
കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ വിധി പറഞ്ഞ മുൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിനെതിരെ അതിജീവിതയുടെ അഭിഭാഷകയായിരുന്ന ടി.ബി. മിനി ഫയൽ ചെയ്ത ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. സ്വമേധയാ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് പരിഗണിച്ചത്.
വിചാരണ ഘട്ടത്തിൽ 10 ദിവസത്തിൽ താഴെ മാത്രമാണ് താൻ എത്തിയതെന്നും കോടതിയിലിരുന്ന് ഉറങ്ങുകയായിരുന്നെന്നും ജഡ്ജി ഹണി എം. വർഗീസ് തുറന്ന കോടതിയിൽ സംസാരിച്ചത് കോടതി അലക്ഷ്യമാണെന്നാണ് ഹർജിക്കാരിയുടെ വാദം. മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെയാണ് ഈ പരാമർശം നടത്തിയത്. മാദ്ധ്യമങ്ങൾ വിചാരിക്കാത്ത മാനങ്ങൾ നൽകിയതോടെ ഹർജിക്കാരിയുടെ ജോലിയെ ഇത് ബാധിച്ചെന്നും ഹർജിക്കാരിയുടെ അഭിഭാഷക കെ. നന്ദിനി ചൂണ്ടിക്കാട്ടി. അതിനാൽ ജഡ്ജിക്കെതിരെ കോടതി അലക്ഷ്യത്തിന് ഉത്തരവിടണം. പരാമർശങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് നീക്കാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടു.
വിചാരണക്കോടതി ജഡ്ജിയുടെ പരാമർശം ഒരു കേസിന്റെയും ഭാഗമായി രേഖപ്പെടുത്തിയിട്ടില്ലല്ലോയെന്നും അന്തരീക്ഷത്തിൽ കേൾക്കുന്ന കാര്യങ്ങളിൽ നടപടിയെടുക്കുന്നതെങ്ങനെയെന്നും വാദത്തിനിടെ ഹൈക്കോടതി ചോദിച്ചു. അതിനു സാക്ഷിയുണ്ടെന്ന് ഹർജിഭാഗം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |