കൊച്ചി: ദമ്പതികൾക്കുനേരെ മനുഷ്യവിസർജ്യം എറിഞ്ഞെന്ന പരാതിയിൽ കേസെടുക്കാതിരുന്ന എറണാകുളം ടൗൺ നോർത്ത് പൊലീസ് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിനെത്തുടർന്ന് കേസെടുത്തു. കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റെ കർശന നിർദ്ദേശത്തിന് പിന്നാലെയാണ് നടപടി. കലൂർ സ്വദേശികളായ ജൂഡി സേവ്യർ, എം.ജി. സേവ്യർ എന്നിവരുടെ പരാതിയിലാണ് നടപടി. കേസിൽ സത്യസന്ധമായ അന്വേഷണം ഉറപ്പാക്കാൻ അസിസ്റ്റന്റ് കമ്മിഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്ന് ജില്ലാ പൊലീസ് മേധാവിക്ക് കമ്മിഷൻ നിർദ്ദേശം നൽകി. നാലുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ അന്തിമറിപ്പോർട്ട് സമർപ്പിക്കണം.
കഴിഞ്ഞ 16, 17 തീയതികളിലായിരുന്നു പരാതിക്കാസ്പദമായ സംഭവം. പരാതി നൽകിയിട്ടും കേസെടുക്കാത്തത് ആശ്ചര്യകരമാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു. കേസെടുക്കേണ്ടതില്ലെന്ന് പരാതിക്കാർ ആവശ്യപ്പെട്ടതിനാലാണ് നടപടി വൈകിയതെന്ന സിറ്റി പൊലീസ് കമ്മിഷണറുടെ വിശദീകരണം പരാതിക്കാർ നിഷേധിച്ചു. കുറ്റകൃത്യം വെളിപ്പെട്ടാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവും സമാനമായ സാഹചര്യത്തിൽ തമിഴ്‌നാട് മനുഷ്യാവകാശ കമ്മിഷൻ നഷ്ടപരിഹാരം വിധിച്ച കാര്യവും ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ഉത്തരവിൽ ചൂണ്ടിക്കാട്ടി. തുടർന്ന് എറണാകുളത്ത് നടന്ന സിറ്റിംഗിലാണ് കേസെടുത്ത വിവരം പൊലീസ് കമ്മിഷനെ അറിയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |