SignIn
Kerala Kaumudi Online
Monday, 09 November 2026 1.21 AM IST

പച്ചക്കൊടി പേടിയും, കൈ മലർത്തുന്ന മന്ത്രിയും

a

'പാലം കടക്കുവോളം നാരായണ,പാലം കടന്നാൽ പിന്നെ കൂരായണ'. യു.‌ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിംലീഗിന്റെ കാര്യത്തിൽ, പാലത്തിന് പകരം തിരഞ്ഞെടുപ്പ് ചിഹ്നമായ കോണിയാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി കോൺഗ്രസ് മുന്നണിയിൽ ഉറച്ചു നിൽക്കുന്ന ലീഗിന്റെ കോണിയിലും ചവിട്ടിക്കയറിയാണ് യു.ഡി.എഫ് 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റും തൂത്തുവാരിയതും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ

102 സീറ്റോടെ അധികാരത്തിൽ വന്നതും. അഞ്ച് മന്ത്രിമാരുമായി കേരളത്തിലെ ഭരണചക്രം തിരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ലീഗിന് ലോക്സഭയിലും രാജ്യസഭയിലും എം.പിമാരുണ്ട്.

ഇതൊക്കെയാണെങ്കിലും ലീഗിനെ ദേശീയ തലത്തിൽ ഉയർത്തിക്കാട്ടാൻ കോൺഗ്രസ് നേതൃത്വത്തിന് മടി. ബി.ജെ.പി പേടി തന്നെ കാരണം. വയനാട് പാർലമെന്റ് സീറ്റിൽ രാഹുൽ ഗാന്ധിയും, തുടർന്ന് പ്രിയങ്കാഗാന്ധിയും മത്സരിച്ചപ്പോൾ ഉപയോഗിച്ച ലീഗിന്റെ പച്ചക്കൊടിയാണ് പാകിസ്ഥാന്റെ കൊടിയായി ബി.ജെ.പി ഉത്തരേന്ത്യയിൽ പ്രചരിപ്പിച്ചത്. അതിനാൽ, വയനാട്ടിൽ രാഹുൽഗാന്ധി പങ്കെടുത്ത റാലിയിൽ ലീഗിന്റെ കൊടി ഒഴിവാക്കിയതായും കേട്ടു. ‌വോട്ടർപട്ടിക ക്രമക്കേടിന്റെ പേരിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസ് നേതൃത്വത്തിൽ നടക്കുന്ന ഇന്ത്യ മുന്നണിയുടെ പ്രക്ഷോഭത്തിൽ ലീഗിനെ തഴയുന്നതും ബി.ജെ.പിയെ പേടിച്ചാണത്രെ.

രാഷ്ട്രപതിക്ക് നിവേദനം സമർ‌പ്പിക്കാൻ അനുവാദം തേടിയുള്ള പ്രതിപക്ഷത്തിന്റെ കത്തിൽ ലീഗ് നേതാവിന്റെ പേരില്ല. നിവേദനം സമർപ്പിക്കാൻ പോയ സംഘത്തിൽ ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീർ ഉൾപ്പെട്ടിരുന്നെങ്കിലും, ആദ്യത്തെ കത്തിൽ പേരില്ലാതിരുന്നതിനാൽ രാഷ്ട്രപതി ഭവനിലേക്കുള്ള പ്രവേശനം തടഞ്ഞു. പിന്നീട് ഡൽഹിയിൽ പ്രതിപക്ഷം നടത്തിയ മഹാറാലിയിൽ ലീഗുകാരും പങ്കെടുത്തതാണ്. പക്ഷേ, ലീഗിന്റെ ഒരു നേതാവിനെപ്പോലും പ്രസംഗത്തിന് ക്ഷണിക്കാൻ കോൺഗ്രസും ആർജ്ജവം കാണിച്ചില്ല. 'കാര്യം കഴിയുമ്പോൾ കമ്മാളൻ പുറത്ത്'!

'വെളിച്ചം ദു:ഖമാണുണ്ണി,തമസല്ലോ സുഖപ്രദം'. കൊതിച്ച റവന്യു വകുപ്പ് കൈവിട്ടു പോവുകയും വിധിച്ച വൈദ്യുതി വകുപ്പ് ഏറ്റെടുക്കേണ്ടി വരികയും ചെയ്ത മന്ത്രി സണ്ണി ജോസഫിന്റെ ആത്മഗതമാണിത്. മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തുടങ്ങിയ രൂക്ഷമായ വൈദ്യുതി ക്ഷാമത്തിന് ഉടനെങ്ങും അറുതി കാണുന്നില്ല. തുലാവർഷമായിട്ടും ഡാമുകളിൽ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമില്ല. പുറത്തുനിന്ന് വൈദ്യുതി വാങ്ങലും വിവാദത്തിൽ.

ഹിമാചൽ പ്രദേശിൽ നിന്ന് വാങ്ങുന്നതാണ് ലാഭകരമെന്ന് കെ.എസ്.ഇ.ബി ചെയർമാനായിരുന്ന രാജമാണിക്യം. അതിനോട് യോജിപ്പ് പ്രകടിപ്പിച്ച് മന്ത്രി സണ്ണി ജോസഫ്.അതിലും കുറഞ്ഞ നിരക്കിൽ സ്വകാര്യ കമ്പനിയായ ജി.എൻ.എയിൽ നിന്ന് വാങ്ങാമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. രാത്രിയിലെ പീക്ക് സമയത്ത് ജി.എൻ.എ വാഗ്ദാനം

ചെയ്തതിലും കുറവാണ് പല മാസങ്ങളിലും ഹിമാചൽ നൽകുന്ന വൈദ്യുതിയുടെ നിരക്കെന്ന് മറുപടി നൽകിയ രാജമാണിക്യം കളത്തിന് പുറത്ത്.

തടിയൂരാനായി മന്ത്രി സണ്ണിയുടെ ശ്രമം.എല്ലാം മുഖ്യമന്ത്രി പറയുമെന്നാണ് ഇപ്പോഴത്തെ സ്ഥിരം പല്ലവി. ഹിമാചൽ വൈദ്യുതിക്കു പകരം സ്വകാര്യ കമ്പനിയിൽ നിന്ന് വാങ്ങാനുള്ള മുഖ്യമന്ത്രിയുടെ നീക്കം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കെ.എസ്.ഇ.ബിയും മന്ത്രിയുമെടുത്ത തീരുമാനം മറികടക്കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വി.ഡി.സതീശൻ.മുഖ്യമന്ത്രി എന്തോ ഒളിപ്പിക്കുന്നുണ്ടെന്ന് പിണറായി. ജി.എൻ.എയിൽ നിന്ന് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരും വൈദ്യുതി വാങ്ങിയെന്ന് സതീശൻ. ഇല്ലെന്ന് പിണറായി.

കെ.എസ്.ഇ.ബിയും മന്ത്രിയും തള്ളിയ ജി.എൻ.എ ഇടപാട് മുഖ്യമന്ത്രി അട്ടിമറിച്ചത് എന്തിനെന്ന് പിണറായി. എല്ലാ കാര്യങ്ങളും സർക്കാർ കൂട്ടായാണ് തീരുമാനിക്കുന്നതെന്നും, ടിഷ്യു പേപ്പറിൽ ഒപ്പിട്ടു കൊടുക്കുന്ന ഏർപ്പാടില്ലെന്നും തിരിച്ചടിച്ച് സതീശൻ. തുലാമഴ പെയ്തൊഴിഞ്ഞാലും വിവാദം തോരുന്ന മട്ടില്ല.

പോകുന്ന പോക്കിൽ ഒരു ബോംബേറ്. പരീക്ഷകളിലും നിയമനങ്ങളിലും നടത്തിയ ക്രമക്കേടുകളുടെ പേരിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചു വിടണമെന്ന് മുൻ ഗവർണർ ആർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയത് സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പ്. തമിഴ്നാട് ഗവർണറായി

ചുമതലയേൽക്കാൻ ചെന്നൈയിലെത്തുന്നത് വരെ അത് രഹസ്യമാക്കി വച്ചു. നടപടിക്രമം പാലിക്കാതെയാണ് മുൻ ഗവർണറുടെ ശുപാർശയെന്നും,സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടിയില്ലെന്നും മുഖ്യമന്ത്രി. അതിന്റെ പേരിൽ പി.എസ്.സിയിൽ നടന്ന ക്രമക്കേടുകൾ മറച്ചു വയ്ക്കാനാവില്ലെന്നും.

എന്തായാലും പി.എസ്.സിയുടെ വിശ്വാസ്യത കപ്പൽ കയറി. ചെയർമാനും,സി,പി.എം അനുഭാവികളായ മൂന്നംഗങ്ങളും അടങ്ങുന്ന കോക്കസാണ് പി.എസ്.സിയിലെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. പരീക്ഷാ നടത്തിപ്പിൽ ചെയർമാൻ എം.ആർ.ബൈജു നടത്തിയ ഏകപക്ഷീയ ഇടപെടലുകളാണ് ക്രമക്കേടുകൾക്ക് വഴിയൊരുക്കിയത്. പരീക്ഷകളിൽ ചോദ്യപേപ്പർ തയ്യാറാക്കുന്നവരുടെ പാനൽ നിശ്ചയിക്കുന്നതും,മൂല്യനിർണയം നടത്തുന്നവരെ തിരഞ്ഞെടുക്കുന്നതും ചെയർമാൻ നേരിട്ടായിരുന്നു.

പരീക്ഷാ നടത്തിപ്പിന് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കണമെന്ന നിയമാവലിയിലെ നിർദ്ദേശവും കാറ്റിൽപ്പറത്തിയെന്ന് കണ്ടെത്തൽ. മൂന്നര ലക്ഷമായി കഴിഞ്ഞ സർക്കാർ ഉയർത്തിയ ചെയർമാന്റേയും അംഗങ്ങളുടെയും ശമ്പളവും,കമ്മിഷനിലെ 21 പേരുടെ അംഗത്വവും വെട്ടിക്കുറയ്ക്കില്ലെന്ന് സതീശൻ സർക്കാരും.

മദ്യം വിഷമാണ്.കുടുംബങ്ങൾക്ക് മാത്രമല്ല ചിലപ്പോൾ സർക്കാരുകൾക്കും അത് വിഷമം കൂടിയാണ്. ബാർ കോഴ വിവാദം കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിനെ വലച്ചത് അവസാന കാലത്താണെങ്കിൽ,സതീശൻ സർക്കാർ വന്ന് ആറുമാസം തികയും മുമ്പ് ബാർ വിഷയം കത്തിത്തുടങ്ങി.എക്സൈസ് മന്ത്രി എം.ലിജുവിനെ അറിയിക്കാതെ ബാർ ലൈസൻസ് അനുവദിച്ചതിന്റെ പേരിൽ കസേര തെറിച്ച സീറാം സാംബശിവ റാവു പടിയിറങ്ങിയതും ഒരു

ബോംബ് വലിച്ചെറിഞ്ഞ ശേഷം. കൂട്ടത്തിൽ മന്ത്രിക്കിട്ട് ഒരാപ്പും. ജോയിന്റ് എക്സൈസ് കമ്മിഷണർ എസ്.വിനോദ്, ഡെപ്യൂട്ടി കമ്മിഷണർ കെ.ആർ.അജയ് എന്നിവർ ബാറുടമകളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് റാവുവിന്റെ ആരോപണം.

ഇരുവരും ഫീൽഡ് വർക്കിന് അർഹരല്ലെന്നും,ഇവരെ കൈക്കൂലിക്ക് സാദ്ധ്യതയില്ലാത്ത ഓഫീസുകളിലേക്ക് മാറ്റണമെന്നും ശുപാർശ. ആലപ്പുഴയിലെ ഡെപ്യൂട്ടി കമ്മിഷണർക്ക് കൈക്കൂലി നൽകിയ ബാറുടമയെ മന്ത്രിക്ക് നേരിട്ടറിയാമെന്ന് പറഞ്ഞ റാവു, മന്ത്രിയെയും സംശയനിഴലിലാക്കി. ഇതേ ഡെപ്യൂട്ടി കമ്മിഷണർ ചില ബാറുകൾ

ലീസിനെടുത്തും,ബിനാമി പേരുകളിലും നടത്തുന്നുവെന്നും. റാവു ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് മാത്രമല്ല,എക്സൈസ് കമ്മിഷണറെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും അന്വേഷിക്കുമെന്ന് മന്ത്രി ലിജു.സർക്കാരിനെ അടിക്കാൻ പ്രതിപക്ഷത്തിന് ഒരു വടി കൂടി.

നുറുങ്ങ്

പിണറായി സർക്കാർ ജനങ്ങളെയും തൊഴിലാളികളെയും മറന്നുവെന്നും,വി.ഡി.സതീശൻ സർക്കാരിന്റെ പിറവിക്ക് കാരണം പിണറായി സർക്കാരെന്നും സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിൽ വിമർശനം.

♦ 'പിണറായി ഈ വീടിന്റെ ഐശ്വര്യം' എന്നെഴുതിയ ഫോട്ടോ കെ.പി.സി.സി ഓഫീസിന് മുന്നിൽ വയ്ക്കുന്ന കാര്യം ആലോചനയിൽ!

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION