SignIn
Kerala Kaumudi Online
Friday, 05 June 2026 8.05 PM IST

നടൻ ദിലീപ് ശങ്കറിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്,​ മൃതദേഹം  അഴുകിയതിനാൽ  കെമിക്കൽ  പരിശോധനാ  ഫലം കാത്ത് പൊലീസ്

READ ENGLISH VERSION
dileep-shankar

തിരുവനന്തപുരം: നടൻ ദിലീപ് ശങ്കറിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം ആന്തരിക രക്തസ്രാവമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോ‌ർട്ടിൽ പറയുന്നത്. കരൾ രോഗത്തെ തുടർന്നുണ്ടായ രക്തസ്രാവമോ നിലത്ത് വീണുണ്ടായ ക്ഷതമോ ആകാം ഇതിന് കാരണമായതെന്നാണ് നിഗമനം. മൃതദേഹം അഴുകിയതിനാൽ കെമിക്കൽ പരിശോധനാ ഫലം വന്നാൽ മാത്രമേ കൃത്യമായ കാരണം അറിയാനാകൂവെന്നാണ് പൊലീസ് പറയുന്നത്.

ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുറിയിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ദിലീപ് മുറിയിൽ തലയിടിച്ച് വീണതായും പൊലീസിന് സംശയമുണ്ട്. ആന്തരിക അവയവങ്ങൾ ശാസ്‌ത്രീയ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. മുറിയിൽ നടത്തിയ പരിശോധനയിൽ മദ്യക്കുപ്പികളും കരൾ രോഗത്തിനുള്ള മരുന്നും കണ്ടെത്തിയിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് എറണാകുളം തെക്കൻ ചിറ്റൂർ മത്തശേരിൽ തറവാട്ടിൽ ദേവാങ്കണത്തിൽ ദിലീപ് ശങ്കറിനെ (50) തിരുവനന്തപുരം നഗരത്തിലെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന്റെ ലക്ഷണങ്ങളൊന്നും മുറിയിൽ കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും കന്റോൺമെന്റ് പൊലീസ് നേരത്തേ തന്നെ അറിയിച്ചിരുന്നു.

ചാപ്പാ കുരിശ്, നോർത്ത് 24 കാതം തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും ദിലീപ് ശങ്കർ അഭിനയിച്ചിട്ടുണ്ട്. ഒരു സീരിയൽ ഷൂട്ടിംഗിനായി തിരുവനന്തപുരത്ത് എത്തിയ ദിലീപ് നാല് ദിവസം മുമ്പാണ് ഹോട്ടലിൽ മുറിയെടുത്തത്. ഇടയ്‌ക്ക് രണ്ട് ദിവസം ഷൂട്ടിംഗ് ഇല്ലായിരുന്നു. ഷൂട്ടിംഗ് പുനഃരാരംഭിക്കുന്നത് സംബന്ധിച്ച വിവരമറിയിക്കാൻ സീരിയലിന്റെ അണിയറ പ്രവർത്തകർ നിരവധി തവണ വിളിച്ചിട്ടും ദിലീപ് ഫോണെടുത്തില്ല. ഇതിനിടെ, മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ അധികൃതർ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി തുറന്ന് നോക്കിയപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACTOR DILEEP SHANKAR, POSTMORTEM, REPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA