
അഞ്ച് പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം. ഉജ്ജ്വലമായ സംഭാഷണ ശൈലിക്കും തീവ്രമായ സ്ക്രീൻ പ്രസൻസിനും പേരുകേട്ട നടനായിരുന്നു നാനാ പടേക്കർ. വില്ലനോ നായകനോ കൊമേഡിയനോ ആകട്ടെ, സ്വാഭാവിക അഭിനയം അനായാസം വഴങ്ങുന്നതിനാൽ മറാത്തി നാടകങ്ങൾ മുതൽ മുഖ്യധാരാ ബോളിവുഡ് ഹിറ്റുകളിൽ വരെ ഒരുപോലെ തിളങ്ങാൻ നാനായ്ക്ക് സാധിച്ചു. മികച്ച വില്ലനായും (അൻഗാർ, അപഹരൺ) നടനായും (ക്രാന്തിവീർ) സഹനടനായും (പരീന്ദ) ഫിലിംഫെയർ പുരസ്കാരങ്ങൾ നേടിയെന്ന അതുല്യ റെക്കാഡും നാനായ്ക്ക് സ്വന്തം.
ക്രൂരനായ അണ്ണ
വിധു വിനോദ് ചോപ്രയുടെ പരീന്ദ (1989) നാനായുടെ കരിയർ മാത്രമല്ല, ബോളിവുഡിലെ വില്ലൻ സങ്കല്പങ്ങളെയാകെ പൊളിച്ചെഴുതി. അണ്ണ എന്ന ക്രൂരനായ അധോലോക നായകനായെത്തിയ നാനാ, ജാക്കി ഷ്രോഫിനെയും അനിൽ കപൂറിനെയും കടത്തിവെട്ടുന്ന അഭിനയം കാഴ്ചവച്ചു. മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടി.
ഐക്കണിക് പ്രതാപ്
1994ൽ പുറത്തിറങ്ങിയ ക്രാന്തിവീർ നാനായെ ഇന്ത്യയിലെ ഏറ്റവും മികച്ച നടനാക്കി മാറ്റി. ചിത്രത്തിന്റെ ജീവൻ തന്നെ നാനായുടെ പ്രകടനമാണ്. അഴിമതിക്കും അക്രമങ്ങൾക്കും എതിരെ നാനായുടെ കഥാപാത്രമായ പ്രതാപ് നടത്തുന്ന ക്ലൈമാക്സ് പ്രസംഗം ഹിന്ദി സിനിമയിലെ ഐക്കണിക് രംഗങ്ങളിലൊന്നാണ്.
ഭയപ്പെടുത്തുന്ന വിശ്വനാഥ്
90കളിലെ ബോളിവുഡ് സിനിമയിലെ ഏറ്റവും ഭയപ്പെടുത്തുന്ന വില്ലൻമാരിൽ ഒന്നായി അഗ്നിസാക്ഷിയിലെ (1996) നാനായുടെ വിശ്വനാഥ് എന്ന നിഗൂഢ മനുഷ്യൻ മാറി. കാഴ്ചക്കാരിൽ അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കിയ വിശ്വനാഥ് ഒടുവിൽ സ്വയം വെടിവച്ചാണ് തന്റെ കോപം തീർക്കുന്നത്. നാനായുടെ തീഷ്ണമായ അഭിനയം മികച്ച സഹനടനുള്ള ദേശീയ അവാർഡിലേക്കാണ് എത്തിച്ചത്.
ഖമോഷിയിലെ ജോസഫ്
ബധിരനും മൂകനുമായ ജോസഫ് എന്ന കഥാപാത്രം നാനായുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു. മനീഷ കൊയ്‌രാള, സീമ ബിശ്വാസ്, സൽമാൻ ഖാൻ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങൾ ചെയ്തെങ്കിലും നാനാ മികച്ച പ്രകടനം കാഴ്ചവച്ചു.
സുവർണകാലം
നാനായുടെ കരിയറിലെ സുവർണ കാലഘട്ടമായിരുന്നു 90കൾ. ശക്തി, ഖമോഷി, അൻഗാർ തുടങ്ങി നിരവധി ഹിറ്റുകൾ. നായകനെ ആശ്രയിക്കാതെ സിനിമയെ സ്വന്തം ചുമലിൽ തൂക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ബോക്സ് ഓഫീസിൽ തരംഗമായി. 'പ്രഹാർ' (1991) എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്ത് അഭിനയിച്ചതാണ്. ചിത്രത്തിനായി നാനാ ഇന്ത്യൻ ആർമിയുടെ മറാത്ത ലൈറ്റ് ഇൻഫെൻട്രിക്കൊപ്പം കഠിന പരിശീലനം നടത്തി. ടെറിട്ടോറിയൽ ആർമിയിൽ ഓണററി ക്യാപ്ടൻ പദവി ലഭിച്ചു. കോമഡി ചിത്രമായ വെൽകമിൽ (2007) ചിരി പടർത്തുന്ന അധോലോക നായകന്റെ വേഷവും നാനായുടെ കൈയിൽ ഭദ്രമായി. നാനായുടെ ഗംഭീര ശബ്ദം ദ ജംഗിൾ ബുക്കിന്റെ (2016) ഹിന്ദി പതിപ്പിൽ ഷേർ ഖാന് ജീവനേകി.
സാമൂഹ്യ സേവനം
ആഡംബരമില്ലാതെ ലളിതമായ ജീവിതം നയിച്ച നാനാ, സാമൂഹ്യ സേവനങ്ങളിലൂടെ വ്യത്യസ്തനായി. നാം ഫൗണ്ടേഷൻ സ്ഥാപിച്ച് മഹാരാഷ്ട്രയിലെ കർഷകർക്ക് കൈത്താങ്ങായി. ഇതിനിടെ നാനായ്ക്കെതിരെ നടി തനുശ്രീ ദത്ത ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തെത്തിയത് ഏറെ കോളിളക്കം സൃഷ്ടിച്ചു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും തനുശ്രീയുടെ ആരോപണങ്ങളെ ശരിവയ്ക്കാനുള്ള തെളിവുകൾ ലഭിച്ചിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |