
തൃശൂർ: വിൽപ്പനയ്ക്കായി ബംഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് 50.280 ഗ്രാം മെത്തഫെറ്റമിൻ കടത്തിയ കേസിൽ പ്രധാന പ്രതിയെ ബംഗളൂരുവിൽ നിന്ന് തൃശൂർ സിറ്റി പൊലീസ് പിടികൂടി. തൈക്കാട്ടുശ്ശേരി സ്വദേശി വാരിയത്തുപറമ്പിൽ ജിഷ്ണു (29) ആണ് പിടിയിലായത്. കഴിഞ്ഞ ജനുവരി 11ന് തൃശൂർ കോർപ്പറേഷൻ ഗ്രൗണ്ടിന് സമീപത്ത് രാസലഹരിയുമായി ജെയ്‌സൺ എന്നയാളെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജെയ്‌സണ് ലഹരിമരുന്ന് എത്തിച്ചുനൽകിയത് ബംഗളൂരുവിലുള്ള ജിഷ്ണുവാണെന്ന് വ്യക്തമായത്. തുടർന്ന് ബംഗളൂരുവിലെത്തിയ സിറ്റി പൊലീസ് സംഘം അത്തിബലെയിലെ വാടകവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. ജിഷ്ണുവിന് തൃശൂർ വെസ്റ്റ്, ഒല്ലൂർ പൊലീസ് സ്റ്റേഷനുകളിലായി നാലോളം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ.ദേശ്മുഖിന്റെ നിർദ്ദേശപ്രകാരം അസി. കമ്മീഷണർ ടി.ആർ.രാജേഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇൻസ്‌പെക്ടർ നന്ദകുമാർ, സബ് ഇൻസ്‌പെക്ടർ ജീസ് മാത്യു, ഡാൻസാഫ് അസി. സബ് ഇൻസ്‌പെക്ടർമാരായ ജീവൻ, ജോമോൻ, സീനിയർ സി.പി.ഒ സൂരജ്, സി.പി.ഒ അജ്മൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |