കൊച്ചി: നടി അതുല്യ ചന്ദ്രയ്‌ക്കും സുഹൃത്തുക്കൾക്കുമെതിരെ താൻ നൽകിയ കേസിനെ പ്രതിരോധിക്കാനാണ് നടിയുടെ ബന്ധു പീഡനപരാതി നൽകിയതെന്ന് ഡോ.ജോൺസൺ കെ.വർഗീസ്. ഇൻഫോപാർക്ക് പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ ഡോക്ടർ ജില്ലാ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണിത്. തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്നും ഒക്ടോബർ 10ന് നടന്നതായി പറയപ്പെടുന്ന സംഭവത്തിൽ നവംബർ നാലിന് ശേഷം പരാതി നൽകിയതിൽ ഗൂഢാലോചനയുണ്ടെന്നും ഹർജിയിൽ പറയുന്നു.
ഈമാസം രണ്ടിന് അതുല്യ ചന്ദ്രയുടെ ആവശ്യപ്രകാരം കടവന്ത്രയിലെ ഫ്ലാറ്റിലെത്തിയ തന്നെ പന്ത്രണ്ടംഗ സംഘം ആക്രമിക്കുകയും മൂന്നു കോടി ആവശ്യപ്പെടുകയും ചെയ്തു. താൻ നൽകിയ പരാതിയിൽ അതുല്യ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായതിനു പിന്നാലെയാണ് തനിക്കെതിരെ പരാതി നൽകിയതെന്നും ഡോക്ടറുടെ ജാമ്യാപേക്ഷയിൽ പറയുന്നു.
ഒളിവിൽ പോയ ഡോ.ജോൺസണെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. കടവന്ത്ര ബ്ലാക്ക്‌മെയിലിംഗ് കേസിൽ അറസ്റ്റിലായ നടി അതുല്യ ചന്ദ്ര (32), ബിബിൻ പെരുമ്പിള്ളി (42), കെ.ബി.വിഷ്ണു (31) എന്നിവരെ ഇന്ന് വൈകിട്ട് അഞ്ചുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളുമായി പൊലീസ് തെളിവെടുക്കും. നടിയുടെ ബന്ധുവായ അമ്പതുകാരിയുടെ മൊഴി രേഖപ്പെടുത്തും. ഡോക്ടറുടെ കൈയിൽനിന്ന് കവർന്ന ഫോൺ ഇവരുടെ കൈവശം എങ്ങനെ എത്തിയെന്ന് കണ്ടെത്താനാണിത്. ഫോൺ സഹിതമാണ് ഇൻഫോപാർക്ക് പൊലീസിൽ ഇവർ പരാതി നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |