
വർക്കല: ഗുരുദേവൻ ലോകത്തിന് പകർന്നുനൽകിയ മതസമന്വയത്തിന്റെയും മാനവികതയുടെയും മഹത്തായ ദർശനം ലോകമെമ്പാടും പ്രചരിപ്പിക്കാൻ എസ്.എൻ.ഡി.പി യോഗവും ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റും ശ്രീനാരായണ ട്രസ്റ്റും ഒരേ മനസോടെ മുന്നേറേണ്ട കാലഘട്ടമാണിതെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി ഋതംഭരാനന്ദ, ജനറൽ സെക്രട്ടറി സ്വാമി വിശുദ്ധാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവരെ ശിവഗിരി മഠത്തിൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുദേവന്റെ ആശയാദർശങ്ങളിൽ നിന്ന് പിറവിയെടുത്ത രണ്ട് മഹത്തായ പ്രസ്ഥാനങ്ങളാണ് എസ്. എൻ.ഡി.പി യോഗവും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റും. ഇരു പ്രസ്ഥാനങ്ങൾ തമ്മിലുള്ള ഐക്യവും പരസ്പര സഹകരണവും കേവലം സംഘടനാപരമായ ആവശ്യമല്ല, ഗുരുദേവ ദർശനത്തിന്റെ സമഗ്രമായ പ്രചാരണത്തിനും സാമൂഹിക പരിവർത്തനത്തിനും അനിവാര്യമായ ചരിത്രദൗത്യമാണതെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ശിവഗിരി മഠത്തിലെത്തിയ തുഷാർ മഹാസമാധിയിൽ ഗുരുപുഷ്പാഞ്ജലി, സമൂഹപ്രാർത്ഥന, കാണിക്ക സമർപ്പണം, ഫലസമർപ്പണം എന്നിവ നടത്തി. പ്രസിഡന്റ് സ്വാമി ഋതംഭരാനന്ദയ്ക്ക് പാദപൂജ നടത്തി ആരതി ഉഴിഞ്ഞു. പൂമാലയും ഫലങ്ങളും വസ്ത്രവും കാണിക്കയും സമർപ്പിച്ച് ഷാൾ അണിയിച്ച് ആദരിക്കുകയും ചെയ്തു. ജനറൽ സെക്രട്ടറി സ്വാമി വിശുദ്ധാനന്ദയ്ക്കും ട്രഷറർ സ്വാമി ശാരദാനന്ദയ്ക്കും ഇതേ രീതിയിൽ ആദരവ് അർപ്പിച്ചു.
ബി.ഗോപകുമാർ എം.എൽ.എ, അജി എസ്.ആർ.എം, അഡ്വ. സിനിൽ മുണ്ടപ്പള്ളി, കെ. പത്മകുമാർ, സന്ദീപ് പച്ചയിൽ, രാജേഷ് നെടുമങ്ങാട്, ഡി. പ്രേംരാജ്, ഗോകുൽദാസ്, ശ്രീകുമാർ പെരിങ്ങുഴി,പ്രമോദ് കണ്ണൻ, അഡ്വ. പി.എസ്. ജ്യോതിസ്,ത്രിദീപ് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |