
പരസ്പരം
ഡോ. മോഹനൻ കുന്നുമ്മേൽ
വി.സി, കേരള യൂണിവേഴ്സിറ്റി
സർവകലാശാലകളുടെ ദേശീയ റാങ്കിംഗിൽ സംസ്ഥാനത്ത് ഒന്നാമതാണ് കേരള സർവകലാശാല; ദേശീയതലത്തിൽ ഒമ്പതാമതും. പ്രഗത്ഭരായ അദ്ധ്യാപകരും ഗവേഷകരും സൗകര്യങ്ങളും. സംസ്ഥാനത്താദ്യം നാലുവർഷ ബിരുദ കോഴ്സ് ആരംഭിച്ച് മാതൃക കാട്ടിയ സർവകലാശാല. പുതുതായി വരുന്ന സ്വകാര്യ സർവകലാശാലകൾ കേരള സർവകലാശാലയുടെ നിലനിൽപ്പിന് ഭീഷണിയാവുമോ? പരമ്പരാഗത കോഴ്സുകളുമായി ഇനി പിടിച്ചുനിൽക്കാനാവുമോ? കോഴ്സുകളും പഠനരീതിയുമെല്ലാം ഉടച്ചുവാർക്കേണ്ട സമയമായില്ലേ? ആശങ്കകൾ പലവിധമാണ്. കേരള, ആരോഗ്യ സർവകലാശാലകളുടെ വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.
?കേരളത്തിലും സ്വകാര്യ സർവകലാശാലകൾ വരികയാണല്ലോ.
സ്വകാര്യ സർവകലാശാലകൾ തീർച്ചയായും വെല്ലുവിളിയാണ്. അത് ഏറ്റെടുക്കും. ഇത്രയുംകാലം മത്സരമില്ലാതെ പോവുകയായിരുന്നു. മത്സരം കൊണ്ടുമാത്രമേ ഗുണനിലവാരം കൂടുകയുള്ളൂ. മാറ്റങ്ങൾ വരുമെന്നതിനാൽ മത്സരം ഗുണപരമാണ്. പഠിച്ചിറങ്ങിയാൽ പിറ്റേന്ന് ജോലികിട്ടുന്ന കോഴ്സുകളാവും സ്വകാര്യ സർവകലാശാലകളിൽ. അതിനാൽ പരമ്പരാഗത കോഴ്സുകൾക്ക് ഡിമാന്റില്ലാതാവും. കോഴ്സുകളെല്ലാം ജോലിസാദ്ധ്യതയ്ക്കനുസരിച്ച് പുന:ക്രമീകരിക്കും. സേവന, ഉത്പാദന വ്യവസായങ്ങളുമായി ബന്ധിതമായിരിക്കണം കോഴ്സുകൾ. അല്ലെങ്കിൽ കോളേജുകൾ അടച്ചുപൂട്ടേണ്ടിവരും. ഇപ്പോൾതന്നെ ബികോം, സൈക്കോളജി, കമ്പ്യൂട്ടർ സയൻസ് കോഴ്സുകൾക്കേ ഡിമാന്റുള്ളൂ.
? കോഴ്സുകൾ പുതുക്കിയതുകൊണ്ടു മാത്രം കാര്യമുണ്ടാവുമോ.
അതുകൊണ്ടു മാത്രമായില്ല. നൈപുണ്യ, തൊഴിൽ പരിശീലനം കോഴ്സുകളുടെ ഭാഗമാക്കണം. നല്ലതു കിട്ടുന്നിടത്തേക്ക് കുട്ടികൾ പോവും. പാസായാലുടൻ ജോലികിട്ടുമെങ്കിൽ വലിയ ഫീസ് നൽകാനും തയ്യാറാവും. അതിനാൽ ഇന്റേൺഷിപ്പിലും പ്ലേസ്മെന്റിലും ശ്രദ്ധവേണം. സംസ്ഥാനത്തും പുറത്തുമുള്ള വ്യവസായശാലകളിൽ ഇന്റേൺഷിപ്പ് സൗകര്യമൊരുക്കും. ടെക്നോപാർക്കിലും വിഴിഞ്ഞം തുറമുഖത്തുമൊക്കെ ഇന്റേൺഷിപ്പും നൈപുണ്യ പരിശീലനവും ഒരുക്കും. ഇന്റേൺഷിപ്പ് ചെയ്യുന്നിടത്ത് ജോലിക്ക് കയറാനുമാവണം.
? നൈപുണ്യ പരിശീലനം പ്രായോഗികമായി നടപ്പാക്കാനാവുന്നുണ്ടോ.
നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകാനാണ് നിതി ആയോഗിന്റെ നിർദ്ദേശം. നാലുവർഷ ബിരുദത്തിന്റെ നാലാംവർഷം ഇന്റേൺഷിപ്പാണ്. ഇന്റേൺഷിപ്പിന് പ്രധാനമന്ത്രിയുടെ പദ്ധതിയുമുണ്ട്. വിദേശത്തു പോകാൻ പാസ്പോർട്ടുണ്ടാവണം. വിസയില്ലാതെ എങ്ങും പോകാനുമാവില്ല. പാസ്പോർട്ടാണ് ബിരുദ സർട്ടിഫിക്കറ്റ്. വിസയാണ് സ്കിൽ. അതിനാൽ രണ്ടും അനിവാര്യമാണ്.
? കൂടുതൽ സ്വകാര്യ സർവകലാശാലകൾ ഏതുമേഖലയിലായിരിക്കും വരിക.
മെഡിക്കൽ സർവകലാശാലകളായിരിക്കും അധികവും. മെഡിക്കൽ പഠനത്തിനുള്ള ഡിമാന്റ് മുതലാക്കാനാവും ശ്രമം. 24 മെഡിക്കൽ കോളേജുകൾ സ്വകാര്യ സർവകലാശാലയാവാൻ ശ്രമിച്ചേക്കാം. നിലവിൽ 9 ലക്ഷംവരെയുള്ള ഫീസ് 20 ലക്ഷമോ അതിലധികമോ വാങ്ങാനാവും. കഴുത്തറുപ്പൻ ഫീസിൽ സർക്കാരിന് നിയന്ത്രണമില്ലാതെ വരും. അതിനാൽ നിലവിൽ സ്വാശ്രയ മെഡിക്കൽ ഫീസ് നിശ്ചയിക്കുന്നതുപോലെ സ്വകാര്യ സർവകലാശാലകളിലെ ഫീസും സർക്കാർ നിശ്ചയിക്കണം. റഗുലേറ്ററുടെ റോളിലായിരിക്കണം സർക്കാർ.
? മെഡിക്കൽ പഠനത്തിന് കൂടുതൽ സീറ്റുകൾ ആവശ്യമല്ലേ.
അതുകൊണ്ടാണ് 75,000 മെഡിക്കൽ സീറ്റ് കൂട്ടുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. കേരളത്തിലും അടുത്തവർഷം എം.ബി.ബി.എസ് സീറ്റ് കൂടും. ലോകമെങ്ങും ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് വൻ ഡിമാന്റാണ്. നിതി ആയോഗ് കൂടുതൽ ഊന്നൽ നൽകുന്നത് നഴ്സിംഗിനും പാരാമെഡിക്കലിനുമാണ്. സർക്കാരിന് നഴ്സിംഗ് കോളേജുകൾ തുടങ്ങാൻ ഫണ്ട് നൽകുന്നത് നിതി ആയോഗിന്റെ പരിഗണനയിലാണ്. കേരളത്തിൽ താലൂക്കാശുപത്രികൾ വരെ എല്ലായിടത്തും നഴ്സിംഗ് കോളേജ് തുടങ്ങാൻ സൗകര്യമുണ്ട്. എല്ലാ മെഡിക്കൽ കോളേജുകളിലും നഴ്സിംഗ് കോളേജ് തുടങ്ങണം.
? യു.ജി.സിയുടെ കരടുനയം വിവാദമായിരിക്കുകയാണല്ലോ.
അതിൽ കേരള സർവകലാശാലുടെ അഭിപ്രായങ്ങൾ യു.ജി.സിയെ അറിയിച്ചിട്ടുണ്ട്. വൈസ് ചാൻസലർ നിയമനത്തിന് ഗവർണർ നിയോഗിക്കുന്ന മൂന്നംഗ കമ്മിറ്റിയെന്നത് കേരള സർവകലാശാലയുടെ തുടക്കം മുതലുള്ള നിയമമാണ്. അത് രാജ്യത്തെ എല്ലാ സർവകലാശാലകൾക്കും ബാധകമാക്കുന്നതിനെ എതിർക്കേണ്ട കാര്യമില്ല. എന്നാൽ അദ്ധ്യാപകരല്ലാത്തവരെ വി.സിയാക്കുന്നതിൽ റിസ്കുണ്ട്. മറ്റു മേഖലകളിൽ പ്രാഗത്ഭ്യമുള്ളവരെ വി.സിയാക്കണമെങ്കിൽ, അതിനുള്ള മാനദണ്ഡവും യു.ജി.സി നിശ്ചയിക്കണം. അക്കാഡമിക് വിദഗ്ദ്ധർ വി.സിയാവുന്നതാണ് നല്ലത്. അഡ്മിന്സ്ട്രേറ്റർമാരെ രജിസ്ട്രാറാക്കാം. റഗുലർ അദ്ധ്യാപകർക്കു പുറമെ വിദഗ്ദ്ധരെ പ്രൊഫസർ ഒഫ് പ്രാക്ടീസാക്കുന്നത് മെച്ചമാണ്.
? പണം മുടക്കുന്ന സർക്കാരിന് യൂണിവേഴ്സിറ്റിയിൽ റോളില്ലെന്നാണ് പരാതി.
സർക്കാർ മുടക്കുന്നത് ജനങ്ങളുടെ പണമാണ്. ഫെസിലിറ്റേറ്റർ എന്ന റോളാണ് സർക്കാരിന്. ദൈനംദിന കാര്യങ്ങളും അദ്ധ്യാപക നിയമനങ്ങളുമൊന്നും സർക്കാരല്ല, അക്കാഡമിഷ്യന്മാരാണ് ചെയ്യേണ്ടത്. സൈന്യത്തിന് പണംമുടക്കുന്നത് കേന്ദ്ര സർക്കാരാണ്. പക്ഷേ കാര്യങ്ങൾ തീരുമാനിക്കുന്നത് സൈനിക നേതൃത്വമല്ലേ. ഉയർന്ന പ്രൊഫഷണലുകളാണ് അവർ. മറ്റൊരു ഉദാഹരണം പറയാം. ജഡ്ജിമാരുടെ ശമ്പളമടക്കം ജുഡിഷ്യറിയുടെ ചെലവുകൾക്ക് പണം സർക്കാരാണ് നൽകുന്നത്. അവിടെ സർക്കാരിന് ഇടപെടാനാവുമോ?
? പുതിയ ഗവർണറുമായി എങ്ങനെ.
സ്വന്തം ഉത്തരവാദിത്വം ആത്മാർത്ഥമായി നിർവഹിക്കുന്നയാളാണ് ഗവർണർ. സർക്കാരിന്റെയും രാഷ്ട്രീയക്കാരുടെയും തന്റെയും അഭിപ്രായത്തിന് കാത്തിരിക്കാതെ, ശരിയെന്നു തോന്നുന്നത് ചെയ്യാനാണ് വി.സിമാരോട് ഗവർണർ നിർദ്ദേശിച്ചിട്ടുള്ളത്. സ്വതന്ത്രമായി തീരുമാനമെടുക്കണം. പ്രശ്നങ്ങളുണ്ടായാൽ സമീപിക്കാം. സെനറ്റ് യോഗങ്ങളിൽ അദ്ദേഹം വരും. ബിരുദദാനച്ചടങ്ങ് സംഘടിപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
? നാലുവർഷ ബിരുദത്തിൽ സ്ഥിരം അദ്ധ്യാപകരില്ലെന്ന പരാതിയുണ്ട്.
വാസ്തവമാണ്. കാര്യവട്ടം ക്യാമ്പസിലെ ബിരുദ കോഴ്സിൽ പ്രവേശനം നേടിയവരുടെ കുറഞ്ഞ മാർക്ക് പ്ലസ്ടുവിന് 99 ശതമാനമാണ്. താത്കാലിക അദ്ധ്യാപകരാണ് അവിടെ. സ്ഥിരം അദ്ധ്യാപകരുടെ തസ്തിക സൃഷ്ടിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. യു.ജി.സി ചട്ടപ്രകാരം 10 ശതമാനം താത്കാലിക അദ്ധ്യാപകരേ പാടുള്ളൂ. അദ്ധ്യാപകർക്ക് യു.ജി.സി ഉയർന്ന ശമ്പളം നൽകാൻ കാരണം ഏറ്റവും മികച്ചവർ അദ്ധ്യാപകരാവാനാണ്. ഐ.എ.എസുകാരേക്കാൾ ഉയർന്ന ശമ്പളമാണ് അദ്ധ്യാപകർക്ക്. യു.ജി.സി നിയമപ്രകാരം സ്ഥിരം അദ്ധ്യാപകരില്ലാതെ കോഴ്സ് പാടില്ല. സ്ഥിരം തസ്തികകളുണ്ടാവും വരെ ഉയർന്ന ശമ്പളത്തിൽ മികച്ച ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കും. യു.ജി.സി ചട്ടപ്രകാരം വി.സിയോ സീനിയർ പ്രൊഫസറോ അദ്ധ്യക്ഷനായ അഭിമുഖ സമിതിയുണ്ടാവും. അഭിമുഖ സമിതിയിൽ ഇനി സിൻഡിക്കേറ്ര് അംഗങ്ങൾ ഉണ്ടാവില്ല. ഉടൻ വിജ്ഞാപനമിറക്കും.
? ബിരുദ സർട്ടിഫിക്കറ്റുകളിൽ ഒപ്പിടുന്നില്ലെന്നും ഭരണസ്തംഭനമാണെന്നും ആരോപണമുണ്ടല്ലോ.
അതിൽ വസ്തുതയില്ല. സെനറ്റ് അംഗീകരിച്ച 4400 ബിരുദ സർട്ടിഫിക്കറ്റാണ് അടുത്തിടെ ഒപ്പിട്ടത്. ഒറ്റ അപേക്ഷ ബാക്കിയില്ല. ആരോഗ്യ സർവകലാശാലയുടെ ചുമതലയും ഉള്ളതിനാൽ ഞായറാഴ്ചയും അവധി ദിവസവും ജോലി ചെയ്യും. രണ്ടു വർഷവും നാല് മാസവുമായി 1.25 ലക്ഷം ബിരുദ സർട്ടിഫിക്കറ്രുകൾ നൽകി. 850പിഎച്ച്.ഡി നൽകി. ചട്ടപ്രകാരം സിൻഡിക്കേറ്ര് യോഗം രണ്ടു മാസത്തിലൊരിക്കൽ ചേർന്നാൽ മതിയെങ്കിലും 29 യോഗം ചേർന്നു. പതിമ്മൂന്നെണ്ണം മതിയായിരുന്നു. ദൈനംദിന ഫയലുകൾ 90 ശതമാനവും ഓൺലൈനായി നോക്കാറുണ്ട്. രണ്ട് സർവകലാശാലകളുടെയും ചുമതല ഭംഗിയായി നിർവഹിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |