SignIn
Kerala Kaumudi Online
Friday, 09 October 2026 2.52 AM IST

വിവാദം വിടാതെ ഉത്തരവുകൾ

elephant

കുറച്ച് വർഷങ്ങളായി ഇടുക്കിയിലെ സാധാരണക്കാരുടെ അതിജീവനത്തിന് വെല്ലുവിളിയുയർത്തുന്നത് ചില സർക്കാർ ഉത്തരവുകളാണ്. കഴിഞ്ഞ ഇടത് സർക്കാരിന്റെ കാലത്ത് അത് ഭൂവിനിയോഗ ഉത്തരവുകളും നിർമ്മാണ നിരോധന ഉത്തരവുകളുമായിരുന്നു. എന്നാൽ യു.ഡി.എഫ് സർക്കാർ വന്നിട്ടും വിവാദ ഉത്തരവുകൾക്ക് കുറവില്ല.

ഒരാഴ്ചയ്ക്കിടയിൽ രണ്ട് ഉത്തരവ്

കഴിഞ്ഞ മാസം ഒരാഴ്ചത്തെ ഇടവേളയിൽ ഇടുക്കി ജില്ലാ കളക്ടർ ഇറക്കിയത് രണ്ട് ഉത്തരവുകളാണ്. കഴിഞ്ഞ 23നാണ് ആനത്താരകളിൽ കാട്ടാനകളുടെ സഞ്ചാരത്തിന് തടസമാകുന്ന നിർമ്മിതികൾ പൊളിച്ചു മാറ്റാൻ ഇടുക്കി ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഉത്തരവിട്ടത്. 25ന് ജില്ലയിലെത്തിയ മുഖ്യമന്ത്രിയും വനം മന്ത്രിയും പൊളിച്ചുനീക്കൽ ഉത്തരവ് അനധികൃത നിർമാണങ്ങൾക്ക് മാത്രമേ ബാധകമാകുയെന്ന് പ്രഖ്യാപിച്ച് ഉത്തരവിനെ ലഘൂകരിച്ചെങ്കിലും ഉത്തരവ് നിലനിൽക്കുകയാണ്. അതിന് ശേഷം 28ന് തോട്ടംമേഖലകളിലെ രാത്രിയാത്ര നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് വ്യാപകമായ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. മനുഷ്യ- വന്യജീവി സംഘർഷസാദ്ധ്യത കണക്കിലെടുത്ത് ജനങ്ങളുടെ സുരക്ഷയെ കരുതിയാണ്, തോട്ടങ്ങളിൽ രാത്രി സമയത്തെ മനുഷ്യസഞ്ചാരം കർശനമായി നിയന്ത്രിക്കുന്നതെന്നാണ് ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ടിന്റെ ഉത്തരവിൽ പറയുന്നത്. വനമേഖലയോട് ചേർന്നുകിടക്കുന്ന തോട്ടങ്ങളിൽ വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെയുള്ള മനുഷ്യ സഞ്ചാരവും രാത്രി സമയത്തെ തോട്ടങ്ങളിലെ പണികളും നിറുത്തി വയ്പിക്കുന്നതിന് മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്കും തോട്ടം ഉടമകൾക്കും കർശനമായ നിർദേശം നൽകണമെന്ന് നിർദേശിക്കുന്നുവെന്നാണ് ഉത്തരവ്. മൂന്നാർ, പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിലെ പ്ലാന്റേഷൻ ഇൻസ്‌പെക്ടർമാർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. രാത്രി 6ന് ശേഷം തോട്ടംമേഖലയിലുള്ളവർക്ക് പുറത്തിറങ്ങാനാകാത്ത വിധം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഉത്തരവെന്നാണ് വിമർശനമുയരുന്നത്. മൂന്നാർ,പീരുമേട്,ഉടുമ്പൻചോല താലൂക്കുകൾ പൂർണമായും വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളാണ്. വനമേഖയോട് ചേർന്നുള്ള തോട്ടം മേഖലകളിൽ തൊഴിലാളികളുടെ രാത്രി സഞ്ചാരം നിരോധിക്കുമ്പോൾ ആ സമയങ്ങളിൽ ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾ മനുഷ്യരുടെ നിയമലംഘനം മൂലമാണെന്ന് വരുത്താനും ഈ ഉത്തരവുകൊണ്ടു സാധിക്കുമെന്നാണ് പ്രധാന വിമർശനം. യൂക്കാലിപ്റ്റസ്, പൈൻ തോട്ടങ്ങളും എല്ലാം വനമേഖലയോടു ചേർന്നുള്ള പ്രദേശം എന്ന നിർവചനത്തിൽ പെടും. മൂന്നാർ, പീരുമേട് എന്നിവിടങ്ങളിൽ കുറ്റിക്കാടുകളും യൂക്കാലിപ്റ്റസ്, പൈൻ തോട്ടങ്ങളും നിറഞ്ഞ മേഖലകളിൽ നിന്നാണ് ആന, കടുവ, പുലി, കരടി, കാട്ടുപോത്ത്, പന്നി തുടങ്ങിയ വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത്. തോട്ടം മേഖലകളിലാണ് നിലവിൽ നിയന്ത്രണമെങ്കിലും വനമേഖലയ്ക്കുള്ളിലൂടെയുള്ള സംസ്ഥാന, ദേശീയ പാതകളിലൂടെയുള്ള യാത്രകളെയും ഉത്തരവ് ബാധിക്കുമോയെന്ന ആശങ്കയുണ്ട്. സംസ്ഥാന, ദേശീയ പാതകളിലും വന്യജീവികളുടെ ആക്രമണങ്ങൾ സർവസാധാരണമാണ്.

ഉത്തരവല്ല, വെറും കത്തെന്ന്

രണ്ടാമത്തെ ഉത്തരവ് വലിയ വിവാദമായതോടെ ജില്ലയിൽ രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തിയെന്ന രീതിയിൽ നടക്കുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന വിശദീകരണവുമായി രണ്ട് ദിവസത്തിന് ശേഷം ജില്ലാ കളക്ടർ രംഗത്തെത്തി. ജില്ലയിലെ പൊതുഗതാഗതത്തിന് തടസമാകുന്ന തരത്തിലുള്ള യാതൊരു ഉത്തരവും ജില്ലാ ദുരന്തനിവാരണ അതോറിട്ടി പുറപ്പെടുവിച്ചിട്ടില്ലെന്ന് കളക്ടർ പറയുന്നു. മൂന്നാർ, പീരുമേട്, ഉടുമ്പഞ്ചോല പ്ലാന്റേഷൻ ഇൻസ്‌പെക്ടർമാർക്ക് നൽകിയ കത്തിനെ ചിലർ തെറ്റായി വ്യാഖ്യാനിച്ച് അപകീർത്തികരമായ പ്രചാരണം നടത്തുകയായിരുന്നെന്നാണ് കളക്ടർ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് കത്ത് എന്ന് സൂചന നൽകി പ്ലാന്റേഷൻ ഇൻസ്‌പെക്ടർമാർക്കായി വിശദമായ കുറിപ്പും ഇന്നലെ പുറത്തിറക്കി. ഇതിൽ വനമേഖലയോട് ചേർന്ന് കിടക്കുന്ന തോട്ടങ്ങൾക്കുള്ളിൽ വൈകിട്ട് ആറ് മുതൽ രാവിലെ ആറ് വരെ പൊതുജനങ്ങൾ പ്രവേശിക്കുന്നത് ഒഴിവാക്കാനും തോട്ടം ഉടമകളെയും തൊഴിലാളികളെയും ബോധവത്കരിക്കാനും വേണ്ടിയുള്ള നിർദ്ദേശം മാത്രമാണ് നൽകിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തോട്ടങ്ങളിൽ പതിയിരിക്കുന്ന വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് ആളുകളെ സംരക്ഷിക്കാനാണ് ഈ നടപടി. അതേസമയം, റെഡ്/ ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കുമ്പോഴും വന്യജീവി സാന്നിധ്യമുള്ള സമയങ്ങളിലും വനം വകുപ്പും റാപ്പിഡ് റെസ്‌പോൺസ് ടീമും നൽകുന്ന ജാഗ്രതാനിർദ്ദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണമെന്നും കളക്ടറുടെ പുതിയ വിശദീകരണ കത്തിൽ പറയുന്നു. എന്നാൽ, രാത്രി സമയത്തെ തോട്ടത്തിലെ പണികൾ നിറുത്തിവയ്ക്കണമെന്ന നിർദ്ദേശം പുതിയ കത്തിൽ ഇല്ലെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ 10 വർഷത്തിനിടെ ജില്ലയിൽ വന്യജീവി ആക്രമണത്തിൽ 81 പേർ മരിക്കുകയും 486 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കാട്ടാനകളുടെ സഞ്ചാരപാതയിലെ അനധികൃത നിർമ്മിതികൾ, കൂറ്റൻ മരങ്ങളിൽ കെട്ടിയ സ്റ്റീൽ റോപ്പുകൾ, വേലികൾ എന്നിവ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് പട്ടയഭൂമിയിലെ കർഷകരെ ബാധിക്കില്ലെന്ന് കളക്ടർ പറയുന്നു. സർക്കാർ വനഭൂമികളിലെ കൈയേറ്റങ്ങൾക്കും റിസോർട്ടുകളിൽ ആനകളെ ആകർഷിക്കാൻ ഉപ്പ് വയ്ക്കുന്നത് പോലുള്ള പ്രവർത്തനങ്ങൾക്കുമെതിരെയാണ് നടപടി സ്വീകരിക്കുന്നത്. കെട്ടിട നിർമ്മാണ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന റിസോർട്ടുകൾക്കെതിരെ പഞ്ചായത്ത് അധികൃതർ ശക്തമായ നടപടിയെടുക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.

ആനത്താര തുറന്നത് ഫലം കണ്ടെന്ന്

ഇതിനിടെ ചിന്നക്കനാലിൽ നിന്ന് മതികെട്ടാനിലേക്കുള്ള പാരമ്പര്യ ആനത്താരയിലുണ്ടായിരുന്ന അനധികൃത കൈയേറ്റങ്ങളും വേലികളും നീക്കം ചെയ്തത് ഗുണമായെന്ന അവകാശവാദവുമായി വനംവകുപ്പ് രംഗത്തെത്തി. സഞ്ചാരപഥം തിരികെ ലഭിച്ചതോടെ 'ചക്കക്കൊമ്പൻ' എന്ന കാട്ടാന വർഷങ്ങൾക്ക് ശേഷം ഈ വഴിയിലൂടെ മതികെട്ടാൻ ഭാഗത്തേക്ക് മടങ്ങിയെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഏലകൃഷിയും അനധികൃത നിർമാണങ്ങളും കാരണം ആനത്താര തടസപ്പെട്ടതോടെയാണ് പ്രദേശത്ത് മനുഷ്യവന്യജീവി സംഘർഷം രൂക്ഷമായത്. ഭക്ഷണവും വെള്ളവും തേടി സമീപത്തെ പുൽമേടുകളിലേക്കും വനമേഖലകളിലേക്കും പോകാൻ വഴിയില്ലാതെ വന്നത് അപകടങ്ങൾക്ക് കാരണമായിരുന്നു. സെപ്തംബർ 23ന് ആനയുടെ ആക്രമണത്തിൽ പന്തടിക്കളം സ്വദേശി പുത്തൻപുരയ്ക്കൽ വിജയൻ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള ജനരോഷവും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. തുടർന്ന് വനം, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരും തദ്ദേശവാസികളും പഞ്ചായത്ത് അധികൃതരും തമ്മിൽ നടത്തിയ ചർച്ചയിലാണ് മേഖലയിലെ അനധികൃത വേലികളും സോളാർ ഫെൻസിംഗുകളും നീക്കാൻ തീരുമാനമായത്. ഇതിന്റെ അടിസ്ഥാനത്തിൽ റവന്യൂ ഭൂമി കൈയേറി ആർ.എസ് എസ്റ്റേറ്റിന് ചുറ്റും സ്ഥാപിച്ചിരുന്ന സോളാർ വേലി ഉൾപ്പെടെയുള്ളവ ഉദ്യോഗസ്ഥർ പൊളിച്ചുനീക്കി. അതേസമയം, നാട്ടുകാരുടെ പട്ടയ ഭൂമിയിലെ വേലികൾക്കൊന്നും തന്നെ മാറ്റം വരുത്തിയിട്ടില്ല. വേലികൾ നീക്കിയതോടെ ചക്കക്കൊമ്പൻ സുരക്ഷിതമായി പുറത്തുകടക്കുകയും പഴയ സഞ്ചാരപഥത്തിലൂടെ മതികെട്ടാനിലേക്ക് പോവുകയും ചെയ്തു. ആനത്താര പുനഃസ്ഥാപിക്കാൻ സാധിച്ചതും പ്രദേശത്തെ വന്യജീവി സംഘർഷത്തിന് പരിഹാരം കാണാൻ കഴിഞ്ഞതും പ്രധാന നേട്ടമായാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION