കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ പ്രതിയായ പതിനേഴുകാരന്റെ ജില്ല ജഡ്ജിയായ പിതാവ് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബാംഗങ്ങളുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. പരേതന്റെ മകൾ ഭദ്രകീർത്തിയുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ രാവിലെ അഭിഭാഷകനുമൊത്താണ് ജില്ല ക്രൈംബ്രാഞ്ച് ഓഫിസിലെത്തി മൊഴി നൽകിയത്.
അപകടം നടന്നയുടൻ സംഭവസ്ഥലത്തു നിന്നും വാഹനത്തിൽ നിന്നും നിർണായക തെളിവുകൾ മാറ്റിയെന്നും ജഡ്ജി മൂന്നു മണിക്കൂർ സംഭവ സ്ഥലത്ത് തുടർന്ന് കേസ് അട്ടിമറിക്കാൻ നീക്കം നടത്തിയെന്നും വാഹനത്തിലുണ്ടായിരുന്ന നെയിംപ്ളേറ്റ് മാറ്റിയെന്നുമാണ് ആരോപണം. ഇതു സംബന്ധിച്ച് സി.സി ടി.വി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണം നല്ലരീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് ജയബാലകൃഷ്ണന്റെ കുടുംബാംഗങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മകനെ രക്ഷിക്കാൻ ജഡ്ജി സ്വാധീനം ഉപയോഗിച്ചതായി ജയബാലകൃഷ്ണന്റെ മകൾ സിറ്റി പൊലീസ് കമ്മിഷണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ജഡ്ജിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |