
നവംബറിലും ഡിസംബറിലും
പ്രതിസന്ധിയില്ല
തിരുവനന്തപുരം: രാഷ്ട്രീയ വിവാദമായി മാറിയ ജി.എൻ.എ വൈദ്യുതി കരാർ നീക്കം സർക്കാർ ഉപേക്ഷിച്ചു. കുറഞ്ഞ വിലയെന്ന് മുഖ്യമന്ത്രിയും കൂടിയ വിലയെന്ന് കെ.എസ്.ഇ.ബി മുൻ സി.എം.ഡി രാജമാണിക്യവും നിലപാട് എടുത്തതോടെയാണ് വിവാദം കത്തിപ്പടർന്നത്.
ജി.എൻ.എ വൈദ്യുതിക്ക് പകരം വിലകൂടിയ ഹിമാചൽ വൈദ്യുതി ഒക്ടോബറിന് ശേഷവും വാങ്ങണമെന്ന് രാജമാണിക്യം എന്തടിസ്ഥാനത്തിലാണ് റിപ്പോർട്ട് നൽകിയതെന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. വൈദ്യുതി ക്ഷാമമുണ്ടെന്ന രാജമാണിക്യത്തിന്റെ റിപ്പോർട്ട് സർക്കാറിനെ സമ്മർദ്ദത്തിലാക്കിയതോടെയാണ് ജി.എൻ.എ കരാറിന് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജി.എൻ.എയിൽനിന്നോ ഹിമാചലിൽനിന്നോ വൈദ്യുതി വാങ്ങേണ്ട സാഹചര്യം നവംബർ, ഡിസംബർ മാസങ്ങളിൽ ഇല്ലെന്ന് ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത്കുമാറും കെ.എസ്.ഇ.ബി പുതിയ സി.എം.ഡി എൻ.പ്രശാന്തും ഇന്നലെ മുഖ്യമന്ത്രി വി.ഡി.സതീശനെ സന്ദർശിച്ച് വിശദീകരിച്ചതാണ് വഴിത്തിരിവായത്.പവർ എക്സ് ചേഞ്ചു വഴിയും മറ്റും ആവശ്യാനുസരണം വീണ്ടും വൈദ്യുതി ലഭ്യമാണെന്ന് ഇരുവരും ധരിപ്പിച്ചു.
നിലവിലെ വൈദ്യുതി ഉപഭോഗം കട്ട് ഇല്ലാതെ നേരിടാൻ കഴിയുമെന്നും വിലകൂടിയ വൈദ്യുതി തൽക്കാലം വാങ്ങേണ്ടെന്നും അറിയിച്ചു.
സിന്നാർ വൈദ്യുതി കരാർ
ഉടൻ ഒപ്പിടാൻ നിർദ്ദേശം
മഹാജെൻകോ-എൻ.ടി.പി.സി കമ്പനികളുടെ മഹാരാഷ്ട്രയിലെ സംരംഭമായ സിന്നാർ താപനിലത്തിൽനിന്ന് യൂണിറ്റിന് 5.18 രൂപ നിരക്കിൽ 25 വർഷത്തേക്കുളള ദീർഘകാല കരാർ ഉടൻ ഒപ്പിടാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.
ഡിസംബർ അവസാനം ആദ്യ പ്ലാന്റ് സജ്ജമാവും. അന്നു മുതൽ 270 മെഗാവാട്ടും മാർച്ച് മുതൽ അടുത്ത 270 മെഗാവാട്ടും (ആകെ 540 മെഗാവാട്ട്) കിട്ടും. ചർച്ചകൾ നടക്കുന്നുണ്ടെന്നും കരാർ നീട്ടിക്കൊണ്ടുപോകുന്നുവെന്ന ആക്ഷേപത്തിൽ കഴമ്പില്ലെന്നും കെ.എസ്.ഇ.ബി പറയുന്നു.
--------
വൈദ്യുതി ഉപഭോഗം
കുറഞ്ഞത് തുണയായി
( മെഗാവാട്ടിൽ )
കഴിഞ്ഞ ദിവസത്തെ
പീക്ക് സമയ ഉപഭോഗം..................................................4433
ഒക്‌ടോബറിൽ ഇതേദിവസത്തെ
പീക്ക് സമയ ഉപഭോഗം.................................................4640
ഒക്‌ടോബറിലെ ഏറ്റവും ഉയർന്ന
പീക്ക് സമയ ഡിമാൻഡ്...............................................5303
----
പ്രതിദിന ഉപഭോഗം
(ദശലക്ഷം യൂണിറ്റിൽ )
കഴിഞ്ഞ ദിവസം ആകെ....................................... 83.1533
കഴിഞ്ഞ മാസം ഇതേദിവസം............................93.6629
-------
ഡാമുകളിലെ ജലനിരപ്പ്
നവംബറിൽ.............................................................. 66%
ഒക്‌ടോബറിൽ.......................................................... 61 %
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |