SignIn
Kerala Kaumudi Online
Thursday, 01 October 2026 2.14 AM IST

ഗ്യാനേഷ് കുമാറിനെതിരെ പഴയ പരാതി പൊക്കാൻ സർക്കാർ

aa

തിരുവനന്തപുരം: വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ ആരോപണം നേരിടുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പഴയ പരാതി പൊടിതട്ടിയെടുക്കാൻ ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നു. കെ.എസ്.ടി.പി പദ്ധതിപ്രകാരം എം.സി റോഡ് പുനർനിർമ്മിച്ച പതിബെൽ കമ്പനിയുടെ ചീഫ് പ്രോജക്‌ട് മാനേജർ ലീ സീ ബീനിന്റെ ആത്മഹത്യയെത്തുടർന്നാണ് അന്ന് മരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷിനെതിരേ വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിൽ തുടർ നടപടികളുണ്ടായില്ല. ക്രൈംബ്രാഞ്ചിലും ഇതുസംബന്ധിച്ച അന്വേഷണം നടന്നില്ല. ഇതിന്റെ ഫയലുകൾ ആഭ്യന്തര വകുപ്പ് തേടിയിരിക്കുകയാണ്. ചില ഉന്നത ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ട് തന്നെ സമ്മർദ്ദത്തിലാക്കിയതായി ലീ സഹപ്രവർത്തകരോടു പറഞ്ഞിരുന്നു. ആത്മഹത്യക്കുറിപ്പിലും ഇതു സംബന്ധിച്ച പരാമർശം ഉണ്ടായിരുന്നു. പുനരന്വേഷണത്തിനു സർക്കാർ തീരുമാനിച്ചാൽ ഗ്യാനേഷും അതിന്റെ പരിധിയിൽ വരും. എം.സി റോഡിലെ 127 കി.മീ. നിർമ്മിക്കാനുള്ള 215 കോടി രൂപയുടെ കരാറാണു കൺസോർഷ്യം ഏറ്റെടുത്തിരുന്നത്.

2005 ഡിസംബറിൽ പൂർത്തിയാക്കേണ്ട പദ്ധതി ഭൂമിയേറ്റെടുക്കൽ വൈകിയതിനാൽ നീണ്ടു. 2006മേയിലും പൂർത്തിയാവാത്തതിനാൽ 17കോടിയുടെ ബില്ലുകൾ സർക്കാർ തടഞ്ഞു. 12.5 കോടി രൂപയാണു കരാറുകാർ വിവിധ ഏജൻസികൾക്കു നൽകാനുണ്ടായിരുന്നത്. പണം കിട്ടാതായതോടെ ലീ മാനസിക സമ്മർദ്ദത്തിലായി. കമ്പനിയോട് സർക്കാർ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു. മലേഷ്യയിലെ സുബാംഗ് റിയ പാർക്കിലെ തടാകത്തിനു സമീപം ഇരുമ്പുപാലത്തിൽ തൂങ്ങിമരിച്ച നിലയിൽ ലീസീ ബീനിനെ കണ്ടെത്തുകയായിരുന്നു. കമ്പനി മേധാവിക്കും കുടുംബത്തിനുമെഴുതിയ കുറിപ്പുകളിൽ കേരളത്തിലെ ഉദ്യോഗസ്ഥരുടെ കടുത്ത അഴിമതിയെക്കുറിച്ച് ലീ സൂചിപ്പിച്ചിരുന്നു. ആരോപണത്തെതുടർന്ന് ഗ്യാനേഷിനെ മരാമത്തിൽ നിന്നൊഴിവാക്കിയിരുന്നു. 2016ൽ ഗ്യാനേഷ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയി. 2025 ഫെബ്രുവരി 19ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GYANESH KUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA