
തിരുവനന്തപുരം: സംസ്‌കൃത സർവകലാശാല 2021ൽ നിയമിച്ച 19 അദ്ധ്യാപക നിയമനങ്ങൾക്ക് സർക്കാർ അംഗീകാരമില്ലെന്ന് സർക്കാരിന്റെ ഓഡിറ്റ് വിഭാഗം സർവകലാശാലയ്ക്ക് റിപ്പോർട്ട് നൽകി. സർക്കാർ നിർദ്ദേശപ്രകാരമുള്ള റോസ്റ്റർ അടിസ്ഥാനമാക്കിയല്ല നിയമനങ്ങൾ. ഡോ. ധർമ്മരാജ് അഡാട്ട് വൈസ് ചാൻസലറായിരുന്ന കാലത്താണിത്. നിയമനം നേടിയവരിൽ മുൻമന്ത്രി എം.ബി.രാജേഷിന്റെ ഭാര്യയുമുണ്ട്.
2018ലെ വിജ്ഞാപന പ്രകാരം 3 അസോസിയേറ്റ് പ്രൊഫസർമാരെയും 16 അസിസ്റ്റന്റ് പ്രൊഫസർമാരെയുമാണ് നിയമിച്ചത്. റോസ്റ്റർ പ്രകാരം ഭിന്നശേഷിക്കാർ, എസ്.സി/ എസ്.ടി വിഭാഗത്തിൽപ്പെട്ടവർ എന്നിവർക്ക് നിയമനം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ഓഡിറ്റ് വിഭാഗം സർവകലാശാലയ്ക്ക് കത്ത് നൽകി. 2019ലെ 177, 178 സിൻഡിക്കേറ്റ് മിനിട്ട്സുകളിൽ വൈസ് ചാൻസലർ പല വകുപ്പുകളിലെയും അദ്ധ്യാപക ഒഴിവുകൾ പരസ്പരം മാറ്റി മറിച്ചതായും ഇതിന് സിൻഡിക്കേറ്റ് യോഗം അനുമതി നൽകിയിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി വൈസ് ചാൻസലർ ഡോ.സിസ തോമസിന് പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |