
സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ഇ.എൻ.സുരേഷ് ബാബുവിനെതിരെ കടുത്ത നടപടിക്ക് സംസ്ഥാന നേതൃത്വത്തിന് മേൽ സമ്മർദ്ദം. പാർട്ടി അംഗത്വം റദ്ദാക്കുമെന്നാണ് വിവരം. വിപുലീകൃത ജില്ലാ കമ്മിറ്റികൾക്കു ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക.
തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് നടത്തുന്ന തിരുത്തൽ നടപടികളുടെ ഭാഗമായി ആദ്യമായാണ് ഒരു ജില്ലാ സെക്രട്ടറിയെ മാറ്റുന്നത്. സമ്മേളന കാലത്തല്ലാതെ ജില്ലാ സെക്രട്ടറിയെ മാറ്റുന്നത് പാർട്ടിയിൽ അസാധാരണമായ നടപടിയാണ്.
വിഭാഗീയതയുടെ കാലത്ത് 'തിരുത്തൽ' എന്ന രീതിയിലാണ് ഇ.എൻ.സുരേഷ് ബാബു ജില്ലാ സെക്രട്ടറിയായത്. ഇപ്പോഴിതാ അസാധാരമായ മറ്റൊരു തിരുത്തൽ പ്രക്രിയയുടെ ഭാഗമായി അദ്ദേഹം പുറത്തേക്കും പോകുന്നു. 2022 ജനുവരിയിൽ പിരായിരിയിൽ നടന്ന സി.പി.എം ജില്ലാ സമ്മേളനത്തിൽ പി.കെ.ശശിയുടെയും വി.കെ.ചന്ദ്രന്റെയും പേരുകളാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിച്ചിരുന്നത്. തനിക്കെതിരെ വന്ന ആരോപണങ്ങൾ മൂലം സെക്രട്ടറി സ്ഥാനത്തേക്കു വരാനാകില്ലെന്നു മനസിലായതോടെ നോമിനിയായി സുരേഷ് ബാബുവിനെ നിർദ്ദേശിച്ചത് പി.കെ.ശശിയാണ്. പക്ഷേ, പിന്നീട് ശശിക്ക് പാർട്ടിക്ക് പുറത്തേക്കുള്ള വഴി വെട്ടിത്തെളിച്ചത് ഇതേ സുരേഷ് ബാബു തന്നെയായിരുന്നു.
പിന്നീട് 2025ൽ ചിറ്റൂരിൽ നടന്ന ജില്ലാ സമ്മേളനത്തിൽ ഇ.എൻ.സുരേഷ് ബാബു എതിരില്ലാതെ ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തി. ഇതിനിടെ ഒട്ടേറെ വിവാദങ്ങൾ ഉയർന്നെങ്കിലും പിണറായി വിജയൻ, എം.വി.ഗോവിന്ദൻ, എ.വിജയരാഘവൻ, എ.കെ.ബാലൻ അടക്കമുള്ളവരുടെ പിന്തുണ ഇ.എൻ.സുരേഷ് ബാബുവിനുണ്ടായിരുന്നു.
ജില്ലയിലെ സി.പി.എമ്മിലെ കാർക്കശ്യമുഖം
അതിരുകടന്ന വാക്കുകളും വിവാദ പരാമർശങ്ങളും സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ.സുരേഷ് ബാബുവിന്റെ പുറത്താകലിലേക്ക് നയിച്ച പ്രധാന കാരണങ്ങളിൽ ഉൾപ്പെടുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് കാലത്ത് ഏറെ ചർച്ചയായ 'നീല ട്രോളി' വിവാദവും അവസാന ഘട്ടത്തിൽ പുറത്തുവന്ന വിവാദ പരസ്യവും പാർട്ടിക്കുള്ളിൽ നിന്നുതന്നെ കടുത്ത എതിർപ്പിനിടയാക്കിയിരുന്നു. മണ്ണാർക്കാട്ടെയും വടക്കഞ്ചേരിയിലെയും കൊഴിഞ്ഞാമ്പാറയിലെ ഒരു വിഭാഗം ജില്ലാ സെക്രട്ടറിക്കെതിരെ പരസ്യമായി നിലപാടെടുത്തു. ശേഷം പാർടിവിട്ടു പുറത്തേക്കുപോയി. ഇതിനിടെ പാലക്കാട് ഏരിയാ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ ജില്ലാ സെക്രട്ടറിക്കെതിരെ പരസ്യമായി പൊട്ടിത്തെറിച്ചതും പാർട്ടിയിൽ കടുത്ത വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. നേതൃത്വത്തിന്റെ ഇത്തരം താൻപോരിമയും വിവാദങ്ങളും സംഘടനാപരമായ പരാജയങ്ങൾക്ക് ആക്കം കൂട്ടിയെന്നാണ് പാർട്ടി യോഗത്തിന്റെ വിലയിരുത്തൽ. ഇതിന് പുറമെയായിരുന്നു പി.കെ. ശശിയുമായുള്ള തുറന്ന പോര്.
ചിറ്റൂരിൽ സംഘടനയെ ചലിപ്പിച്ചയാൾ
കോൺഗ്രസിനും ജനതാദളിനും കുത്തകയായിരുന്ന ചിറ്റൂർ മണ്ഡലത്തിൽ ഇരുപാർട്ടികളോടും കണ്ണിനു കണ്ണായും പല്ലിനു പല്ലായും പോരടിച്ച് ഉണ്ടാക്കിയ സി.പി.എം അടിത്തറക്ക് പിന്നിലെ ചാലക ശക്തിയായിരുന്നു സുരേഷ് ബാബു. ആ പോരാട്ടവീര്യം തന്നെയാണ് സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്ത് അദ്ദേഹത്തെ എത്തിച്ചതും. ഏഴരപതിറ്റാണ്ടു കാലം കോൺഗ്രസിന്റെ കുത്തകയായിരുന്ന ചിറ്റൂർ – തത്തമംഗലം നഗരസഭ എൽഡിഎഫ് പിടിച്ചെടുത്തത് ഉൾപ്പെടെ സംഘടനാപരമായി ഒട്ടേറെ മികവുകൾ സുരേഷ് ബാബു ജില്ലാ സെക്രട്ടറി ആയിരുന്ന കാലത്തുണ്ടായി. എന്നാൽ 2025 ഡിസംബർ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നഗരസഭ തിരിച്ചുപിടിക്കുകയും ചെയ്തു. ഇടതുമുന്നണിയിൽ ആയിരുന്നിട്ടും ജനതാദൾ സെക്യൂലർ പാർട്ടി ചിറ്റൂരിലെ പല മേഖലയിലും സി.പി.എമ്മുമായി അകൽച്ചയിൽ തുടരുകയാണ്. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സ്ഥാനാർഥിയായിരുന്ന വി. മുരുകദാസ് പക്ഷേ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചിറ്റൂർ പരാജയപ്പെട്ടു. മുന്നണിയെ ഒന്നിച്ചുകൊണ്ടു പോകുന്നതിൽ പരാജയപ്പെട്ടു എന്ന വിമർശനവും ഇതേത്തുടർന്ന് ഉയർന്നു. ഏതായാലും പാർട്ടി നടപടിയോടെ കാര്യങ്ങൾ മാറിമറിയുകയാണ്.
വ്യക്തിപരമായ കാരണങ്ങളാലാണ് സ്വയം ഒഴിഞ്ഞതെന്നാണ് സുരേഷ് ബാബു ഏറ്റവും ഒടുവിൽ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയതെങ്കിലും, അദ്ദേഹത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ പുറത്താക്കുന്നത് ഉൾപ്പെടെ കടുത്ത അച്ചടക്ക നടപടികൾ വരും ദിവസങ്ങളിൽ സംസ്ഥാന നേതൃത്വം പരിഗണിച്ചേക്കുമെന്നാണ് സൂചനകൾ. മോശം പെരുമാറ്റം ബോധ്യപ്പെടുന്ന പശ്ചാത്തലത്തിൽ നേരത്തെ പാർട്ടിക്കെതിരെ ഉയർന്നിരുന്ന പീഡന പരാതികൾ ലഘുവായി കൈകാര്യം ചെയ്തു എന്ന വിമർശനം ഒഴിവാക്കാനുള്ള അവസരം കൂടിയാണ് ഇത്. അങ്ങനെ സംഭവിക്കുമോ എന്ന് കാത്തിരുന്ന് കാണാം.
പാലക്കാട് പാർടിയെ നയിക്കാൻ ചെന്താമരാക്ഷൻ
ഭരണതലത്തിലായാലും പാർട്ടിയിലെ പ്രവർത്തന പരിചയത്തിലായാലും മുന്നിൽ നിൽക്കുന്ന ചെന്താമരാക്ഷനു വൈകിക്കിട്ടിയ അംഗീകാരമാണ് ജില്ലാ സെക്രട്ടറി സ്ഥാനമെന്നാണ് പൊതു അഭിപ്രായം.
ഇ.എൻ.സുരേഷ്ബാബു ചിറ്റൂർ കോളജിൽ പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയായിരുന്നു വി.ചെന്താമരാക്ഷൻ. സുരേഷ്ബാബു സെക്രട്ടറിയായ 2 കമ്മിറ്റികളിലും സെക്രട്ടേറിയറ്റ് അംഗമായി ചെന്താമരാക്ഷനുണ്ടായിരുന്നു. പക്ഷേ, രാഷ്ട്രീയത്തിൽ ബന്ധങ്ങൾക്കു സ്ഥാനമില്ലെന്നു മുൻപുതന്നെ തെളിയിച്ചതാണ് ചെന്താമരാക്ഷൻ. 2011ൽ നെന്മാറയിൽ മത്സരിക്കുമ്പോൾ എതിരാളിയായി യു.ഡി.എഫിൽ നിന്ന് മത്സരിച്ചത് സി.പി.എമ്മിലെ ഗർജിക്കുന്ന സിംഹമായിരുന്ന എം.വി.ആർ. ഗുരുവെന്ന ബഹുമാനം പ്രചാരണത്തിൽ ഉടനീളം കാണിച്ച ചെന്താമരാക്ഷൻ എം.വി.രാഘവനെ 8064 വോട്ടുകൾക്ക് തോൽപിച്ചു. 2001ൽ ആലത്തൂർ മണ്ഡലത്തിൽനിന്നു വിജയിച്ചാണു നിയമസഭയിൽ എത്തിയത്. 2006ൽ കൊല്ലങ്കോട്ടു നിന്നും 2011ൽ നെന്മാറയിൽ നിന്നും വിജയിച്ചു.
ചിറ്റൂർ കോളജിലെ ബിരുദപഠനകാലത്ത് വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്കെത്തി. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. യുവജന നേതാവെന്ന നിലയിൽ നിരവധി സമരപേരാട്ടങ്ങൾ നയിച്ചു. സി.പി.എം കാവശ്ശേരി ലോക്കൽ സെക്രട്ടറി, ആലത്തൂർ ഏരിയാ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. നിയമസഭാംഗമെന്ന നിലയിൽ വിവിധ കമ്മിറ്റികളിൽ അംഗമായിരുന്നു. നിലവിൽ കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |