
കൊച്ചി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി എറണാകുളം സൗത്തിലെ ലോഡ്ജ് മുറിയിൽ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന യുവാവിനെ സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം പള്ളിച്ചൽ വെടിവെച്ചാൻകോവിൽ ചാത്താലംപാട്ടുകോണം കലിങ്ങുവിളവീട്ടിൽ എസ്. കിരണാണ് (29) പിടിയിലായത്.
എറണാകുളത്ത് ഏവിയേഷൻ കോഴ്സിന് പഠിച്ചുകൊണ്ടിരുന്ന 17കാരിയാണ് പീഡനത്തിന് ഇരയായത്. കൊച്ചിയിൽ ലോജിസ്റ്റിക്സ് സ്ഥാപനത്തിൽ ജീവനക്കാരനായ പ്രതി മറൈൻഡ്രൈവിൽവച്ച് പരിചയപ്പെട്ട വിദ്യാർത്ഥിനിയുമായി സൗഹൃദംനടിച്ച് അടുത്തുകൂടുകയും തുടർന്ന് ലോഡ്ജിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തെന്നാണ് കേസ്.
വിദ്യാർത്ഥിനിയുടെ മൊഴിയെത്തുടർന്ന് കോഴിക്കോട് റൂറൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് കൊച്ചി സിറ്റി പൊലീസിന് കൈമാറി. ഇതിനിടെ എറണാകുളത്തുനിന്ന് ഒളിവിൽപ്പോയ പ്രതി ഏതാനും ദിവസംമുമ്പ് തിരുവനന്തപുരത്ത് ഒരു ഹോട്ടലിൽ ജോലിക്കെത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചു.
സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നിർദ്ദേശപ്രകാരം എസ്.ഐ സുബോധ്, സി.പി.ഒമാരായ സതീഷ്, കിരൺലാൽ എന്നിവരടങ്ങിയ പൊലീസ് സംഘം ഹോട്ടൽ വളഞ്ഞാണ് പിടികൂടിയത്. മാനഭംഗം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |