
നേമം സഹകരണ ബാങ്കിൽ നടന്ന നിക്ഷേപത്തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നിട്ട് മാസങ്ങളായെങ്കിലും അന്വേഷണം ഇതുവരെയും എങ്ങുമെത്താതെ നീളുകയാണ്. മുന്നൂറോളം വരുന്ന നിക്ഷേപകരുടെ എഴുപതു കോടിയോളം രൂപ നഷ്ടമായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നിക്ഷേപകരുടെ പരാതിയിൽ ക്രൈംബ്രാഞ്ചാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. പൊലീസ് അന്വേഷണത്തിൽ തൃപ്തരാകാതെ അംഗങ്ങളിൽ ചിലർ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി ഓഫീസിൽ നിന്ന് നിക്ഷേപത്തട്ടിപ്പിനിരയായവരിൽ ചിലർക്ക് നോട്ടീസ് അയച്ചു തുടങ്ങിയിട്ടുണ്ട്. ബാങ്ക് പാസ്‌ബുക്ക്, പണം നിക്ഷേപിക്കുമ്പോൾ ലഭിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖകൾ, പൊലീസിനു സമർപ്പിച്ച പരാതിയുടെ കോപ്പി തുടങ്ങിയ രേഖകൾ സഹിതം ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഫെബ്രുവരി മൂന്നിന് നേരിട്ടു ഹാജരാകാനാണ് നിർദ്ദേശം.
ഇ.ഡിയുടെ ഇടപെടലിനെ നിക്ഷേപകർ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും പരാതിക്കാരെല്ലാവരും കൊച്ചിയിൽ നേരിട്ടെത്തി തെളിവു നൽകണമെന്ന നിബന്ധന നിക്ഷേപകരിൽ പലരെയും ബുദ്ധിമുട്ടിക്കുന്നതാണ്. പ്രത്യേകിച്ചും വയോജനങ്ങളെ. നിക്ഷേപത്തുക ഇനി എന്നു മടക്കിക്കിട്ടുമെന്നറിയാതെ ഉഴലുന്നവർക്ക് കൊച്ചി യാത്രയും ഇ.ഡിയ്ക്കു മുന്നിലെ തെളിവു നൽകലും അധിക ശിക്ഷയാകാനേ തരമുള്ളൂ. മുന്നൂറിലധികം നിക്ഷേപകർക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് അറിയുന്നത്. ആ നിലയ്ക്ക് ഇ.ഡി ഉദ്യോഗസ്ഥർ ബാങ്കിലോ മറ്റു നിർദ്ദിഷ്ട കേന്ദ്രത്തിലോ എത്തി നിക്ഷേപകരിൽ നിന്ന് തെളിവുകൾ ശേഖരിക്കുന്നതല്ലേ കൂടുതൽ ഉചിതം. യാത്രചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കും വയോജനങ്ങൾക്കും ഏറെ ഉപകാരമാകും അത്തരമൊരു നടപടി. പരാതിക്കാരെല്ലാം വണ്ടി പിടിച്ച് കൊച്ചിയിൽ എത്തണമെന്ന പൊല്ലാപ്പിന് അത് പരിഹാരവുമാകും. അന്വേഷണ നടപടികൾ പരാതിക്കാരെ കൂടുതൽ വിഷമത്തിലാക്കാതെ നടത്തുന്നതല്ലേ നല്ലത്?
നേമം സഹകരണബാങ്കിലെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ സെക്രട്ടറിമാരിൽ ഒരാൾ അറസ്റ്റ് ചെയ്യപ്പെട്ട് ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്. മറ്റൊരു മുൻ സെക്രട്ടറിക്കെതിരെയും ആരോപണമുണ്ടെങ്കിലും ഇതുവരെ അറസ്റ്റിലായിട്ടില്ല. നിക്ഷേപത്തട്ടിപ്പ് അന്വേഷണം ഊർജ്ജിതമല്ലെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിക്ഷേപകർ ഇ.ഡിയുടെ ഇടപെടൽ ആവശ്യപ്പെട്ട് അധികൃത കേന്ദ്രങ്ങളെ സമീപിച്ചത്. അന്വേഷണം നീണ്ടുപോകുന്തോറും നിക്ഷേപകർ ആകെ അങ്കലാപ്പിലാണ്. ഉള്ള സമ്പാദ്യമെല്ലാം നഷ്ടമാകുമോ എന്ന ആധിയിലാണവർ. കരുവന്നൂർ മുതൽ ഇങ്ങോട്ട് നിരവധി സഹകരണ ബാങ്കുകളിലെ നിക്ഷേപ തട്ടിപ്പുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.
തിരുവനന്തപുരത്തുതന്നെ ഇരുന്നൂറുകോടിയിൽപ്പരം രൂപയുടെ വെട്ടിപ്പുനടന്ന ബി.എസ്.എൻ.എൽ സഹകരണ ബാങ്ക് ഇതിൽ ഏറ്റവും മുന്നിലാണ്. കണ്ട്ല സഹകരണ ബാങ്കിലും നടന്നു, കോടാനുകോടികളുടെ നിക്ഷേപത്തട്ടിപ്പ്. സെക്രട്ടറിയും പ്രസിഡന്റും ഭരണസമിതിക്കാരും ഉദ്യോഗസ്ഥന്മാരുമെല്ലാം ചേർന്നുള്ള കൂട്ടായ്മയാണ് എല്ലാ തട്ടിപ്പുകളുടെയും പിന്നിലുള്ളത്. അംഗങ്ങൾ പല ആവശ്യങ്ങൾക്കുമായി സ്വരൂപിച്ച സമ്പാദ്യമാണ് ഇത്തരത്തിൽ സ്വാർത്ഥമതികളായ ഒരുകൂട്ടം ആളുകൾ ചേർന്ന് കൊള്ളയടിക്കുന്നത്. എല്ലാ തട്ടിപ്പുകേസുകളിലും അന്വേഷണം നടക്കുന്നതല്ലാതെ നിക്ഷേപകർക്കായി ആശ്വാസ നടപടികളുണ്ടാകുന്നില്ല. നിക്ഷേപകർക്ക് നഷ്ടമായ പണം എങ്ങനെ തിരിച്ചുകൊടുക്കാമെന്ന വിഷയത്തിൽ എത്രയും വേഗം ഒരു തീരുമാനമാണ് ഉണ്ടാകേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |