SignIn
Kerala Kaumudi Online
Saturday, 10 October 2026 1.03 AM IST

വോട്ടർ പട്ടിക,​ സ്ഥാപനപരമായ പരിശോധന

sir

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷനും അതിന്റെ 'പ്രത്യേക തീവ്ര പുനപ്പരിശോധനാ' (SIR)നടപടിയും സംബന്ധിച്ച സംവാദം വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്ത പേരുകളുടെ എണ്ണത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. വോട്ടർപട്ടിക എങ്ങനെ തയ്യാറാക്കുന്നു, പരിശോധിക്കുന്നു, തിരുത്തുന്നു എന്നതിനെക്കുറിച്ചും, തിരഞ്ഞെടുപ്പ് കമ്മിഷനുള്ളിൽ തീരുമാനങ്ങൾ എടുക്കാൻ ആർക്കാണ് അധികാരമുള്ളത് എന്നതിനെക്കുറിച്ചും കൂടിയുള്ളതാണ് ഈ ചർച്ചകൾ. കൃത്യമായ വോട്ടർപട്ടികയും എല്ലാവരെയും ഉൾക്കൊള്ളുന്ന വോട്ടർ രജിസ്‌ട്രേഷനും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിറുത്തേണ്ടതിന്റെ പ്രാധാന്യം SIR നടപടിക്രമം എടുത്തുകാണിക്കുന്നു.

ബൂത്ത് ലെവൽ ഓഫീസർമാരുടെ ഭവന സന്ദർശനങ്ങൾ, ദുർബല വിഭാഗങ്ങൾക്കായുള്ള പ്രത്യേക സഹായ കേന്ദ്രങ്ങൾ, ബൂത്ത് ലെവൽ ഏജന്റുമാരുടെ സഹായം, ഓൺലൈനായി രേഖകൾ സമർപ്പിക്കാനുള്ള സൗകര്യം തുടങ്ങിയ നടപടികൾ ഈ പ്രക്രിയ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ആവിഷ്‌കരിച്ചവയാണ്. 2025 ജൂൺ 24നും 2026 ഒക്ടോബറിനുമിടയിൽ 2.37 കോടി ജെൻസി വോട്ടർമാർ പുതുതായി ചേരുന്ന സാഹചര്യത്തിൽ, അർഹരായ എല്ലാ പൗരന്മാർക്കും വോട്ടർപട്ടികയിൽ പേരുചേർക്കാനും തങ്ങളുടെ വിവരങ്ങൾ പരിശോധിക്കാനും കഴിയുമെന്ന് ഉറപ്പാക്കുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ പങ്കാളിത്തത്തിൽ നിർണായകമാണ്.


അതുകൊണ്ട്, എസ്.ഐ.ആർ എന്താണെന്നും, എന്തുകൊണ്ട് നടപ്പിലാക്കി എന്നും, അർഹരായ വോട്ടർമാർ ഒഴിവാക്കപ്പെടുന്നത് തടയാൻ ഉദ്ദേശിച്ചുള്ള സുരക്ഷാ നടപടികൾ എന്തൊക്കെയാണെന്നും മനസിലാക്കേണ്ടത് പ്രധാനമാണ്. വോട്ടർപട്ടിക പരിശോധിക്കുന്നതിനും പുതുക്കുന്നതിനുമുള്ള വിശദമായ പ്രക്രിയയാണ് 'സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ' (എസ്.ഐ.ആർ). സാധാരണ നടത്തുന്ന സമ്മറി റിവിഷനിൽ നിന്ന് വ്യത്യസ്തമായി ഇതിൽ​ വോട്ടർമാർ ജീവിച്ചിരിപ്പുണ്ടോ, രേഖപ്പെടുത്തിയിട്ടുള്ള വിലാസത്തിൽ സ്ഥിരമായി താമസിക്കുന്നവരാണോ, ഒരേ പേര് ഒന്നിലധികം തവണ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ നിലവിലുള്ള വിവരങ്ങളുടെ ആഴത്തിലുള്ള പരിശോധന ഉൾപ്പെടുന്നു.


ഇതിനുള്ള നിയമപരമായ അടിസ്ഥാനം ഭരണഘടനയുടെ 324ാം അനുച്ഛേദവും, കാരണങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് ഏതുസമയത്തും പ്രത്യേക പുനഃപരിശോധനയ്ക്ക് ഉത്തരവിടാൻ തിരഞ്ഞെടുപ്പ് കമ്മിഷനെ അനുവദിക്കുന്ന 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ 21(3)ാം വകുപ്പുമാണ്. വോട്ടർപട്ടികകളിൽ നിരന്തരം മാറ്റങ്ങൾ സംഭവിക്കുന്നതിനാലാണ് ഇതിന്റെ ആവശ്യം ഉണ്ടാകുന്നത്. ബീഹാറിൽ അവസാനമായി സമഗ്രമായ വോട്ടർ പട്ടിക പുതുക്കൽ എസ്.ഐ.ആർ നടന്നത് 2003ലാണെന്ന് 2026 മെയ് 27ലെ സുപ്രീംകോടതി വിധിയിൽ പരാമർശിച്ചിരുന്നു.

എന്നാൽ, അതിനുശേഷമുള്ള രണ്ട് പതിറ്റാണ്ടുകളിൽ അതിവേഗ നഗരവൽക്കരണം, വൻതോതിലുള്ള കുടിയേറ്റം, മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കൽ, പട്ടികയിൽ പേരുകൾ ആവർത്തിച്ചു വരിക തുടങ്ങിയ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. വോട്ടർപട്ടികയുടെ കൃത്യതയും വിശ്വാസ്യതയും നിലനിറുത്തുന്നതിനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾ ഉറപ്പാക്കുന്നതിനും SIRന് ന്യായമായ ഒരു ലക്ഷ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.


ബീഹാർ, ബംഗാൾ എന്നിവയുൾപ്പെടെ 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും SIR പൂർത്തിയാക്കി. ശേഷിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മൂന്നാംഘട്ടം ആരംഭിച്ചു. മാപ്പിംഗ് ഒഴിവാക്കൽ അല്ലെങ്കിൽ വിവരങ്ങളിലെ പൊരുത്തക്കേടുകൾ എന്നിവ കാരണം നോട്ടീസ് ലഭിക്കുന്ന വോട്ടർമാർക്ക്, ബൂത്ത് ലെവൽ ഓഫീസർമാർ നേരിട്ട് വീടുകളിലെത്തി രേഖകൾ ശേഖരിച്ച് ECINetൽ അപ്‌ലോഡ് ചെയ്യുന്നതിനാൽ, ERO അല്ലെങ്കിൽ AERO ഓഫീസുകളിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കാൻ സാധിക്കുന്നു.

ഹിയറിംഗുകൾ പരമാവധി ഓൺലൈനായാണ് നടത്തുന്നത്. ഗോവയിൽ, പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി കണ്ടെത്തിയ 97 വോട്ടർമാരിൽ 81പേർക്ക്, BLOമാരുടെ ഇടപെടൽമൂലം ഫോം 6 സമർപ്പിക്കാനും തങ്ങളുടെ വോട്ടർ രജിസ്‌ട്രേഷൻ പുനഃസ്ഥാപിക്കാനും സാധിച്ചു.


വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 13 കോടിയിലധികം വോട്ടുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള കരടുപട്ടിക തയ്യാറാക്കിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. എന്നാൽ, മരിച്ചവർ, സ്ഥലം മാറിപ്പോയവർ, ആവർത്തിച്ചു വന്നവ, സ്ഥിരീകരിക്കാത്തവ എന്നിങ്ങനെ വിവിധ വിഭാഗങ്ങളെ കരട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, കരട് പട്ടികയിൽ പേര് ഒഴിവാക്കപ്പെട്ടത് വോട്ടവകാശം നഷ്ടപ്പെടുന്നതിന് തുല്യമാണെന്ന് അർത്ഥമാക്കുന്നില്ല. ബീഹാറിലെ SIR സംവിധാനത്തിന്റെ നിയമപരമായ സാധുതയെ സുപ്രീംകോടതിയുടെ 2026 മെയ് 26, 27 തീയതികളിലെ നടപടികൾ ശരിവച്ചിരുന്നു.


ഭരണ,​ സാങ്കേതിക

പരിശോധനകൾ
കാബിനറ്റ് സെക്രട്ടറിക്ക് അയച്ച കത്ത് ഡെപ്യൂട്ടേഷനിലുള്ള ഒരു ഉദ്യോഗസ്ഥന്റെ പ്രവർത്തനത്തെക്കുറിച്ചുള്ളതായിരുന്നു. അതിന് കമ്മിഷന്റെ നയപരമായ കാര്യങ്ങളുമായോ ഐ.ടി വിഭാഗവുമായോ ബന്ധവുമുണ്ടായിരുന്നില്ല. രണ്ട് കമ്മിഷണർമാരുടെ നിർദ്ദേശങ്ങളെത്തുടർന്ന്, പ്രസ്തുത ഉദ്യോഗസ്ഥൻ പുറപ്പെടുവിച്ച ജോലി പുനർവിതരണ ഉത്തരവുകൾ നടപ്പിലാക്കിയില്ല. ഐ.ടി വിഭാഗത്തിന്റെ മേൽനോട്ടച്ചുമതലയിൽ നിന്ന് ഡെപ്യൂട്ടി ഇലക്ഷൻ കമ്മിഷണറെ ഒരിക്കലും ഒഴിവാക്കിയിരുന്നില്ല.


ഐ.ഐ.ടിയിൽ നിന്നോ ഐ.ഐ.ഐ.ടിയിൽ നിന്നോ ഉള്ള ഒരു സ്വതന്ത്ര വിദഗ്ദ്ധൻ ഉൾപ്പെടെ ഒരു സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയെ ECINET അവലോകനം ചെയ്യാൻ ചുമതലപ്പെടുത്തി. ഇ.വി.എമ്മുകൾ ഒരു നെറ്റ്‌വർക്കുമായും ബന്ധിപ്പിച്ചിട്ടില്ലാത്ത ഒറ്റപ്പെട്ട യൂണിറ്റുകളാണ്. ഫസ്റ്റ് ലെവൽ ചെക്കിംഗ്, സ്ഥാനാർത്ഥി ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ മെഷീൻ റാൻഡമൈസേഷന്റെ രണ്ട് ഘട്ടങ്ങൾ, നിർബന്ധിത പ്രീപോൾ മോക്ക് പോളുകൾ, ഓരോ നിയമസഭാ മണ്ഡലത്തിലും ക്രമരഹിതമായി തിരഞ്ഞെടുത്ത അഞ്ച് പോളിംഗ് സ്റ്റേഷനുകളിൽ നിർബന്ധിത വിവിപാറ്റ് സ്ലിപ്പ് പൊരുത്തപ്പെടുത്തൽ എന്നിവ സുരക്ഷാ മാർഗങ്ങളിൽ ഉൾപ്പെടുന്നു.


കൃത്യത, വിശ്വാസം
മരണം, കുടിയേറ്റം, ഇരട്ടിപ്പുകൾ, താമസസ്ഥലത്തെ മാറ്റങ്ങൾ എന്നിവ കൃത്യമായ ഇടവേളകളിൽ പരിഗണിക്കാതെ വോട്ടർപട്ടികയുടെ കൃത്യത നിലനിറുത്താനാവില്ല എന്നതുകൊണ്ട് SIR അനിവാര്യമാണ്. എന്നാൽ, വിപുലമായ ഈ പുനഃപരിശോധന ഒരു ഉത്തരവാദിത്വം കൂടി സൃഷ്ടിക്കുന്നുണ്ട്: യഥാർത്ഥ വോട്ടർമാർക്ക് തങ്ങളുടെ യോഗ്യത തെളിയിക്കാനും പിശകുകൾക്കെതിരെ പരാതിപ്പെടാനും എളുപ്പവഴികൾ ഉണ്ടായിരിക്കണം.


പട്ടികയിൽ നിന്ന് ഒഴിവാക്കാൻ നിർദ്ദേശിക്കപ്പെട്ട 13 കോടി പേരുകൾ, ജെൻസി വിഭാഗത്തിൽ നിന്ന് പുതുതായി ചേർത്ത 2.37 കോടി പേർ, 20 ലക്ഷത്തിലധികം ബൂത്ത് ലെവൽ ഏജന്റുമാർ, 100ശതമാനം വെബ്കാസ്റ്റിംഗ്, BLOയുടെ പരിശോധന, സാങ്കേതിക സുരക്ഷാ സംവിധാനങ്ങൾ, നീതിന്യായ മേൽനോട്ടം എന്നിവ ഈ പ്രവർത്തനത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.


സുപ്രീംകോടതിയിലെ ഏറ്റവും പുതിയ നടപടികൾ മറ്റൊരു പാഠം കൂടി നൽകുന്നു. SIR പ്രക്രിയയുടെ നിയമസാധുതയും അതിലെ പ്രത്യേക ഭരണപരമായ തീരുമാനങ്ങളുടെ നിയമസാധുതയും വ്യത്യസ്ത വിഷയങ്ങളാണ്. SIR നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരം കോടതി ഇതിനകം പരിശോധിച്ചുകഴിഞ്ഞു.

ഇപ്പോൾ ചില പ്രത്യേക തീരുമാനങ്ങളെയും ഭേദഗതി വരുത്തിയ 'ഫോം 6'നെയും കുറിച്ചുമുള്ള ആരോപണങ്ങളാണ് കോടതി പരിശോധിക്കുന്നത്. വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയുടെ വിശ്വാസ്യത ആത്യന്തികമായി രണ്ട് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു: കൃത്യമായ വോട്ടർ പട്ടികയും പിശകുകൾ തിരുത്തുന്നതിനുള്ള ഫലപ്രദമായ സംവിധാനവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION