SignIn
Kerala Kaumudi Online
Wednesday, 07 October 2026 2.29 AM IST

പൈലറ്റിന് ലഭിച്ച സ്നേഹമുത്തം

a

ഫ്ളൈ ദുബായ് വിമാനത്തിലെ പൈലറ്റും ഇന്ത്യക്കാരനുമായ ക്യാപ്ടൻ സ്മിത് മച്ചാറിന് ആശുപത്രി കിടക്കയിലെത്തി സ്നേഹമുത്തം നൽകുന്ന ദുബായ് കിരീടാവകാശിയുടെ ചിത്രം ഇന്ന് ലോകമെങ്ങും വൈറലാണ്. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന ഒരു നാമമായി സ്‌മിത് മച്ചാർ എന്ന പേര് മാറിയിരിക്കുന്നു. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും നാടായ യു.എ.ഇയുടെ ചരിത്രത്തിന്റെ ഭാഗമായി ഇന്ത്യക്കാരനായ ഈ പൈലറ്റ് മാറിയിരിക്കുന്നു എന്നാണ് ദുബായ് പ്രതിരോധമന്ത്രി കൂടിയായ ഷെയ്‌ഖ് ഹംദാൻ സമൂഹ മാദ്ധ്യമമായ എക്‌സിൽ കുറിച്ചത്. ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവൻ രക്ഷിക്കാനും വൻ ദുരന്തം ഒഴിവാക്കാനും ധീരമായി പോരാടിയ പൈലറ്റിന്റെ ഉത്തരവാദിത്വ ബോധത്തെയും ധീരതയെയും ഷെയ്‌ഖ് ഹംദാൻ അഭിനന്ദിക്കുകയും ചെയ്തു. സെപ്തംബർ 30ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് 180ഓളം യാത്രക്കാരുമായി പറക്കുകയായിരുന്ന ഫ്ളൈ ദുബായ് വിമാനത്തിൽ ഒമാൻ സ്വദേശിയായ സഹപൈലറ്റ് പ്രാർത്ഥിക്കാൻ എന്ന വ്യാജേന എഴുന്നേറ്റ് യാതൊരു പ്രകോപനവുമില്ലാതെ സ്‌മിത് മച്ചാറിനെ അടിയന്തര സാഹചര്യങ്ങളിൽ കോക്ക്‌പിറ്റിൽ ഉപയോഗിക്കാൻ സൂക്ഷിച്ചിരുന്ന ക്രൂ ആക്സ് കൊണ്ട് ആക്രമിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയുമായിരുന്നു.

സ്വന്തം ജീവൻ പണയം വച്ച് പോരാടിയാണ് സ്മിത് ഈ ആക്രമണത്തെ പ്രതിരോധിച്ചതും കോക്ക്‌പിറ്റ് തുറന്ന് യാത്രക്കാർക്ക് കയറാനും വിമാനം രക്ഷിക്കാനും വഴിയൊരുക്കിയത്. വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാരാണ് പിന്നീട് നിയന്ത്രണം ഏറ്റെടുത്ത് സൗദിയിൽ സുരക്ഷിതമായി ഇറക്കിയത്. ആഗോള വ്യോമയാന മേഖലയിലെ ഏറ്റവും കറുത്ത അദ്ധ്യായങ്ങളിലൊന്നായി മാറുമായിരുന്ന ഒരു വൻ ദുരന്തമാണ് ഇതുവഴി ഒഴിവായത്. സംഭവത്തെക്കുറിച്ച് യു.എ.ഇയും സൗദിയും സംയുക്തമായി അന്വേഷണം നടത്തിവരികയാണ്. പ്രാഥമികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഫ്ളൈ ദുബായ് വിമാനത്തിൽ നടന്നത് ഭീകരാക്രമണമായിരുന്നെന്ന് യു.എ.ഇ സ്ഥിരീകരിച്ചിട്ടുണ്ട്. കോക്ക്പിറ്റിൽ പൈലറ്റിനെ ആയുധം ഉപയോഗിച്ച് ആക്രമിക്കുന്നതിനെ ഭീകരപ്രവർത്തനമെന്നല്ലാതെ മറ്റൊന്നായി വിശേഷിപ്പിക്കാനാവില്ല.

ലോകത്ത് ഭീകരപ്രവർത്തനം നടത്താൻ പല മാർഗങ്ങളും ഭീകര സംഘടനകൾ ആവിഷ്കരിക്കാറുണ്ട്. അതെല്ലാം ഭീകര ക്യാമ്പുകളിൽ പരിശീലനം ലഭിച്ച ഭീകരർ തന്നെ നേരിട്ട് ചെയ്യുന്നതാകണമെന്നില്ല. പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സമാന ചിന്താഗതിയുള്ളവരെ ഉപയോഗിച്ചും ഭീകര പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഒട്ടേറെ ചരിത്രങ്ങൾ നമുക്ക് മുന്നിലുണ്ട്. അതിന്റെ ഏറ്റവും വലിയ മുറിപ്പാട് ഏറ്റുവാങ്ങിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഭീകരവാദം തലയ്ക്കുപിടിച്ച അംഗരക്ഷകർ തന്നെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ വെടിവച്ച് കൊന്നത്. അതിനാൽ ഭീകരപ്രവർത്തനമായി തന്നെയാണ് ഫ്ളൈ ദുബായ് സംഭവത്തെയും കാണേണ്ടത്. ദുരന്തം സംഭവിച്ചിരുന്നെങ്കിൽ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടനകൾ മുന്നോട്ടുവരികയും ചെയ്യുമായിരുന്നു.

സ്മിതിന്റെ അസാമാന്യമായ ധൈര്യത്തെയും സമയോചിതമായ ഇടപെടലിനെയും അഭിനന്ദിക്കുന്നതായും രാജ്യം അദ്ദേഹത്തെ ഓർത്ത് അഭിമാനിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ വിളിച്ച് അറിയിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ഫോണിൽ വിളിച്ച് സ്മിതിനെ ഇസ്രയേലിന്റെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പരമോന്നത അവാർഡ് നൽകി ആദരിക്കുന്നതിനായി ക്ഷണിക്കുകയും ചെയ്തു. സ്‌മിതിന് ധീരതയ്ക്കുള്ള പുരസ്കാരം നൽകണമെന്ന് ഇന്ത്യൻ പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷൻ ഒഫ് ഇന്ത്യൻ പൈലറ്റ്‌സ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്ളൈ ദുബായ് സംഭവം ആഗോള വ്യോമയാന മേഖലയിൽ സൃഷ്ടിച്ചിട്ടുള്ള ആശങ്കകളും ഉത്‌കണ്ഠകളും ചെറുതല്ല. പൈലറ്റുമാരുടെ പശ്ചാത്തലവും സൂക്ഷ്‌മ നിരീക്ഷണത്തിന് വിധേയമാക്കേണ്ടത് ആവശ്യമാണെന്ന വസ്തുതയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL, PILOT, FLYDUBAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION