SignIn
Kerala Kaumudi Online
Thursday, 18 June 2026 3.53 PM IST

ലഹരി മാഫിയയുടെ തേരോട്ടം, ഭീതിയിൽ ഗ്രാമീണ മേഖല

പാലോട്: ഗ്രാമീണ മേഖലകളിൽ വീണ്ടും ലഹരി മാഫിയ സംഘം സജീവമാകുന്നു. നന്ദിയോട്, പാങ്ങോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി കേന്ദ്രങ്ങളിലും സമാന സാഹചര്യമാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന ലഹരി ഉത്പന്നങ്ങൾക്ക് വിപണി ഒരുക്കുന്നത് വനമേഖലയോടു ചേർന്ന പ്രദേശങ്ങളിലായതിനാൽ സന്ധ്യയായാൽ വഴിയാത്രക്കാർ പോലും ഇതിലേ സഞ്ചരിക്കാനാകില്ല.

വനമേഖലയിൽ ചാരായ വാറ്റും നടക്കുന്നുണ്ട്. ആദിവാസി ഗ്രാമീണ മേഖലയുടെ വികസനത്തിനും പുതുതലമുറയുടെ വിദ്യാഭ്യാസത്തിനും വേണ്ടി കേന്ദ്ര -സംസ്ഥാന സർക്കാരുകൾ നിരവധി ക്ഷേമപദ്ധതികൾ നടപ്പിലാക്കുമ്പോഴും ലഹരി സംഘങ്ങളുടെ ചൂഷണത്തിനിരയായി ജീവിതം അവസാനിപ്പിക്കുന്ന യുവതീയുവാക്കളുടെ എണ്ണം പെരുകുന്നുണ്ട്.

നിരവധി ബോധവത്കരണ പ്രവർത്തനങ്ങൾ നടന്നെങ്കിലും ലഹരി മാഫിയയെ അമർച്ചചെയ്യാനായിട്ടില്ല. ചൂഷണങ്ങൾക്ക് ഇരകളായി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്ത പെൺകുട്ടികളുടെ എണ്ണം ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല.

ഒരു വർഷത്തിനിടെ പതിനഞ്ചോളം പെൺകുട്ടികൾ മരണപ്പെട്ടതായാണ് പൊലീസ് നൽകുന്ന വിവരം. മാനസിക സംഘർഷങ്ങൾക്ക് അടിമപ്പെട്ട് മരണംവരിച്ച യുവാക്കളുടെ എണ്ണവും കുറവല്ല. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളാണ് ഇവരിലധികവും. ട്രൈബൽ സെറ്റിൽമെന്റ് കോളനിയിലും പരിസരത്തുമായി നാല് പെൺകുട്ടികൾ ലഹരി സംഘങ്ങളുടെ കെണിയിൽ കുടുങ്ങി ജീവനൊടുക്കിയത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇവിടെ വ്യാജമദ്യ നിർമ്മാണവുമുണ്ട്.

സംഘം എപ്പോഴും

നന്ദിയോട്, പെരിങ്ങമ്മല, പാങ്ങോട് പഞ്ചായത്തുകളിലെ വനമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിലെത്തുന്ന സംഘം രാത്രിയും പകലും ഒരുപോലെയാണ് തമ്പടിച്ചിരിക്കുന്നത്. മൈലമൂട് സുമതി വളവ് വരെയുള്ള പ്രദേശങ്ങളാണ് ഇത്തരക്കാരുടെ വിഹാരകേന്ദ്രങ്ങൾ.

ലഹരി ഉത്പന്നങ്ങൾ വില്പന നടത്തുന്ന ഭാഗങ്ങളിൽ സ്ട്രീറ്റ് ലൈറ്റ് ഇല്ല. ചില കടകളിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെയും മദ്യത്തിന്റയും വില്പനയുണ്ട്. നിരവധി തവണ എക്സൈസിൽ നാട്ടുകാർ വിവരം അറിയിച്ചെങ്കിലും അവഗണിക്കുകയാണുണ്ടായത്. അടിയന്തരമായി പൊലീസിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പാലോട്ട് എക്സൈസ് ഓഫീസ് എന്ന ആവശ്യം

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന എ.കെ.ബാലൻ പ്രഖ്യാപിച്ച എക്സൈസ് റേഞ്ച് ഓഫീസും ലഹരി വിമുക്ത കേന്ദ്രവും ഇപ്പോഴും ജലരേഖയാണ്. ലഹരി ഉപയോഗത്തിൽ ആത്മഹത്യകൾ പെരുകിയതിനെ തുടർന്ന് മന്ത്രി ആദിവാസി ഊരുകൾ സന്ദർശിച്ചപ്പോഴായിരുന്നു പ്രഖ്യാപനം. വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും നടന്നില്ല.

അടുത്തടുത്ത സമയത്ത് നാല് പെൺകുട്ടികൾ ആത്മഹത്യ ചെയ്തപ്പോഴും പ്രഖ്യാപനമെത്തി. പാലോട്ട് എക്സൈസ് ഓഫീസ് ഉടനെന്ന്. അഡ്വ.ഡി.കെ.മുരളി എം.എൽ.എ എക്സൈസ് ഓഫീസ് ആവശ്യം നിയമസഭയിൽ ഉന്നയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.

ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പൊലീസിന്റെയും, എക്സൈസിന്റെയും നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെങ്കിലും പരിശോധനകൾ കൂടുതൽ ശക്തമാക്കണം. വിവിധ സംഘടനകളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ ലഹരി സംഘങ്ങളെ അമർച്ച ചെയ്യണം.

പി.എസ്.ബാജിലാൽ

വൈസ് പ്രസിഡന്റ്, നന്ദിയോട് ഗ്രാമപഞ്ചായത്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY