
കൊച്ചി: അർജന്റീന ഫുട്ബാൾ ടീം സന്ദർശനത്തിന്റെ പേരിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ടർ ടി.വി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന ഹർജിയാണ് ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ പരിഗണിച്ചത്. കേസ് വീണ്ടും 23ന് പരിഗണിക്കാൻ മാറ്റി.
സംസ്ഥാന സർക്കാരിനെയും പൊതുജനങ്ങളെയും കബളിപ്പിക്കാൻ അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി ഒപ്പുവച്ച കരാറിൽ വ്യാജമായ വിവരങ്ങൾ നിയമവിരുദ്ധമായി ഉൾപ്പെടുത്തുകയും ക്രിമിനൽ ഗൂഢാലോചന നടത്തുകയും ചെയ്തെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. അഞ്ച് കോടി രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റിൽ ഇളവ് നേടി കലൂരിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിയന്ത്രണം കൈക്കലാക്കാൻ ആന്റോ അഗസ്റ്റിൻ ഗൂഢാലോചന നടത്തിയെന്നും ആരോപിക്കുന്നു.
വഞ്ചന, ഗൂഢാലോചന കുറ്റങ്ങൾ ചുമത്താൻ വേണ്ടത്ര വിവരങ്ങൾ എഫ്.ഐ.ആറിലില്ലെന്നും നിയമ നടപടികളെ ദുരുപയോഗം ചെയ്യുകയാണെന്നുമാണ് ഹർജിക്കാരന്റെ വാദം. സർക്കാർ സാമ്പത്തിക സഹായമൊന്നും വാഗ്ദാനം ചെയ്തിട്ടില്ല. വിദേശ ഫുട്ബാൾ സംഘടനകളുമായാണ് മത്സരവുമായി ബന്ധപ്പെട്ട ധാരണയുണ്ടാക്കിയത്. തനിക്കെതിരായ ഗൂഢാലോചന ആരോപണം നിലനിൽക്കില്ലെന്നും ആന്റോ വാദിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |