
തിരുവനന്തപുരം: വകുപ്പ് മന്ത്രിയെ അറിയിക്കാതെ ബാർ ലൈസൻസ് അനുവദിച്ചതിന് എക്സൈസ് കമ്മിഷണർ കസേര തെറിച്ച സീറാം സാംബശിവറാവു പടിയിറങ്ങിയത് മന്ത്രി ലിജുവിനെ വിവാദത്തിലേക്ക് വലിച്ചിട്ടശേഷം. ബാർ വിഷയത്തിൽ സർക്കാരും പ്രതിപക്ഷവും പരസ്പരം പഴിചാരി നിൽക്കെയാണിത്.
ജോയിന്റ് എക്സൈസ് കമ്മിഷണർ എസ്.വിനോദ്, ആലപ്പുഴ ഡെപ്യൂട്ടി കമ്മിഷണർ കെ.ആർ.അജയ് എന്നിവർക്കെതിരായ അഴിമതി ആരോപണ റിപ്പോർട്ടാണ് സ്ഥാനചലനമുണ്ടായ വെള്ളിയാഴ്ച നികുതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയത്. എന്നാൽ, അജയ്യിന് കൈക്കൂലി നൽകിയ ബാറുടമയെ എക്സൈസ് മന്ത്രി എം.ലിജുവിന് നന്നായി അറിയാമെന്നൊരു ആപ്പും വച്ചു. തന്നെ അറിയിക്കാതെ 32 തസ്തികകളിൽ മന്ത്രി സ്ഥലം മാറ്റം നടത്തിയെന്നും ആരോപിച്ചു.
സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും കമ്മിഷണർക്ക് നേരത്തെ ഇക്കാര്യങ്ങൾ തന്നെ അറിയിക്കാമായിരുന്നെന്നും ലിജു പ്രതികരിച്ചു. റാവുവിന്റെ ആദ്യം മുതലുള്ള പ്രവർത്തനങ്ങളെപ്പറ്റി വകുപ്പുതല അന്വേഷണവും വിജിലൻസ് അന്വേഷണവും ശുപാർശ ചെയ്യും.
ബാർ സമയക്രമം, ലൈസൻസ് ദീർഘിപ്പിക്കൽ എന്നിവയ്ക്ക് മൂവാറ്റുപുഴയിലെ ബാറുടമയിൽ നിന്ന് വിനോദ് 50,000 രൂപ വാങ്ങി. ആലപ്പുഴയിൽ ഇൻസ്പെക്ഷന് പോകുമ്പോൾ ബാറുടമ 30,000 രൂപ നൽകുമെന്ന് ഇയാൾ സുഹൃത്തിനോട് പറഞ്ഞിട്ടുണ്ട്. കായംകുളം കട്ടച്ചിറയിലെ ബാർ ഉടമ രതീഷിൽ നിന്ന് ഇൻസ്പെക്ഷനെത്തിയ അജയ് 30,000 രൂപ വാങ്ങി. ഏപ്രിലിൽ ലൈസൻസ് പുതുക്കലിനായി 20,000 രൂപയും വാങ്ങി. ബാർ ഉടമയുടെ അജയ്യിന്റെ മന്ത്രി ബന്ധം ഇൻഫോർമർ അറിയിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്. കോട്ടയം ജില്ലയിൽ ഒരു ലൈസൻസിൽ രണ്ടു കള്ളുഷാപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയ കേസിൽ അജയ് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങി ഒതുക്കിത്തീർത്തു. വൈക്കം സി.ഐയുടെ അന്വേഷണ റിപ്പോർട്ട് കമ്മിഷണറേറ്റിലേക്ക് അയയ്ക്കാതെയായിരുന്നു കളിച്ചത്. അജയ് കോട്ടയത്ത് ചില ബാറുകൾ ലീസിനെടുത്തും ബന്ധുവിനെ ബിനാമിയാക്കിയും പ്രവർത്തിപ്പിക്കുന്നു. പെർമിറ്റ് കള്ളിന്റെ വില്പന നടത്തുന്നതായും ബിനാമി സ്വത്തു സമ്പാദിച്ചെന്നും വിവരിക്കുന്നു. വിനോദും അജയ്യും ഫീൽഡ് വർക്കിന് അർഹരല്ല. ഇവരെ പണപ്പിരിവിന് സാദ്ധ്യതയില്ലാത്ത ഓഫീസുകളിൽ നിയമിക്കണം. ക്രമക്കേടുകൾ തടയാനുള്ള മൂന്ന് ശുപാർശകളും റിപ്പോർട്ടിലുണ്ട്.
സ്ഥലം മാറ്റം ഞാനറിയില്ല
ഇടപെടലുകൾ കാരണം സ്ഥലം മാറ്റ നടപടികൾ ഓൺലൈനിലേക്ക് മാറ്റാൻ സാധിക്കുന്നില്ല. തന്നെ അറിയിക്കാതെ അഡിഷണൽ കമ്മിഷണർ (അഡ്മിനിസ്ട്രേഷൻ) 32 തസ്തികകളിൽ ഇൻസ്പെക്ടർമാരുടെയും സി.ഐമാരുടെയും സ്ഥലംമാറ്റം നടത്തി. വിശദീകരണം തേടിയപ്പോൾ, സംഘടനാപരമായും മന്ത്രി ഓഫീസ് തലത്തിലും ചർച്ച ചെയ്താണ് ലിസ്റ്ര് തയ്യാറാക്കുന്നതെന്നാണ് സെക്ഷൻ സൂപ്രണ്ട് രേഖാമൂലം അറിയിച്ചതെന്നും സീറാം പറയുന്നു.
എന്റെ നിയോജക മണ്ഡലത്തിലുള്ളവരെയെല്ലാം അറിയാം. ബാർ നടത്തുന്നവരും അല്ലാത്തവരും അതിലുണ്ട്. എന്താണ് കുഴപ്പം.
-എം.ലിജു,
എക്സൈസ് മന്ത്രി
സർക്കാരിന്റെ മദ്യനയം വരുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ ബാറുകൾക്ക് ലൈസൻസ് കൊടുത്തത് ഗുരുതര തെറ്റാണ്. മന്ത്രിക്ക് മുകളിലല്ല ഉദ്യോഗസ്ഥർ. ലൈസൻസ് കൊടുത്തതിന്റെ പേരിൽ നാളെ മന്ത്രിയുടെ പേരിൽ അഴിമതി ആരോപിക്കുന്ന സാഹചര്യമുണ്ടാകും. സർക്കാരിന്റെ നയങ്ങൾക്കെതിരെ ഉദ്യോഗസ്ഥർ പ്രവർത്തിച്ചാൽ നടപടി സ്വാഭാവികമാണ്.
-വെള്ളാപ്പള്ളി നടേശൻ,
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |