
കൊച്ചി: പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബംഗ്ലാദേശ് പൗരനെ കണ്ടെത്താൻ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ പൊലീസ് തെരച്ചിൽ ശക്തമാക്കി. കഴിഞ്ഞ 9ന് രാത്രി പാലാരിവട്ടം സ്റ്റേഷനിൽ നിന്ന് കടന്ന ഹദിയുള്ള ഖാന്റെ ബംഗ്ലാദേശ് ഖുൽന ഡിവിഷനിലെ ബാഗർഹട്ട് മൊറെൽഗഞ്ചിലുള്ള കുടുംബവുമായി കൊച്ചി സിറ്റി പൊലീസ് ഇന്നലെ ബന്ധപ്പെട്ടു. അഞ്ചു ദിവസമായി ഭർത്താവ് ഫോൺ വിളിക്കുന്നില്ലെന്നാണ് ഹദിയുള്ളയുടെ ഭാര്യയിൽ നിന്ന് പൊലീസിന് ലഭിച്ച വിവരം.
ഇയാളുടെ ബംഗളൂരുവിൽ താമസിക്കുന്ന സഹോദരിയുമായും പൊലീസ് ബന്ധപ്പെട്ടു. അതിനിടെ, ഹദിയുള്ളയെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പൊലീസ് തെരച്ചിൽ നോട്ടീസ് തയ്യാറാക്കി. കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും ഇയാളെക്കുറിച്ച് വിവരം കൈമാറിയിട്ടുണ്ട്. മതിയായ രേഖകളില്ലാതെ അനധികൃതമായി താമസിച്ചതിന് ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉൾപ്പെടെ 7 പേരെയാണ് വെണ്ണല സവിതറോഡിൽ നിന്ന് 9ന് പുലർച്ചെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി വിരലടയാളം എടുത്തു കൊണ്ടിരിക്കെ സ്റ്റേഷനിലെ ശൗചാലയത്തിലേക്ക് പോയ ഹിദായുള്ള ജനാലച്ചില്ല് ഉയർത്തിയാണ് രക്ഷപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |