
തൃശൂർ: തലച്ചോറിലെ മാരകരോഗങ്ങൾക്ക് ശസ്ത്രക്രിയ കൂടാതെ ചികിത്സയൊരുക്കാൻ ലക്ഷ്യമിട്ടുള്ള നൂതന ഉപകരണത്തിന്റെ അമേരിക്കൻ കണ്ടുപിടിത്തത്തിൽ പങ്കാളിയായി മലയാളിയും. ഈ കണ്ടുപിടിത്തത്തിനു പിന്നിൽ പ്രവർത്തിച്ച 12 അംഗ സംഘത്തിലെ അംഗമാണ് തൃശൂർ ശ്രീനാരായണപുരം സ്വദേശി നിവേദ് നാഥ്. തലച്ചോറിനെ ബാധിക്കുന്ന അതീവ ഗുരുതരമായ ന്യൂറോ വാസ്‌കുലാർ രോഗങ്ങളുടെ ചികിത്സയിൽ വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന ഉപകരണമാണ് നിവേദും സംഘവും വികസിപ്പിച്ചത്. ക്രോണിക് സെറിബ്രൽ സബ്ഡ്യൂറൽ ഹെമറ്റോമ, ബ്രെയിൻ ആർട്ടീരിയോവീനസ് മാൽഫോർമേഷൻ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കാണ് ഉപകരണം പ്രയോജനപ്പെടുക. ശസ്ത്രക്രിയ കൂടാതെ ചികിത്സ സാദ്ധ്യമാക്കുകയാണ് ലക്ഷ്യം. അമേരിക്കൻ മെഡിക്കൽ സങ്കേതികവിദ്യ ഗവേഷണനിർമ്മാണവിപണന സ്ഥാപനമായ മെഡ്‌ട്രോണിക്കിനു വേണ്ടിയാണ് ഉപകരണം വികസിപ്പിച്ചത്. തൃശൂർ വിദ്യ എൻജിനിയറിംഗ് കോളേജിൽ നിന്നു 2015ൽ മെക്കാനിക്കൽ എൻജിനിയറിംഗ് പാസായ നിവേദ് ഇരുപത്തിയൊന്നാം വയസിൽ എം.എസ് പഠനത്തിനായി ന്യൂയോർക്കിലെത്തി. ഇവിടെ ഉപരിപഠനം പൂർത്തിയാക്കിയതിനു പിന്നാലെ മെഡ്‌ട്രോണിക്ക് കമ്പനിയിലെ 12 അംഗ ഗവേഷക സംഘത്തിലേക്ക് എത്തുകയായിരുന്നു. എസ്.എൻ.ഡി.പി യോഗം ഓണച്ചമ്മാവ് ശാഖയുടെ മുൻപ്രസിഡന്റ് ശ്രീനാരായണപുരം അടിപറമ്പിൽ രാമനാഥന്റെയും മീനയുടെയും മകനാണ് നിവേദ് നാഥ്.
മരണ സാദ്ധ്യത കുറയ്ക്കും
മരണസാദ്ധ്യത കുറയ്ക്കാനും ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് പുതുജീവൻ നൽകാനും സഹായിക്കുന്ന കണ്ടുപിടിത്തമെന്നാണ് ഇതിനെ വിലയിരുത്തുന്നത്.അമേരിക്കയിലെ മെഡ്‌ട്രോണിക് ആസ്ഥാനത്ത് ശാസ്ത്ര സംഘത്തെ ആദരിച്ചു. ഉപകരണം പ്രവർത്തനസജ്ജമായെന്നും ആഗോളതലത്തിൽ ഉടൻ പുറത്തിറക്കുമെന്നുമാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |