SignIn
Kerala Kaumudi Online
Saturday, 03 October 2026 2.35 AM IST

സന്നിധാനത്ത്  വൻ  ഭക്തജനത്തിരക്ക്, അയ്യനെ കാണാൻ ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ, ദേവസ്വം മന്ത്രി ഇന്നെത്തും

sabarimala

ശബരിമല: സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്. ഇന്നത്തേക്ക് ബുക്ക് ചെയ്തത് അറുപതിനായിരത്തോളം ഭക്തരാണ്. ഇതിനുപുറമെ 12 സ്ഥലങ്ങളിലുള്ള സ്പോട്ട് ബുക്കിംഗിലൂടെയും തീർത്ഥാടകർ എത്തും. തിരക്ക് കൂടുന്നതിനനുസരിച്ച് കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കാനാണ് ദേവസം ബോർഡിന്റെ തീരുമാനം. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സന്നിധാനത്ത് എത്തി നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തും.

നടതുറന്ന ആദ്യ ദിനത്തിൽത്തന്നെ ശബരിമലയിലേക്ക് ഒഴുകിയെത്തിയത് പതിനായിരത്തിലധികം ഭക്തരാണ്. വൃശ്ചികം ഒന്നായ ഇന്നാണ് തീർത്ഥാടനം ആരംഭിക്കുന്നതെങ്കിലും ഇന്നലെ നട അടയ്ക്കുംവരെ ഭക്തർ എത്തിക്കൊണ്ടിരുന്നു.ഇന്ന് പുലർച്ചെ മൂന്നുമണിക്കാണ് നട തുറന്നത്. പുതുതായി സ്ഥാനമേറ്റ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരിയാണ് ശ്രീകോവിൽ തുറന്നു ദീപം തെളിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്നതോടെ ശബരിമലയാകെ പ്രാർത്ഥനാനിർഭരമായി.ശ്രീകോവിലിൽ മേൽശാന്തി ദീപങ്ങൾ തെളിച്ച് യോഗനിദ്ര‌യിൽ നിന്ന് ഭഗവാനെ ഉണർത്തി. ഉപദേവതാക്ഷേത്രങ്ങളും തുറന്ന് വിളക്ക് തെളിച്ചു. പതിനെട്ടാം പടിക്കു മുന്നിലെ ആഴിയിലും അഗ്‌നി പകർന്നു. തുടർന്ന് ഭക്തർ പതിനെട്ടാംപടി കയറി ഭഗവത് ദർശനം നടത്തി. തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്തു. ഇന്നലെ പ്രത്യേക പൂജകൾ ഇല്ലായിരുന്നു.


പുതിയ പുറപ്പെടാ മേൽശാന്തിയായി സന്നിധാനത്ത് ജയരാമൻ നമ്പൂതിരിയും മാളികപ്പുറത്ത് ഹരിഹരൻ നമ്പൂതിരിയും ചുമതലയേറ്റു. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറിവന്ന ഇരുവരെയും സ്ഥാനമൊഴിഞ്ഞ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി കൈപിടിച്ച് ശ്രീകോവിലിനു മുന്നിലേക്ക് ആനയിച്ചു. തുടർന്ന് ജയരാമൻ നമ്പൂതിരിയെ തന്ത്രി കണ്ഠര് രാജീവരര് കലശാഭിഷേകം നടത്തി മേൽശാന്തിയായി അവരോധിച്ച് ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ചുകയറ്റി. നട അടച്ചശേഷം അയ്യപ്പന്റെ മൂലമന്ത്രം മേൽശാന്തിയുടെ കാതിൽ തന്ത്രി ചൊല്ലിക്കൊടുത്തു. മാളികപ്പുറം ശ്രീകോവിലിനു മുന്നിൽ കലശാഭിഷേകം നടത്തി ഹരിഹരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായി അവരോധിച്ചു.

ഡിസംബർ 27നാണ് മണ്ഡലപൂജ. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീർത്ഥാടനം ജനുവരി 20ന് സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA, HUGE CROWD, DEVOTEES, TODAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA