
കോട്ടയം : കേന്ദ്രസർക്കാർ നയം അതേപടി പിന്തുടരുന്ന സംസ്ഥാന സർക്കാർ എല്ലാ രംഗത്തും കച്ചവടവും വർഗീയവത്ക്കരണവും നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സി.ഐ.ടി.യു സംസ്ഥാന സമ്മേളന സമാപനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതി പ്രതിസന്ധി കൃത്രിമമായി സൃഷ്ടിച്ച് കൊള്ളയടിക്കുന്ന സമീപനമാണ് ജി.എൻ.എ കരാർ നിഗൂഢതയിൽ പ്രകടമായത്. വൈദ്യുതി മന്ത്രിയെയും, കെ.എസ്.ഇ.ബിയെയും ഇരുട്ടത്ത് നിറുത്തി എല്ലാ നടപടിക്രമങ്ങളും കാറ്റിൽപ്പറത്തി മുഖ്യമന്ത്രി നേരിട്ടായിരുന്നു വൈദ്യുതി ഉത്പാദിപ്പിക്കാത്ത സ്വകാര്യ കമ്പനിയുമായുള്ള കരാർ അംഗീകരിക്കാൻ തയ്യാറായത്. വൈദ്യുതിയുടെ ആവശ്യകത കുറയുന്ന കാലമെത്തിയിട്ടും പ്രതിസന്ധിയുണ്ടെന്ന് വരുത്തി തീർത്തായിരുന്നു തട്ടിപ്പ്. ആരോഗ്യ, വിദ്യാഭ്യാസരംഗത്തും സ്വകാര്യവത്ക്കരണം കൊണ്ടുവരുന്നു. ഏത് സ്വാശ്രയ കോളേജുകൾക്കും സർക്കാർ അനുമതി ഇല്ലാതെ പ്രവർത്തിക്കാം. ഏതു കോഴ്സും തുടങ്ങുന്നതിനുള്ള അനുമതി നൽകുന്നതിലൂടെ വിദ്യാഭ്യാസരംഗം സ്വകാര്യ മേഖലയുടെ കച്ചവടതാത്പര്യങ്ങൾക്ക് തീറെഴുതി കൊടുക്കുകയാണ്. സരൾ ബില്ലും. മാരിടൈം ബോർഡുമെല്ലാം കച്ചവട താത്പര്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ടി.പി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം, സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ, സുദീപ് ദത്ത, തപൻ സെൻ, എ.ആർ.സിന്ധു, എസ്.കണ്ണൻ, വി.എൻ വാസവൻ, ഇ.പി.ജയരാജൻ, വി.ശിവൻ കുട്ടി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |