SignIn
Kerala Kaumudi Online
Friday, 23 October 2026 1.31 AM IST

ഇ.ഡി വരട്ടെ, പണം കിട്ടും

READ ENGLISH VERSION
ed

സംസ്ഥാനത്ത് പല തട്ടിപ്പുകളും ആവർത്തിക്കുന്നതിന്റെ പ്രധാന കാരണം ഒരിക്കൽ തട്ടിച്ച പണം,​ കേസായാൽ പിന്നെ ഒരിക്കലും തിരിച്ചുകൊടുക്കേണ്ടിവരില്ല എന്നതാണ്. വിചാരണയാകട്ടെ വർഷങ്ങളോളം നീളും. അതിനിടയിൽ പരാതിക്കാരിൽ പലരും ഇഹലോകവാസം വെടിഞ്ഞിരിക്കും. ശേഷിക്കുന്നവരാകട്ടെ പോയതു പോയി എന്നു പറഞ്ഞ് വിധിയെ പഴിച്ച് കഴിഞ്ഞുകൂടും. അതിനാൽ തട്ടിപ്പിൽ അകത്താവുന്നവർ ജാമ്യമെടുത്ത് പുറത്തിറങ്ങി വേറെ പേരിൽ പുതിയ തട്ടിപ്പ് തുടങ്ങും. മെഡിക്കൽ അഡ്‌‌മിഷൻ, ജോലി വാഗ്ദാനം, വിദേശത്ത് പഠനം, പണം ഇരട്ടിയാക്കൽ, മണി ചെയിൻ തരികിടകൾ, പകുതിവിലയ്ക്ക് സാധനം... തുടങ്ങിയവയാണ് സാധാരണഗതിയിൽ അരങ്ങേറുന്ന തട്ടിപ്പുകൾ. ചില സഹകരണ ബാങ്കുകൾ കേരളത്തിൽ നടത്തിയ തട്ടിപ്പുകൾ വ്യക്തികളുടെയും ദമ്പതികളുടെയുമൊക്കെ തട്ടിപ്പുകളെ കവച്ചുവയ്ക്കുന്ന രീതിയിലായിരുന്നു. ഇവിടങ്ങളിൽ നിക്ഷേപിച്ച പണം കിട്ടാതെ വന്നപ്പോൾ ആത്മഹത്യ ചെയ്തവരും ഇല്ലാതില്ല.

ചുരുക്കിപ്പറഞ്ഞാൽ,​ പണം തട്ടിയെടുത്തത് വഞ്ചനയിലൂടെയാണെന്ന് തെളിഞ്ഞാൽപ്പോലും വിചാരണയും വിധിയും അപ്പീലും അതിന്മേലുള്ള തുടർവിധിയുമൊക്കെ വർഷങ്ങളെടുത്ത് തീരുന്നതുവരെ പണം തിരിച്ചുനൽകാനുള്ള ഉത്തരവാദിത്വം ഒരു അന്വേഷണ ഏജൻസിയും ഏറ്റെടുക്കാറില്ല. അതിനാൽത്തന്നെ,​ പണം തിരികെ കിട്ടാനായി ആരുടെയടുത്തു പോയി ചോദിക്കണം എന്നതിനെക്കുറിച്ച് തട്ടിപ്പിനിരയായവർക്ക് ഒരു പിടിയും കിട്ടുകയുമില്ല. കേസായോ,​ പിന്നെ പണമില്ല എന്നതായിരുന്നു ഇതുവരെ ഇത്തരം സംഭവങ്ങളിൽ നടന്നുകൊണ്ടിരുന്നത്. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി, ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു, വീട്ടിൽ നിന്ന് ലക്ഷങ്ങളുടെ കറൻസി പിടിച്ചു എന്നൊക്കെ പത്രങ്ങളിൽ വരും. ഇതൊക്കെ കാണുമ്പോൾ പണം തിരികെ കിട്ടുമെന്ന പ്രതീക്ഷ തട്ടിപ്പിനിരയായവരിൽ ഉടലെടുക്കും. ശിഷ്ടകാലം ആ പ്രതീക്ഷയുമായി കഴിയാനായിരിക്കും അവരുടെ വിധി.

ഇതിൽ നിന്ന് വ്യത്യസ്തമായി,​ ചരിത്രത്തിൽ ആദ്യമായി ഒരു അന്വേഷണ ഏജൻസി വിചാരണ തീരുംമുമ്പ് പ്രതികളുടെ അനധികൃത സ്വത്തിൽ നിന്നെടുത്ത പണം ഇരകൾക്ക് തിരികെ നൽകിയിരിക്കുന്നു. കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് (ഇ.ഡി) പണം തിരികെ നൽകിയത്. ഇതൊരു വലിയ മാതൃകയായി മറ്റ് അന്വേഷണ ഏജൻസികളും കാണേണ്ടതാണ്. പണം പോയവർക്ക് അത് തിരികെ കിട്ടുമ്പോഴുള്ള സംതൃപ്തി മറ്റെന്തുകൊണ്ടും കിട്ടില്ല. തിരുവനന്തപുരത്തെ കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് സീറ്റിന് പണം നൽകി വഞ്ചിക്കപ്പെട്ടവർക്കാണ് ആദ്യമായി പണം മടക്കി കിട്ടിയത്. ആറ് കുട്ടികളുടെ രക്ഷിതാക്കൾക്ക് 89.75 ലക്ഷം രൂപ ഇ.ഡി കൊച്ചി ഓഫീസിൽ വച്ച് കൈമാറി. ഈറോഡ് സ്വദേശി തമിഴ് അരശ്, കാരക്കോണം സ്വദേശി സ്റ്റാൻലിരാജ്, കുളത്തൂപ്പുഴ സ്വദേശി രാജൻപ്രസാദ്, നാഗർകോവിൽ സ്വദേശികളായ പോൾ സെൽവരാജ്, ഇങ്കുദാസ്, ആര്യനാട് സ്വദേശി പ്രിയ ജെറാൾഡ് എന്നിവർക്കാണ് പണം മടക്കി കിട്ടിയത്.

ഒരിക്കലും കിട്ടില്ലെന്നു കരുതിയ ധനം അത്ഭുതത്തോടെയാണ് അതു നഷ്ടപ്പെട്ടവർ ഏറ്റുവാങ്ങിയത്. കേരളത്തിൽ ആദ്യമായാണ് ഇ.ഡിയുടെ ഇത്തരം നടപടി. ഏതെങ്കിലും കാരണവശാൽ പ്രതികളെ വെറുതെ വിട്ടാൽ മടക്കിത്തരണം എന്ന കരാറിലാണ് പണം നൽകിയത്. ഇതു സമ്മതിക്കുന്ന സത്യവാങ്മൂലം പരാതിക്കാർ വഞ്ചിയൂർ കോടതി മുഖേന നൽകിയിരുന്നു. ബാക്കിയുള്ളവർക്ക് കോളേജ് തന്നെ നേരത്തെ പണം മടക്കി നൽകിയെന്നാണ് അറിയുന്നത്.

കരുവന്നൂരിലെ സഹകരണ ബാങ്ക് തട്ടിപ്പിൽ 128 കോടി രൂപ ഇ.ഡി കണ്ടുകെട്ടിയിരുന്നു. ഇത് നിക്ഷേപം നഷ്ടപ്പെട്ടവർക്ക് ബാങ്ക് മുഖേന നൽകാൻ എതിർപ്പില്ലെന്ന് അറിയിച്ചെങ്കിലും ബാങ്ക് സഹകരിച്ചില്ല. ഈ പണം ബാങ്കിനു നൽകിയാൽ ആ പണം കൂടി നഷ്ടപ്പെടും. അതിനാൽ കോടതിയെ സമീപിച്ച് അനുവാദം വാങ്ങി ഇ.ഡി തന്നെ ആ പണം തിരികെ നൽകുന്നതാവും നല്ലത്. അങ്ങനെ വരുമ്പോൾ ഏതു തട്ടിപ്പിന്റെ അന്വേഷണത്തിനും ഇ.ഡി വരട്ടെ, പണം കിട്ടും എന്ന് ജനങ്ങൾ പറഞ്ഞുതുടങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION