
കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന കേസുകളിൽ കോടതിവിധിക്കായി കാത്തുനിൽക്കാതെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇത്തരം കേസുകളിൽ മോട്ടോർവാഹന നിയമത്തിലെ സെക്ഷൻ 19 പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനോ അയോഗ്യമാക്കാനോ ഉള്ള അധികാരമുണ്ട്. അത് കാര്യമായി ഉപയോഗിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച് ബൈക്ക് യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നിരീക്ഷണം. ഹർജിക്കാരനായ കുന്നംകുളം സ്വദേശി ഗീവർഗീസിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾക്കായി രേഖകൾ ഉടൻ വാഹന വകുപ്പിന് കൈമാറാൻ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |