
തിരുവനന്തപുരം: സ്വയംഭരണ കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കാൻ സർക്കാർ എൻ.ഒ.സി ആവശ്യമില്ലെന്ന് സർക്കുലർ ഇറക്കിയെങ്കിലും സർക്കാർ പ്രതിനിധികൾ ഉൾപ്പെടുന്ന സർവകലാശാലാ സിൻഡിക്കേറ്റുകളുടെ അനുമതിയില്ലാതെ തുടങ്ങാനാവില്ല. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ അടക്കം സർക്കാർ പ്രതിനിധികൾ വിവിധ സിൻഡിക്കേറ്റുകളിലുണ്ട്. ഇവരുടെ പരിശോധനയ്ക്കു ശേഷം കോഴ്സ് നടത്താനുള്ള സൗകര്യങ്ങളും അദ്ധ്യാപകരുമടക്കം ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷമേ അനുമതി നൽകൂവെന്ന് സർക്കാർ വിശദീകരിക്കുന്നു.
ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പുതിയ കോഴ്സുകളുടെ സിലബസ് സർവകലാശാല പരിശോധിക്കുകയും സർവകലാശാലാ സിലബസുമായി ചേർന്നുപോവുന്നതല്ലെങ്കിൽ മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്യും. എന്നാൽ നിലവിൽ സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിലെ സിലബസ് സാങ്കേതിക സർവകലാശാല പരിശോധിക്കുന്നില്ല. പുതിയ കോഴ്സുകൾക്കുള്ള അനുമതിക്കായി മാനേജ്മെന്റുകൾ സെക്രട്ടേറിയറ്റിൽ കയറിയിറങ്ങുന്നത് ഒഴിവാക്കാനാണ് എൻ.ഒ.സി ഒഴിവാക്കിയതെന്നാണ് സർക്കാർ പറയുന്നത്. സ്വയംഭരണ കോളേജുകളിലെ മെരിറ്റും സംവരണവും അതേപടി തുടരുന്നുണ്ടെന്നും യൂണിവേഴ്സിറ്റികൾ ഉറപ്പാക്കും.
എൻ.ഒ.സി ഒഴിവാക്കൽ മുമ്പും
എയ്ഡഡ്, സ്വാശ്രയ കോളേജുകൾക്ക് ബിവോക് കോഴ്സ് എൻ.ഒ.സിയില്ലാതെ ആരംഭിക്കാമെന്ന് 2021ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിൽ എയ്ഡഡിനെ ഉൾപ്പെടുത്തിയതിനെതിരെ സ്വാശ്രയ മാനേജ്മെന്റുകൾ കോടതിയെ സമീപിച്ചു. എയ്ഡഡിലെ ഇളവ് ബിവോക്കിന് മാത്രമായി ചുരുക്കുകയായിരുന്നെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് വിശദീകരിച്ചു.
ഇനിയുംവരും
ഇളവുകൾ
മികച്ച എയ്ഡഡ് കോളേജുകൾക്ക് കൽപ്പിതസർവകലാശാല പദവി നൽകുന്ന തീരുമാനം ഉടനുണ്ടാവും. എയ്ഡഡ് കോളേജുകളിലെ അദ്ധ്യാപക, അനദ്ധ്യാപകർക്ക് സർക്കാർ ശമ്പളം നിലനിറുത്തി വ്യവസ്ഥകളോടെ കൽപിത സർവകലാശാല പദവിക്കായി എൻ.ഒ.സി
നൽകാമെന്ന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ ധനവകുപ്പിന്റെ പരിഗണനയിലാണ്. ഇതിലൂടെ സർക്കാരിന് കോടികളുടെ അധിക ബാദ്ധ്യതയുണ്ടാവും.
സ്വകാര്യസർവകലാശാല ആരംഭിക്കാൻ 10ഏക്കർ ഭൂമി വേണമെന്നും ട്രഷറിയിൽ 25കോടി സ്ഥിരനിക്ഷേപം നടത്തണമെന്നുമുള്ള വ്യവസ്ഥകൾ പുതിയ ബില്ലിൽ ഒഴിവാക്കും. കോഴ്സുകളുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിന് ആനുപാതികമായി നിശ്ചയിക്കുന്നതാണ് പരിഗണനയിൽ.
''യു.ജി.സി ചട്ടപ്രകാരം സ്വയംഭരണകോളേജുകളിൽ കോഴ്സുകൾ തുടങ്ങാൻ സർക്കാർ, സർവകലാശാല അനുമതി ആവശ്യമില്ല. സർക്കാർ പണംമുടക്കുന്ന കോഴ്സുകളിൽ സർക്കാർ അനുമതി നിർബന്ധമാണ്
-റോജി.എം.ജോൺ
ഉന്നതവിദ്യാഭ്യാസ മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |