
തൃശൂർ: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് മെത്തഫെറ്റമിൻ കടത്തിയ കേസിലെ പ്രധാന പ്രതി പിടിയിൽ. വെളപ്പായ സ്വദേശി കുളങ്ങര വീട്ടിൽ 'ചെറുത്' എന്ന അഭിജിത്ത് (29) ആണ് നെടുപുഴ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജൂലായ് 11ന് വട്ടപ്പൊന്നിയിൽ വച്ച് 25.5 ഗ്രാം എം.ഡി.എം.എയുമായി ഷമീർ എന്നയാളെ നെടുപുഴ പൊലീസ് പിടികൂടിയിരുന്നു. പിന്നീട് ഷമീറിന് ലഹരിമരുന്ന് നൽകിയ വിഷ്ണു വിജയനും പിടിയിലായി. ഇവർക്ക് ബംഗളൂരുവിൽനിന്ന് ലഹരിമരുന്ന് എത്തിച്ചു നൽകിയത് അഭിജിത്താണെന്ന് വ്യക്തമായതോടെ ഇയാൾ ബെംഗളൂരുവിലേക്ക് കടന്നു.
തുടർന്ന് പ്രതി നാട്ടിലെത്തിയ വിവരമറിഞ്ഞ് അന്വേഷണ സംഘം അതിവിദഗ്ദ്ധമായി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പീച്ചി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത, വലിയ അളവിലുള്ള ലഹരിമരുന്ന് കടത്തുകേസിൽ ജാമ്യത്തിലിറങ്ങിയാണ് പ്രതി വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്. നെടുപുഴ എസ്.ഐ പി.സി.സനേഷ്, സീനിയർ സി.പി.ഒ അനിൽകുമാർ, സി.പി.ഒമാരായ അബീഷ് ആന്റണി, അജയ് മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |