
കൊച്ചി: വനംവകുപ്പിന്റെ കപ്രിക്കാട് അഭയാരണ്യത്തിൽ നിന്ന് ഗുജറാത്ത് ജാംനഗറിലെ വൻതാര ആനിമൽ റെസ്ക്യൂ സെന്ററിലെത്തിച്ച കുട്ടിയാന മായയുടെ ചികിത്സ ഇന്നും നാളെയുമായി നിശ്ചയിക്കും. പരിശോധനാഫലം ഇന്നുമുതൽ ലഭിച്ചേക്കും. വൻതാരയിലെ ഡോക്ടർമാരുടെയും വെറ്റ് കെയർഗിവർമാരുടെയും 24 മണിക്കൂർ നിരീക്ഷണത്തിലാണ് 18 മാസം പ്രായമുള്ള മായ. ഡോ.യദുരാജിന്റെ നേതൃത്വത്തിലാണ് ചികിത്സ.
വൻതാരയിലെത്തിയ ശേഷം കൂടുതൽ സജീവമായിട്ടുണ്ട്. നെഞ്ചിലെ അണുബാധയ്‌ക്കും കുറവുണ്ട്. പാൽ മാത്രമാണ് കഴിക്കാൻ കൊടുക്കുന്നത്. കേരളത്തിലെ ഡോക്ടർമാർ നിശ്ചയിച്ച മരുന്നുകൾ ഇന്നലെയും നൽകി. ഇന്നുമുതൽ പുതിയ മരുന്നുകൾ ഉണ്ടായേക്കും. എഴുന്നേൽപ്പിച്ച് നിറുത്തുന്ന കാര്യത്തിലും തീരുമാനമായില്ല. തിരിച്ചും മറിച്ചും കിടത്തുന്നുണ്ട്. അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ.ബിനോയ് സി.ബാബുവും പാപ്പാൻ നിഖിൽബാബുവും ഇവിടെയുണ്ട്.
അത് മായയല്ല, രാജ
വയറ്റിലൂടെ തുണികെട്ടി എഴുന്നേൽപ്പിച്ച് നിറുത്തിയ കുഞ്ഞാനയ്ക്ക് പാവയെ നൽകി കളിപ്പിക്കുന്ന വീഡിയോകൾ മായയുടേതെന്ന രീതിയിൽ സമൂഹമാദ്ധ്യമങ്ങളിൽ കേരളത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് അസാമിലെ ഗോഗാമുഖിൽ ജനിച്ച് പത്താംനാൾ അമ്മയാനയുടെ ചവിട്ടേറ്റ് പിൻകാലിന് ഒടിവുസംഭവിച്ച രാജയെന്ന ആനക്കുട്ടിയാണ്. മതിയായ ചികിത്സ കിട്ടാതെ വിഷമിച്ചപ്പോൾ വൻതാരയിലെ സംഘം ഒക്ടോബർ ആദ്യംമുതൽ അസാമിലെത്തി പരിചരിച്ചു. തുടർച്ചയായി കിടന്ന് ദേഹത്ത് മുറിവുമുണ്ടായിരുന്നെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |