
വാഹനങ്ങളിൽ അവരവരുടെ അഭിരുചിക്ക് അനുസരിച്ചുള്ള ചില മാറ്റങ്ങൾ വരുത്തണമെന്നുള്ളത് പുതിയ തലമുറയായ ന്യൂജെൻസിന്റെ ആഗ്രഹങ്ങളിൽ ഒന്നാണ്. അപകടങ്ങൾക്ക് ഇടയാക്കാത്തതും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാത്തതുമായ നിയമാനുസൃതമായ മാറ്റങ്ങൾ അനുവദിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ നിയമപ്രകാരമല്ലാത്ത ഓരോ മാറ്റങ്ങൾക്കും 5000 രൂപ വീതം പിഴശിക്ഷ നൽകണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശം മോഡിഫിക്കേഷൻ വരുത്തിയവരെ മുഴുവൻ ആശങ്കാകുലരാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ അനുമതിയോടെ ചെയ്യാവുന്ന മോഡിഫിക്കേഷനുകളിൽ വ്യക്തത വരുത്തി മോട്ടോർ വാഹന വകുപ്പ് സർക്കുലർ ഇറക്കിയത് സ്വാഗതാർഹമാണ്.
നിയമവിധേയമായി ചെയ്യാൻ സാധിക്കുന്ന ഏഴുതരം മോഡിഫിക്കേഷനുകൾക്കാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇക്കാര്യത്തിലുള്ള നിരവധി സംശയങ്ങൾക്കും അവ്യക്തതകൾക്കും ഒരു പരിധിവരെ ഈ ഉത്തരവോടെ പരിഹാരമായിട്ടുണ്ട്. ആർ.സി ബുക്കിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി വാഹനത്തിന്റെ നിറംമാറ്റാം, ഒരേ മോഡലിലുള്ള പുതിയ എൻജിൻ സ്ഥാപിക്കാം, ഒരേ മോഡലിലുള്ള ഷാസി മാറ്റിവയ്ക്കാം, സി.എൻ.ജി പോലുള്ള ഇതര ഇന്ധനങ്ങളിലേക്ക് മാറ്റാം, ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ മാറ്റം വരുത്താം, ഡ്രൈവിംഗ് സംവിധാനങ്ങളിൽ നിയമാനുസൃതമായ മാറ്റങ്ങൾ വരുത്താം എന്നിവയാണ് അനുവദനീയമായ ഏഴ് മാറ്റങ്ങൾ. ഇതിൽ നിറം മാറ്റാം എന്നതിനാണ് പുതിയ തലമുറ കൂടുതൽ പ്രാധാന്യം നൽകാൻ സാദ്ധ്യതയുള്ളത്. അതിനാൽ ഏതൊക്കെ നിറങ്ങളാവാം, ഏതൊക്കെ പാടില്ല എന്നിവ സംബന്ധിച്ച സംശയങ്ങളും ദൂരീകരിക്കണം.
വാഹന നിർമ്മാതാക്കൾ, ഡീലർ, സർക്കാർ അംഗീകരിച്ച വർക്ക് ഷോപ്പുകൾ, സർവീസ് സ്റ്റേഷനുകൾ എന്നിവ വഴി മാത്രമായിരിക്കണം മാറ്റങ്ങൾ നടപ്പിലാക്കേണ്ടത് എന്നും ഉത്തരവിലുണ്ട്. ഇങ്ങനെ അനുവദനീയമായ മാറ്റങ്ങൾ വിവരിച്ചിട്ടുള്ള ബോർഡുകൾ ഇത്തരം വർക്ക്‌ഷോപ്പുകളിൽ സ്ഥാപിക്കുന്നതും നല്ലതായിരിക്കും. ആർ.ടി ഓഫീസിൽ അപേക്ഷ നൽകി ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചേ മാറ്റങ്ങൾ വരുത്താവൂ എന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. മാറ്റം വരുത്തിയിട്ട് ആർ.സി ബുക്കിൽ ഇവ രേഖപ്പെടുത്തണം. ഇല്ലെങ്കിൽ പിഴ ഈടാക്കും. ഏഴ് കാര്യങ്ങൾക്ക് ഇളവ് നൽകിയെങ്കിലും നിയമങ്ങൾക്ക് വിരുദ്ധമായ സൈലൻസർ മാറ്റം, വീൽ സ്പേസറുകൾ, ബോഡിക്ക് പുറത്തേക്ക് തള്ളിനിൽക്കുന്ന ടയറുകൾ, അമിതമായ ലൈറ്റുകൾ തുടങ്ങിയവയ്ക്കുള്ള നിരോധനവും 5000 രൂപ വരെയുള്ള പിഴയും തുടരും. പലപ്പോഴും രാത്രിയിൽ അപകടങ്ങൾക്ക് ഇടയാക്കുന്ന പ്രധാന ഘടകം അമിത പ്രകാശമുള്ള ലൈറ്റുകളുടെ ഉപയോഗമാണ്. അതിനാൽ അങ്ങനെ സ്ഥാപിച്ചിട്ടുള്ള വാഹനങ്ങൾക്കെതിരെ കർശനമായ നടപടികളും ഉണ്ടാകണം.
വാഹന മോഡിഫിക്കേഷൻ എന്നത് ഒരു പുതിയ തൊഴിൽ മേഖല കൂടിയാണ്. അതിനാൽ സർക്കാരിന്റെ പുതിയ സർക്കുലർ അത്തരം മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ആശ്വാസം പകരുന്നതാണ്. പെട്രോളിന്റെയും ഡീസലിന്റെയും മറ്റും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ധന സംവിധാനം മാറ്റുന്നത് വെറുമൊരു മോഡിഫിക്കേഷനായി കരുതാനാവില്ല. ചെലവ് കുറഞ്ഞ സി.എൻ.ജി സംവിധാനത്തിലേക്കും മറ്റും മാറാൻ വാഹന ഉടമകളും ടാക്സി രംഗത്ത് പ്രവർത്തിക്കുന്നവരും മറ്റും നിർബന്ധിതരാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. അംഗീകൃത കിറ്റ് ഉപയോഗിച്ച് മാത്രമേ ഇത് നടപ്പാക്കാവൂ എന്ന നിബന്ധന കർശനമായി ഉറപ്പാക്കാൻ വാഹന വകുപ്പിന്റെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകണം. എന്തായാലും ഈ പുതിയ ഉത്തരവ് അനാവശ്യമായ പിഴകളിൽ നിന്ന് വാഹന ഉടമകൾക്ക് സംരക്ഷണം നൽകാൻ ഉതകുന്നതാണ്. കൂടുതൽ സുരക്ഷിതവും സുതാര്യവുമായ ഒരു വാഹന സംസ്കാരം സംസ്ഥാനത്ത് വളർത്തിയെടുക്കാൻ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |