
കൊച്ചി: എൻ.ഐ.എ കേസിൽ ജാമ്യം ലഭിച്ച ശ്രീലങ്കൻ പൗരന്റെ തടങ്കൽ സംബന്ധിച്ച് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസർ (എഫ്.ആർ.ആർ.ഒ) തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ജാമ്യം ലഭിച്ചിട്ടും കൊല്ലത്തെ ട്രാൻസിറ്റ് ഹോമിൽ നിയന്ത്രിത തടവിൽ പാർപ്പിച്ചതിനെതിരെ പ്രതിയുടെ ഭാര്യ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി തീർപ്പാക്കിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. എഫ്.ആർ.ആർ.ഒയുടെ ഉത്തരവ് കോടതിയുടെ ജാമ്യവിധിയെ അട്ടിമറിക്കുന്നതാകരുതെന്നും നിർദ്ദേശിച്ചു.
2021ൽ വിഴിഞ്ഞം തുറമുഖത്തു വച്ച് എ.കെ.47 അടക്കമുള്ള ആയുധങ്ങളുമായി പിടിയിലായ കേസിലെ എട്ടാം പ്രതിയായ ശ്രീലങ്കൻ പൗരൻ രമേശിന് കഴിഞ്ഞ ആഗസ്റ്റ് 21ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജാമ്യം അനുവദിച്ചിരുന്നു. വിചാരണ വൈകുന്നതും അഞ്ച് വർഷത്തോളമായി തടവിലാണെന്നതും കണക്കിലെടുത്തായിരുന്നു ഇത്. എന്നാൽ ജാമ്യ ബോണ്ട് ഹാജരാക്കുന്നതിന് മുമ്പ് എഫ്.ആർ.ആർ.ഒ നിയന്ത്രിത തടവിന് ഉത്തരവിട്ടു. ഇതിനെതിരെയാണ് പ്രതിയുടെ ഭാര്യ നൊന പിരോഷ ഹർജി നൽകിയത്. ഹർജിക്കാരി താമസിക്കുന്ന വാടക വീട് അടക്കമുള്ള സ്ഥലങ്ങൾ പരിഗണിച്ച് പ്രതിയെ താമസിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഹർജിക്കാരിക്കുവേണ്ടി അഡ്വ. എസ്.കെ. ആദിത്യൻ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |