SignIn
Kerala Kaumudi Online
Sunday, 01 November 2026 3.03 AM IST

കേരളമേ തറവാട്

d

ശ്...ശ്.... പമ്പ് ചെയ്തതോടെ പെട്രോമാക്സിലേക്ക് മണ്ണെണ്ണ ഇരച്ചെത്തി. ഇരുട്ടുമാറി എങ്ങും വെട്ടം. കല്യാണപ്പന്തലുകളിലും പള്ളിപ്പെരുന്നാളിനും ഉത്സവങ്ങൾക്കും മറ്റ് പരിപാടികളിലും പെട്രോമാക്സ് വെട്ടമെത്തിച്ച കാലം. നമ്മുടെ കേരളം എഴുപതാണ്ടുകൾ നീന്തിക്കയറിയത് ഇത്തരം എത്രയോ കാഴ്ചകളിലൂടെ. ഇന്നത് ഗൃഹാതുരത്വം.

'കൊമ്പിൽ കിലുക്കും കെട്ടി പുള്ളരിങ്ങാ പന്തുരുട്ടി
ലാടം വെച്ച കുഞ്ഞിക്കുളമ്പടി-
ച്ചോടിക്കോ കാളെ മടിക്കാതെ"

കാളവണ്ടി, കുതിരവണ്ടി, റാലി സൈക്കിൾ... കേരളം ഓടിത്തുടങ്ങിയതങ്ങനെ. സമയമളക്കാൻ ചൂളം വിളിക്കുന്ന ഓട്ടുഫാക്ടറികൾ. കശുഅണ്ടി-കയർ- നെയ്ത്ത് തൊഴിലാളികളുടെ ജീവിതങ്ങൾ. ഗ്രാമഫോണിലൂടെ ഒഴുകിവരുന്ന യേശുദാസിന്റെയും പി.ജയചന്ദ്രന്റെയും എസ്.ജാനകിയുടെയും പി.സുശീലയുടെയും പാട്ടുകൾ. ടേപ്പ് റെക്കാഡറും വാക്ക് മാനും സിഡിയും ഡിവിഡിയും പിന്നാലെ. പാട്ടും വാർത്തകളും അറിയാൻ ആകാശവാണി. 1985ൽ ദൂരദർശൻ കാഴ്ചയുടെയും കേൾവിയുടെയും പൊന്നോണക്കാലം.

' ഒരു രൂപാ നോട്ടു കൊടുത്താൽ ഒരു ലക്ഷം കൂടെപ്പോരും..."

ഒരു രൂപ പോലും ഇന്ന് നിറമുള്ള ഓർമ്മ. വെള്ളിയാഴ്ചകളെ മലയാളി ഓർത്തിരുന്നത് സിനിമാ അനൗൺസ്മെന്റും നോട്ടീസുമായെത്തുന്ന ജീപ്പിനോട് കൂടി ചേർത്താണ്. ഓലക്കൊട്ടകകൾ, അവിടെനിന്നെത്തുന്ന ഗാനശകലങ്ങൾ... ചില്ലുറാന്തലും മണ്ണെണ്ണവിളക്കും സ്ളേറ്റും കല്ലുപെൻസിലും മഷിത്തണ്ടുമെല്ലാം

നിറഞ്ഞ പഠനമുറികൾ. ചാണകം തേച്ച നിലവും ഓലക്കുടിലും പടികടന്നെത്തുന്ന നിലാവും മഴയുമെല്ലാം മലയാളികളുടെ നൊസ്റ്റാൾജിയയാണ്.

'നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്‌ "

നാളികേരവും നെല്ലുമെല്ലാം പുതുമലയാളിയുടെ ഓർമ്മകളിൽ ശുഷ്കമാണ്. അന്ന് രോഗം വന്നാൽ പച്ചമരുന്നും നാട്ടുവൈദ്യന്മാരും കഴിഞ്ഞേ അലോപ്പതിയുണ്ടായിരുന്നുള്ളൂ. വില്ലടിച്ചാൻ പാട്ടും കഥാപ്രസംഗവും നാടകവും ബാലെയും ഗാനമേളയുമെല്ലാം ഉത്സവത്തിനും പെരുന്നാൾ ആഘോഷങ്ങൾക്കും മാറ്റുകൂട്ടി.

'കടലിന്നക്കരെ പോണോരേ
കാണാപ്പൊന്നിനു പോണോരേ"

ലോകത്തിന് മുന്നിലേക്ക് തുറന്നുവച്ച കണ്ണായ കടലായിരുന്നു അന്നും ഇന്നും കേരളത്തിന്റെ ശക്തിയും ദൗർബല്യവും. സുഗന്ധവ്യഞ്ജനങ്ങളുടെ ഗന്ധം തേടി അവരെത്തി. ചിലർ നമ്മളുമായി കച്ചവടം നടത്തി. മറ്റു ചിലർ കീഴടക്കി. ചരിത്രാതീതകാലം തൊട്ടേ കോഴിക്കോടും ഫോർട്ട് കൊച്ചിയും മുസ്‌രീസുമെല്ലാം അറബികളോടും ചൈനീസുകാരോടും ജൂതന്മാരോടും റോമക്കാരോടും ഡച്ചുകാരോടും പോർച്ചുഗീസുകാരോടും കച്ചവടം ചെയ്തു. എല്ലാം നമ്മൾ അവസരങ്ങളാക്കി. വിഴിഞ്ഞം തുറമുഖം വരെയെത്തിനിൽക്കുന്നു കേരളത്തിന്റെ ഈ കടൽഭാഗ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA