ കൺട്രോളറുമടക്കം രണ്ടുഡസനോളം പേരെ ചോദ്യം ചെയ്തു. ഒരു കേസിൽ പ്രതിയാക്കിയ ചെയർമാനെ കൂടുതൽ കേസുകളിൽ പ്രതിയാക്കുന്നത് പരിഗണനയിലാണെന്ന് എസ്.ഐ.ടി പറയുന്നു. ഇതിനപ്പുറമാകും ഗവർണറുടെ പിരിച്ചുവിടൽ ശുപാർശയിലെ നടപടികൾ. ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന് മുൻഗവ‌ർണർ ആർ.വി ആർലേക്കർ നൽകിയ ശുപാർശ, പുതിയ ഗവർണർ ഓംപ്രകാശ് മാഥൂർ രാഷ്ട്രപതിയെക്കണ്ട് ആവർത്തിച്ചതോടെ ഇക്കാര്യത്തിൽ നടപടി ഉറപ്പാണ്.

ഗവർണറുടെ ശുപാർശയിൽ ചെയർമാനും അംഗങ്ങൾക്കുമെതിരെ സുപ്രീംകോടതി അന്വേഷണത്തിനുള്ള നിർദ്ദേശം അറ്റോർണി ജനറൽ വഴി രാഷ്ട്രപതി ഉടൻ കൈമാറിയേക്കും. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തട്ടിപ്പിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർചെയ്ത കേസിൽ ചെയർമാൻ, അംഗങ്ങൾ, സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥർ എന്നിവരെ പ്രതികളാക്കിയതും അഡി. സെക്രട്ടറിയും റിട്ട. ഡെപ്യൂട്ടി സെക്രട്ടറിയും ജയിലിലായതുമാണ് ഗവർണർ മാഥൂർ രാഷ്ട്രപതിയെ അറിയിച്ചത്. പി.എസ്.സിയുടെ ഭരണഘടനാ പരിരക്ഷ മറയാക്കി അന്വേഷണം തടയാനും റദ്ദാക്കാനും ചെയർമാനും അംഗങ്ങളും ശ്രമിക്കുകയാണെന്നും ജീവപര്യന്തം തടവുശിക്ഷയോ, 10വർഷം വരെ തടവുശിക്ഷയോ പിഴയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് എഫ്.ഐ.ആറിലുള്ളതെന്നും ഗവർണർ വിശദീകരിച്ചതായി അറിയുന്നു.

ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷയായ പി.എസ്.സിയുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണ് തട്ടിപ്പെന്നും രാഷ്ട്രീയ ഇടപെടലും അനധികൃത നിയമനങ്ങളും സംബന്ധിച്ച ആരോപണങ്ങളിൽ പരിഹാരമില്ലെന്നും ബി.ജെ.പി നേതാക്കളും രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്. ഗവർണറുടെ ശുപാർശ ഉടൻ രാഷ്ട്രപതി സുപ്രീംകോടതിക്ക് കൈമാറിയേക്കും. അനുച്ഛേദം-317പ്രകാരം രാഷ്ട്രപതിയുടെ റഫറൻസിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി അഞ്ചംഗബഞ്ച് രൂപീകരിച്ച് നേരിട്ട് അന്വേഷണം നടത്തും. ചെയർമാനും അംഗങ്ങൾക്കും സുപ്രീംകോടതി നോട്ടീസ് അയയ്ക്കും. രേഖകൾ വിളിച്ചുവരുത്തും. പൊലീസ് റിപ്പോർട്ടും ആവശ്യപ്പെടും. സുപ്രീംകോടതിയുടെ അന്വേഷണം നേരിടുന്നതിനാൽ ചെയർമാനെയും അംഗങ്ങളെയുെം സസ്പെൻഡ് ചെയ്യാൻ ഗവർണർക്ക് അധികാരമുണ്ട്. ഇവരെ പുറത്താക്കണമെങ്കിൽ സുപ്രീംകോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകേണ്ടതുണ്ട്.

സുപ്രീംകോടതി അന്വേഷണം തുടങ്ങിയാൽ ചെയർമാനെയും അംഗങ്ങളെയും സസ്പെൻഡ് ചെയ്യാൻ മന്ത്രിസഭായോഗം ഗവർണർക്ക് ശുപാർശ നൽകിയേക്കും. ഭരണഘടനാ പദവിയിലിരുന്ന് സുപ്രീംകോടതിയുടെ അന്വേഷണവുമായി സഹകരിക്കാതിരിക്കുകയോ തെളിവും വിവരങ്ങളും നൽകാതിരിക്കുകയോ ചെയ്യാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാവുമിത്. മന്ത്രിസഭയുടെ ഉപദേശമില്ലാതെ ഗവർണർ സസ്പെൻഡ് ചെയ്താൽ ചെയർമാനും അംഗങ്ങളും നടപടിക്രമത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി കോടതിയിൽ പോയേക്കാം. നേരത്തേ ഇക്കാരണത്താൽ കർണാടകയിലെ പി.എസ്.സി ചെയർമാന്റെ സസ്പെൻഷൻ കോടതി റദ്ദാക്കിയിരുന്നു. പി.എസ്.സിയുടെ പണമുപയോഗിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തടയാൻ കേസ് നടത്തുന്നതും സർക്കാരിന് കാരണമാക്കാം. നാല് കേസെടുത്തെന്നും 9 പരാതികളിൽ കേസിനിടയുണ്ടെന്നും ക്രൈംബ്രാഞ്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. 180ലേറെ പരാതികളുമുണ്ട്. ഉദ്യോഗസ്ഥന്റെ ഭാര്യയെ മതിയായ യോഗ്യതയില്ലാതെ നിയമിച്ചതും തട്ടിപ്പിലെ രാഷ്ട്രീയബന്ധവുമെല്ലാം പരിഗണിച്ചായിരിക്കും സർക്കാർ ശുപാർശ നൽകുക. യുവമോർച്ചയുടെ പരാതിയിൽ ഗവർണർ നൽകിയ ശുപാർശ പ്രകാരം നടപടികളുണ്ടായാൽ രാഷ്ട്രീയമായി തിരിച്ചടിയാവുമെന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്.

 കർണാടക മോഡൽ ഇവിടെയും?

കർണാടക പി.എസ്.സി ചെയർമാനായിരുന്ന ശിവശങ്കരപ്പ സഹൂക്കറെ ചോദ്യപ്പേപ്പർ ചോർച്ച, മക്കളുടെ നിയമനം എന്നിവയുടെ പേരിൽ ജൂലായിൽ ഗവർണർ സസ്‌പെൻഡ് ചെയ്തിരുന്നു. പിരിച്ചുവിടാൻ ശുപാർശചെയ്തതിനൊപ്പം സുപ്രീംകോടതിയുടെ അന്വേഷണത്തിന് കാത്തുനിൽക്കാതെയായിരുന്നു സസ്‌പെൻഷൻ. ഇത് ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. ഗവർണർ സർക്കാരിന്റെ ശുപാർശ തേടിയില്ലെന്ന കാരണത്താൽ സസ്‌പെൻഷൻ റദ്ദാക്കി.

കർണാടക സർക്കാർ ശുപാർശ ചെയ്തതിനെ തുടർന്ന് ഓഗസ്റ്റിൽ വീണ്ടും ഗവർണർ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു. ചെയർമാനെയും 15 അംഗങ്ങളെയും ഗവർണർ സസ്പെൻഡ് ചെയ്താലും ഇപ്പോഴുള്ള 5 ഒഴിവുകളിൽ നിയമനത്തിന് സർക്കാരിന് ഗവർണറോട് ശുപാർശ ചെയ്യാം. ഇതിലൊരാളെ ആക്ടിംഗ് ചെയർമാനായും നിയോഗിച്ച് ഭരണപ്രതിസന്ധി ഒഴിവാക്കാം. ഇതിനുള്ള നടപടികൾ സർക്കാർതലത്തിലും തുടങ്ങിയെന്നാണ് അറിയുന്നത്.

(അവസാനിച്ചു)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION