
കോഴിക്കോട്: കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ ലിഫ്റ്റ് പ്രവർത്തനരഹിതമായതിനെ തുടർന്ന് കുടുങ്ങിപ്പോയ ആറ് എക്സൈസ് ഉദ്യോഗസ്ഥരെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. നാലുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് എത്തിയപ്പോഴാണ് ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചത്.
ലിഫ്റ്റിനുള്ളിൽ വായുസഞ്ചാരം കുറഞ്ഞതിനാൽ ഒരു ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കി. തുടർന്ന് സിവിൽ സ്റ്റേഷനിലെ മറ്റ് ജീവനക്കാർ ഉടൻ വെള്ളിമാടുകുന്ന് ഫയർഫോഴ്സ് യൂണിറ്റിൽ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന അത്യാധുനിക ഹൈഡ്രോളിക് സ്‌പ്രെഡർ ഉപകരണം ഉപയോഗിച്ച് ലിഫ്റ്റിന്റെ വാതിൽ ബലമായി വേർപെടുത്തിയാണ് ഉദ്യോഗസ്ഥരെ സുരക്ഷിതമായി പുറത്തെത്തിച്ചത്.
സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ടി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഓഫീസർമാരായ ജിതേഷ്, അനീഷ്, ജിതിൻബാബു, സുബിൻ, അഷറഫ്, ഹോം ഗാർഡ് സത്യൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സമയോചിതമായി ഇടപെട്ടതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |