SignIn
Kerala Kaumudi Online
Sunday, 13 September 2026 2.56 AM IST

വിപുലീകൃത സംസ്ഥാന സമിതി:  പിണറായിക്കും എം.വി.ഗോവിന്ദനും സംരക്ഷണ കവചം ഒരുക്കാൻ നീക്കം 

1

കോഴിക്കോട്: ഇന്ന് തുടങ്ങുന്ന സി.പി.എം വിപുലീകൃത സംസ്ഥാന സമിതിയിൽ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സംരക്ഷണ കവചം ഒരുക്കാൻ നീക്കം. വ്യക്തി കേന്ദ്രീകൃത ചർച്ചകൾ ഒഴിവാക്കണമെന്ന നിർദ്ദേശത്തിലൂടെ പിണറായിക്കും ഗോവിന്ദനും എതിരായ വിമർശനങ്ങളെ ഒഴിവാക്കാനുള്ള നീക്കമാണ് പിണറായി പക്ഷ നേതാക്കൾ നടത്തിയത്. ജില്ലാ സെക്രട്ടറിമാർ വഴിയാണ് അനുനയ നീക്കം. ഇ.ഡി കേസ് പിണറായിക്ക് എതിരായ ചർച്ചയായി മാറാതിരിക്കാനും നേതൃത്വം ജാഗ്രത കാട്ടുന്നുണ്ട്.

എന്നാൽ സംഘടനാ രംഗത്തെ പാളിച്ചകളും പ്രത്യയശാസ്ത്ര നയംമാറ്റങ്ങളും ചർച്ചയിൽ ഉയർത്താനാണ് പിണറായി വിരുദ്ധ പക്ഷത്തിന്റെ തീരുമാനം. രാഷ്ട്രീയ ഗൂഢലക്ഷ്യം ഉപയോഗിച്ച് പാർട്ടിയെ തകർക്കാൻ ശ്രമം നടക്കുന്നതിനിടയ്ക്ക് വ്യക്തി കേന്ദ്രീകൃത വിമർശനങ്ങൾ നടത്തരുതെന്ന് അഭ്യർത്ഥനയാണ് നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്. ഇ.ഡി കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയിൽ ഉയർന്നേക്കുമെന്നാണ് സൂചന. പരാജയത്തിനിടയാക്കിയ വിഷയങ്ങൾ പിണറായി വിജയനും എം.വി.ഗോവിന്ദനും കൈകാര്യം ചെയ്ത രീതിക്കെതിരെയാണ് എതിർചേരിയുടെ വിമർശനം. 10 വർഷമായി പാർട്ടിയുടെ പ്രത്യയ ശാസ്ത്ര രീതികളിലുണ്ടായ മാറ്റം ആയുധമാക്കാനാണ് ഇവരുടെ നീക്കം. പാർട്ടിയുടെ പൂർണ്ണ അധികാരം പിണറായിയിലേക്ക് കേന്ദ്രീകരിച്ചതോടെ നയപരമായ രീതികൾ മാറ്റിമറിച്ചുവെന്നാണ് ഇവരുടെ വാദം. സംഘടനാ സംവിധാനത്തെ പൂർണ്ണമായും ഇരുട്ടിൽ നിർത്തിയാണ് നയമാറ്റങ്ങൾ തീരുമാനിച്ചതെന്നാണ് ആരോപണം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇതിന് കൂട്ടുനിന്നു.

നേതൃമാറ്റം ഇല്ലാതെ ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്നും തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പാർട്ടി ഉണ്ടാകില്ലെന്നുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. പാർട്ടി നയങ്ങളും നിലപാടുകളും ഉയർത്തി നയിക്കാൻ എംവി.ഗോവിന്ദന് കഴിയുന്നില്ല. നേതൃത്വം മാറണമെന്ന് ആവശ്യം ശക്തമായാൽ കേന്ദ്ര നിലപാട് നിർണായകമാകും. ഇതോടെ പിണറായി വിജയന്റെ അനിഷേധ്യതയാണ് ചോദ്യം ചെയ്യപ്പെടുക. ഏകപക്ഷീയ നിലപാടുകളും പ്രവർത്തന ശൈലിയും പി.ആർ ഭരണവും പാർട്ടിയുടെ അടിത്തറ ഇളക്കി എന്നതാണ് എതിർചേരിയുടെ വിമർശനം. പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ ഇവർക്കുണ്ട്. ഇ.പി ജയരാജൻ മുതൽ പി.രാജീവും കെ.എൻ.ബാലഗോപാലും എം.ബി രാജേഷും എം.സ്വരാജും ഉൾപ്പെടെയുള്ളവർ പിന്തുണയ്ക്കുന്നു. കെ.കെ രാഗേഷിനെ പോലുള്ള ചുരുക്കം ചിലരെ മാറ്റി നിർത്തിയാൽ കണ്ണൂർ നിര എതിർചേരിക്കൊപ്പമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVINDAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA