
തനതു നെല്ലിനങ്ങളും പൈതൃകവും സംരക്ഷിച്ച പദ്മശ്രീ ചെറുവയൽ രാമന്റെ വിയോഗത്തോടെ വയനാട്ടിലെ പരമ്പരാഗത നെൽവിത്തുകളുടെ കാവലാളിനെയാണ് നഷ്ടമായിരിക്കുന്നത്. വയനാടിന്റെ നെല്ലച്ഛൻ എന്നറിയപ്പെട്ടിരുന്ന ചെറുവയൽ രാമൻ മണ്ണിനെ സ്നേഹിച്ചതിനൊപ്പം അതിൽ വിളയുന്ന പൈതൃക വിത്തുകൾ വരും തലമുറയ്ക്കായി കരുതിവയ്ക്കുകയും ചെയ്തു. ഇതിലൂടെ വെറുമൊരു കർഷകനെന്നതിലുപരി ഒരു നാടിന്റെ വേരുകൾ അന്യം നിന്നുപോകാതെ കാത്തുസൂക്ഷിച്ച മഹാനായ കർഷകനായി അദ്ദേഹം മാറുകയായിരുന്നു. മൂന്നരയേക്കർ പാടത്ത് രാമൻ നടത്തിയ വിപ്ളവം കാർഷിക ചരിത്രത്തിൽ വേറിട്ടുനിൽക്കാൻ പോന്നതാണ്. ഹരിത വിപ്ളവത്തിന്റെ ഭാഗമായി രാസവളങ്ങളും അത്യുത്പാദന ശേഷിയുള്ള സങ്കരയിനം വിത്തുകളും നമ്മുടെ പാടശേഖരങ്ങളെ കീഴടക്കിയപ്പോഴും പരമ്പരാഗത വിത്തുകളുടെ തനിമ കൈവിടാതിരിക്കാൻ രാമൻ ഉറച്ചുനിന്നു.
ചെമ്പകം, ചെന്താടി, ഓണമൊട്ടൻ, ചേറ്റുവെളിയൻ, ചെന്നെല്ല് തുടങ്ങി അന്യംനിന്നു പോകുമായിരുന്ന അപൂർവ നാടൻ നെൽവിത്തുകളാണ് രാമൻ തന്റെ കമ്മനയിലെ മൂന്നരയേക്കർ പാടത്ത് ജൈവരീതിയിൽ കൃഷിചെയ്ത് സംരക്ഷിച്ചത്. വിത്തുകൾ പണത്തിന് വിൽക്കാതെ കൃഷിചെയ്ത് തിരിച്ചുതരണമെന്ന ഉറപ്പിൽ മാത്രം മറ്റുള്ളവർക്ക് കൈമാറുന്ന അദ്ദേഹത്തിന്റെ രീതി കച്ചവട മാർഗങ്ങൾക്ക് മുൻഗണന നൽകിയ കാർഷിക ലോകത്തിന് വലിയൊരു പാഠമായിരുന്നു. പത്താം വയസിൽ പാടത്തിറങ്ങുമ്പോൾ ഭാവിയിൽ താൻ നാടാകെ അറിയപ്പെടുമെന്നും പദ്മശ്രീലാളിതനാകുമെന്നും രാമൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ജീവിതത്തിൽ ഒരിക്കൽ പോലും ബാങ്ക് വായ്പകളോ സബ്സിഡികളോ തേടി രാമൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയിട്ടില്ല. അറുപതോളം തദ്ദേശീയ നെൽവിത്തിനങ്ങളെവരെ നാശത്തിൽ നിന്ന് സംരക്ഷിച്ച് നിലനിറുത്തിയതിലൂടെയാണ് രാമൻ രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. 2000- 2005 കാലയളവിലാണിത്.
2011ൽ ഹൈദരാബാദിൽ നടന്ന 11 രാജ്യങ്ങളുടെ ജൈവവൈവിദ്ധ്യ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 2018ൽ ബ്രസീലിലെ ബേലം അന്താരാഷ്ട്ര പ്രകൃതി സമ്മേളനം ഉൾപ്പെടെ 11 രാജ്യങ്ങളിൽ വിവിധ സമ്മേളനങ്ങളിൽ അതിഥിയായി. 2016ൽ കേരള കാർഷിക സർവകലാശാല സെനറ്റ് അംഗമാക്കി. ആ പദവിയിലെത്തിയ ആദ്യ കർഷകനായിരുന്നു രാമൻ. 2023ലാണ് പദ്മശ്രീ ലഭിച്ചത്. ഒന്നും പ്രതീക്ഷിക്കാതെ മണ്ണിനെയും വിത്തിനങ്ങളെയും ആത്മാർത്ഥമായി സ്നേഹിച്ചുകൊണ്ട് രാമൻ നടത്തിയ ഒറ്റയാൾ ഗാഥ സമാനതകളില്ലാത്തതാണ്. നൂറുവർഷം മുമ്പ് വയനാട്ടിലുണ്ടായിരുന്ന മുപ്പതോളം നെല്ലിനങ്ങളാണ് അദ്ദേഹം സ്വന്തം കൃഷിയിടത്തിൽ കൃഷിചെയ്ത് സംരക്ഷിച്ചുവന്നിരുന്നത്. കൃഷിയെ മാത്രം ആശ്രയിച്ച് മണ്ണിൽ പണിയെടുത്ത കർഷകനായിരുന്നു അദ്ദേഹം. ചെറുവയൽ കുറിച്യ തറവാട്ടിൽ കേളപ്പന്റെയും തേയിയുടെയും മകനായി 1952ലാണ് ജനനം.
അഞ്ചാം ക്ളാസുവരെ മാത്രമേ പഠിക്കാൻ കഴിഞ്ഞുള്ളൂ. കാർഷിക ലോകത്ത് രാസവളങ്ങളുടെ വരവോടെ വാണിജ്യവത്കരണം ആധിപത്യം സ്ഥാപിച്ച കാലത്തും ഒഴുക്കിനെതിരെ നീന്തി പരമ്പരാഗത വിത്തുകൾ മാത്രം ഉപയോഗിച്ച് ജൈവരീതിയിലുള്ള നെൽകൃഷിയിൽ രാമൻ ഉറച്ചുനിന്നു. അതാണ് രാമനെ ലോകം ശ്രദ്ധിച്ച വ്യത്യസ്തനായ കൃഷിക്കാരനാക്കി മാറ്റിയത്. അനേകയിനം നെൽവിത്തുകൾ അദ്ദേഹം ചെറുവയലിലെ മൺവീട്ടിൽ സംരക്ഷിച്ചുപോന്നിരുന്നു. വിത്ത് സംരക്ഷിക്കാനും പരമ്പരാഗതമായ രീതിയാണ് അദ്ദേഹം അവലംബിച്ചിരുന്നത്.
വലിയ സാമ്പത്തിക നേട്ടങ്ങളോ ആധുനിക സാങ്കേതിക വിദ്യകളോ ഇല്ലാതെയും ഒരാൾക്ക് സമൂഹത്തിനും രാജ്യത്തിനും വിലപ്പെട്ട സംഭാവനകൾ നൽകാനാവുമെന്ന് തെളിയിച്ചതായിരുന്നു രാമന്റെ ജീവിതം. ചെറുവയൽ രാമൻ കാത്തുസൂക്ഷിച്ച അപൂർവ വിത്തുശേഖരത്തെ വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കാനുള്ള കടമ കാർഷിക സർവകലാശാല നിറവേറ്റണം. അതാവും അദ്ദേഹത്തോട് ചെയ്യാനാവുന്ന ഏറ്റവും വലിയ ആദരവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |