കൊച്ചി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ബി.എൽ.എം ഗ്രൂപ്പിന്റെ 10 ബ്രാഞ്ചുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നലെ റെയ്‌ഡ് നടത്തി. ചെന്നൈ കോയമ്പേടിലുള്ള ഹെഡ് ഓഫീസിലും കൊച്ചി, കോഴിക്കോട്, കോയമ്പത്തൂർ,കോഴിക്കോട് എന്നിവിടങ്ങളിലെ 11 ബ്രാഞ്ചുകളിലും, എറണാകുളം വാഴക്കാലയിൽ താമസിക്കുന്ന തൃശൂരിലെ മുൻ തിയേറ്റർ ഉടമയുടെ വീട്ടിലുമായിരുന്നു പരിശോധന.
വൈകിട്ടുവരെ നീണ്ട പരിശോധനയിൽ സുപ്രധാന രേഖകൾ പിടിച്ചെടുത്തെന്നാണ് സൂചന. ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമായിരുന്നു റെയ്ഡ്. നിക്ഷേപകരിൽ നിന്ന് സമാഹരിച്ച കോടിക്കണക്കിന് രൂപ ബി.എൽ.എം ചെയർമാൻ ആർ. പ്രേംകുമാറും ബന്ധുക്കളും ചേർന്ന് വകമാറ്റിയെന്ന് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
തൃശൂരിലെ പ്രമുഖ തിയേറ്റർ, വിവിധ റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവ വാങ്ങാനും പ്രേംകുമാറിന്റെ മേൽനോട്ടത്തിലുള്ള മറ്റ് സ്വകാര്യ കമ്പനികൾക്കു വേണ്ടിയും നിക്ഷേപങ്ങൾ വകമാറ്റി. ആർ. പ്രേംകുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നെങ്കിലും കോടതി ജാമ്യം നൽകിയിരുന്നു. ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നതിനിടെയാണ് ഇ.ഡിയുടെ വരവ്. കേന്ദ്ര സഹകരണ നിയമപ്രകാരം പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് സഹകരണ സംഘമാണ് ബി.എൽ.എം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |