
ആലുവ:'കാതോട് കാതോരം' പദ്ധതിയിലൂടെ ശബ്ദത്തിന്റെ ലോകം തുറന്നുകിട്ടിയ കുരുന്നുകളുടെ സംഗമത്തിൽ
പ്രതീക്ഷിക്കാതെ ഒരതിഥിയെത്തി, നടൻ മമ്മൂട്ടി! കുഞ്ഞുങ്ങളോട് കുശലം ചോദിച്ചും ചേർത്തുപിടിച്ച് ഫോട്ടോകളെടുത്തും രണ്ടുമണിക്കൂറിലേറെ മമ്മൂട്ടി അവരോടൊപ്പമുണ്ടായിരുന്നു. കുട്ടികളെ അക്ഷരലോകത്തേക്കും കൈപിടിച്ചുയർത്തി മമ്മൂട്ടി സ്ലേറ്റുകളിൽ 'അമ്മ' എന്നെഴുതിച്ചപ്പോൾ മാതാപിതാക്കളുടെ കണ്ണുനിറഞ്ഞു.
രാജഗിരിആശുപത്രിയും മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും ചേർന്ന് നടത്തുന്ന 'കാതോട് കാതോരം' പദ്ധതിയിലൂടെ സൗജന്യകോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ പൂർത്തിയാക്കിയ കുട്ടികളാണ് ഒത്തുചേർന്നത്.
ആദ്യമായി ഇംപ്ലാന്റേഷൻ കഴിഞ്ഞ ഇടുക്കി ചെമ്മണ്ണാർ സ്വദേശി ആഞ്ചലോയും കഴിഞ്ഞയാഴ്ച ശസ്ത്രക്രിയ പൂർത്തിയാക്കിയ നെട്ടൂർ സ്വദേശി ഉമറൂൾ ഫാറൂഖുമെല്ലാം എത്തിയിരുന്നു. രാജഗിരി അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ.ജോയ് കിളിക്കുന്നേൽ, രാജഗിരിആശുപത്രി ഇ.എൻ.ടി ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം മേധാവി ഡോ.രാജേഷ് രാജു, ഇംപ്ലാന്റ് സർജൻ ഡോ.സജിത്ത് അബ്രഹാം, കെയർ ആൻഡ് ഷെയർ മാനേജിംഗ് ഡയറക്ടർ ഫാ.തോമസ് കുര്യൻ, ഡയറക്ടർമാരായ റോബർട്ട് കുര്യാക്കോസ്, ജോർജ്.എസ്, രാജഗിരി ഡയറക്ടർ ഡോ.വി.എ.ജോസഫ് എന്നിവർപങ്കെടുത്തു.
'കുരുന്നുകൾ വലിയ നിലയിലെത്തട്ടെ. കുറച്ച് പേരെയെങ്കിലും സഹായിക്കാൻ സാധിച്ചല്ലോ. സഹായമനസ്സുള്ള ഡോക്ടർമാരും രാജഗിരി ആശുപത്രിയും ഉള്ളപ്പോൾകാര്യങ്ങൾ എളുപ്പമായി,സന്തോഷം'.
-മമ്മൂട്ടി
ആലുവ രാജഗിരി ആശുപത്രിയും കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും ചേർന്നൊരുക്കിയ ‘കാതോട് കാതോരം’ സ്നേഹസംഗമത്തിൽ കോക്ലിയർ ഇംപ്ലാന്റേഷൻ വിജയകരമായി പൂർത്തിയാക്കിയ കുട്ടികളുടെ മുന്നിൽ മമ്മൂട്ടി 'അമ്മ' എന്ന് എഴുതിയപ്പോൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |