
ഒരു മേഖലയിൽ കൈവരിച്ച മികവ് അതേ മേഖലയിൽ മറ്റൊന്നിന് അയോഗ്യതയായി മാറുന്നത് വിചിത്രമായി തോന്നാമെങ്കിലും എയിംസിനു വേണ്ടി കേരളം കേന്ദ്ര സർക്കാരിനു മുന്നിൽ എത്രയോ കാലമായി ഉന്നയിക്കുന്ന ആവശ്യം ഇനിയും വൈകുന്നതിന് ഒരു കാരണം അതാണെന്നത് ദു:ഖകരം തന്നെയാണ്. ഇന്ത്യയിൽ സർക്കാർ മേഖലയിൽ ചികിത്സാ, പഠന, ഗവേഷണരംഗങ്ങളിൽ എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്) കേന്ദ്രങ്ങൾക്ക് ഒന്നാം സ്ഥാനമുണ്ട്. ഒരു സംസ്ഥാനത്തിന് ആരോഗ്യ മേഖലയിലെ ഏറ്റവും ഉന്നതമായ സ്ഥാപനം അനുവദിച്ചു നൽകുന്നത് ആ സംസ്ഥാനത്തിന് ആരോഗ്യരംഗത്തുള്ള പിന്നാക്കാവസ്ഥ നോക്കിയാണ് എന്ന മാനദണ്ഡം തന്നെ അശാസ്ത്രീയമാണ്. അത്തരം സംസ്ഥാനങ്ങളിൽ ആദ്യം ഉറപ്പാക്കേണ്ടത് പ്രാഥമികതല ആരോഗ്യ ചികിത്സാ സൗകര്യങ്ങളും, എല്ലാവർക്കും കുറഞ്ഞ ചെലവിൽ ആരോഗ്യസേവനം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളുമല്ലേ.
സർക്കാർ ചികിത്സാ മേഖലയിൽ കേരളം സ്വീകരിച്ചിട്ടുള്ള ത്രിതല സംവിധാനവും കുറഞ്ഞ ശിശുമരണ നിരക്ക് ഉൾപ്പെടെ ആരോഗ്യരംഗത്തെ മറ്റു നേട്ടങ്ങളും ലോകത്തിനു തന്നെ മാതൃകയാണ്. ആ നേട്ടം മാത്രം പരിഗണിച്ച് എത്രയോ കാലം മുമ്പേ കേരളത്തിന് രാജ്യത്തെ ഏറ്റവും ഉന്നതമായ ആരോഗ്യസ്ഥാപനം അനുവദിച്ചു കിട്ടേണ്ടതായിരുന്നു. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 20 എയിംസ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. തമിഴ്നാട്ടിൽ ഉൾപ്പെടെ അഞ്ചിടത്ത് അവ നിർമ്മാണഘട്ടത്തിലാണ്. രണ്ട് എയിംസ് ഉള്ള സംസ്ഥാനങ്ങളുമുണ്ട്. അപ്പോഴാണ് ഒരു ദശകത്തിലധികമായി കേരളം ഉന്നയിക്കുന്ന ന്യായമായ ആവശ്യം വൈകിക്കുന്നതിന് മികവ് ഒരു തടസമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്! എയിംസ് സ്ഥാപിക്കുന്നതിന് ഉചിതമായ സ്ഥലം കണ്ടെത്തി അറിയിക്കാൻ കേന്ദം 2014ൽ കേരളത്തിന് കത്തെഴുതിയിരുന്നു. അതിനുശേഷം പലപ്പോഴായി തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ സൗകര്യപ്രദമായ സ്ഥലങ്ങളുടെ വിവരമടക്കം കേരളം അറിയിക്കുകയും ചെയ്തതാണ്.
എന്തായാലും, കേരളത്തിന്റെ എയിംസ് ആവശ്യത്തോട് കേന്ദ്രം അനുകൂല തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദ്ദേശിച്ചത് ശുഭസൂചനയായി കരുതാം. ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടം അയോഗ്യതയായി മാറുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. കേരളത്തിന് എയിംസ് അനുവദിച്ചു കിട്ടിയാൽ അത് സർക്കാർ മേഖലയിൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾക്കു മാത്രമല്ല, പഠന, ഗവേഷണ മേഖലകളിലും വലിയ നേട്ടങ്ങൾക്ക് വഴിതുറക്കും. എയിംസ് അനുവദിക്കുന്നതിൽ ആറാഴ്ചയ്ക്കകം നിലപാട് അറിയിക്കാനാണ് ഹൈക്കോടതി കേന്ദ്രത്തോട് പറഞ്ഞിരിക്കുന്നത്. മികവ് സംബന്ധിച്ച കോടതിയുടെ ചോദ്യം കേന്ദ്രത്തിന്റെ കണ്ണു തുറപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.
കുറഞ്ഞ ചെലവിലെ ചികിത്സയ്ക്ക് സർക്കാർ മേഖലയിൽ സാർവത്രിക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു പറയുമ്പോഴും, അത്യാധുനിക ചികിത്സകളുടെ കാര്യം വരുമ്പോൾ വമ്പൻ സ്വകാര്യ ആശുപത്രികളിലേ അതിനു സൗകര്യമുണ്ടാകൂ. അത്തരം ആശുപത്രികളെ സാധാരണക്കാർക്ക് ആശ്രയിക്കാനാവുമോ എന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദിച്ചിരുന്നു. ലോകോത്തര ചികിത്സാ സൗകര്യം സർക്കാർ മേഖലയിൽ ഒരുക്കുന്നതിന് ഏറ്റവും സഹായകമായ സംവിധാനമാണ് എയിംസ്. ആരോഗ്യ മേഖലയിൽ പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിൽ അടിസ്ഥാന ചികിത്സാ സൗകര്യങ്ങൾ വ്യാപകമാക്കുകയും, ആരോഗ്യ പരിരക്ഷാ പദ്ധതികളിലൂടെ ആ പിന്നാക്കാവസ്ഥ പരിഹരിക്കുകയുമാണ് ആദ്യം വേണ്ടത്. കേരളത്തിന്റെ കാര്യം വ്യത്യസ്തമാണ്. ആ യാഥാർത്ഥ്യം കേന്ദ്ര സർക്കാരിനു മുന്നിൽ ആവർത്തിച്ചുറപ്പിച്ച് എങ്ങനെയും എയിംസ് അനുവദിപ്പിക്കുന്നതിനുള്ള ശ്രമം സംസ്ഥാനത്തിന്റെ ഭാഗത്തു നിന്നുണ്ടാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |