SignIn
Kerala Kaumudi Online
Saturday, 19 September 2026 2.45 AM IST

വാഹനാപകടക്കേസിൽ അന്വേഷണ റിപ്പോർട്ടിന് കൈക്കൂലി : പൊലീസുകാരനെ കൈയോടെ പൊക്കി വിജിലൻസ്

photo

നെടുമങ്ങാട്: വാഹനാപകടക്കേസിൽ എം.എ.സി.ടി കോടതിയിൽ ഹാജരാക്കാൻ അന്തിമറിപ്പോർട്ട് നൽകുന്നതിന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ നെടുമങ്ങാട് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിജു (53) പണം കൈപ്പറ്റുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി.

ഇന്നലെ ഉച്ചയോടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് പുറത്ത് വച്ചാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. അപകടത്തിൽ പരിക്കേറ്റ പനവൂർ സ്വദേശിക്ക് വേണ്ടി കേസ് നടത്തുന്ന വഞ്ചിയൂർ കോടതിയിലെ അഭിഭാഷകൻ ഉണ്ണിക്കൃഷ്ണൻ നായരോടാണ് ബിജു കൈക്കൂലി ആവശ്യപ്പെട്ടത്. രണ്ടുകേസിനായി 20,000 രൂപയാണ് ആവശ്യപ്പെട്ടത്. ആദ്യഘട്ടം പതിനായിരം രൂപ പറഞ്ഞുറപ്പിച്ച അഭിഭാഷകൻ, വിജിലൻസിൽ വിവരമറിയിക്കുകയായിരുന്നു. ബന്ധപ്പെട്ടവരുടെ നിർദ്ദേശപ്രകാരം ബിജുവിനെ അഭിഭാഷകൻ സ്റ്റേഷന് പുറത്തേയ്ക്ക് വിളിക്കുകയും പണം കൈപ്പറ്റിയതോടെ മഫ്തിവേഷത്തിൽ സ്റ്റേഷൻ പരിസരത്ത് നിലയുറപ്പിച്ചിരുന്ന അഞ്ചംഗ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയുമായിരുന്നു. സ്റ്റേഷനിലെത്തിച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ ഇയാളെ 30 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.

'വക്കാലത്ത്" ചോദിച്ചു, കിട്ടിയില്ല

കോലിയക്കോട് കാപ്പിച്ചിറ സ്വദേശിയായ ബിജു രണ്ടുവർഷമായി നെടുമങ്ങാട് സ്റ്റേഷനിലുണ്ട്. 2026 മാർച്ചിലാണ് പനവൂർ സ്വദേശിക്ക് അപകടത്തിൽ പരിക്കേറ്റത്. വക്കാലത്ത് മറ്റൊരു അഭിഭാഷകന് നൽകണമെന്ന് ബിജു ആവശ്യപ്പെട്ടിരുന്നുവെന്നാണ് ആരോപണം. അത് നിരസിച്ചതോടെ റിപ്പോർട്ട് നൽകണമെങ്കിൽ ഇരുപതിനായിരം രൂപ വേണമെന്ന് വഞ്ചിയൂരിലെ അഭിഭാഷകനോട് ഇയാൾ ആവശ്യപ്പെട്ടതായും പറയുന്നു. വിജിലൻസ് അറസ്റ്റിനെ തുടർന്ന് സമാനമായ നിരവധി പരാതികൾ നെടുമങ്ങാട് സ്റ്റേഷനുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. എന്നാൽ,ഡിവൈ.എസ്.പി,സിഐ,എസ്.ഐ ഉൾപ്പടെ പ്രധാന ചുമതലക്കാർ രണ്ടുമാസം മുമ്പ് നിയമിതരായവരാണ്. പരാതികൾ സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY