
ചോറ്റാനിക്കര: ചുറ്റുമുള്ള പഞ്ചായത്തുകളിൽ കനത്ത മഴ പെയ്യവേ ചോറ്റാനിക്കര ക്ഷേത്രമുറ്റത്ത് ഇന്നലെ രാവിലെ പഞ്ചാരിയുടെ മേളമഴയായിരുന്നു. നവരാത്രി ഉത്സവത്തോടനുബന്ധിച്ച് നടൻ ജയറാം പ്രമാണിയായി പവിഴമല്ലിത്തറയിൽ അരങ്ങേറിയ പഞ്ചാരിമേളം ഭക്തിയുടെയും കലാവൈഭവത്തിന്റെയും സംഗമമായി.
പതിഞ്ഞ താളത്തിൽ തുടങ്ങി ക്രമേണ ആവേശത്തിന്റെ കൊടുമുടിയിലേക്ക് ഉയർന്ന മേളം ഉച്ചയോടെ അവിസ്മരണീയമായ കലാശത്തിലെത്തി.
രാവിലെ 9ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളി പുരുഷോത്തമൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, ബോർഡ് അംഗം അഡ്വ. കെ.പി. അജയൻ, കെ. കെ. സുരേഷ് ബാബു തുടങ്ങിയവർ നിലവിളക്ക് തെളിച്ചാണ് മേളത്തിന് തുടക്കമിട്ടത്. 151 കലാകാരന്മാർ അണിനിരന്നു.
തിരുമറയൂർ ഗിരിജൻ മാരാർ ഇടന്തല നിന്ന മേളത്തിൽ ശങ്കരൻ കുളങ്ങര രാധാകൃഷ്ണൻ, കുറൂർ ബാലൻ, പാഞ്ഞാൽ വേലുക്കുട്ടി, അനിൽ, കൊമ്പിൽ മച്ചാട് ഹരി തുടങ്ങിയവർ പങ്കെടുത്തു. മുതിർന്ന കലാകാരന്മാർക്കൊപ്പം 10 വയസുകാരൻ ഉൾപ്പെടെയുള്ള കുട്ടികളും അണിനിരന്നു.
ചെറുപ്പം മുതൽ ഓടിനടന്ന അമ്പലമുറ്റത്ത് പഞ്ചാരി കൊട്ടാൻ കഴിഞ്ഞത് മഹാഭാഗ്യമാണെന്ന് ജയറാം പറഞ്ഞു. പതിമൂന്നാം തവണയാണ് ജയറാം പവിഴമല്ലിത്തറ മേളത്തിന് പ്രമാണിയാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |